സിപിഎം ആശുപത്രിക്ക് എതിരെ സിപിഎം ബാങ്ക് കോടതിയില്‍; 24 ലക്ഷത്തിൻ്റെ വണ്ടിച്ചെക്ക് നൽകിയെന്ന് പരാതി; കാസര്‍കോട്ടെ പാര്‍ട്ടിയില്‍ വിവാദം
കാസര്‍കോട്: സിപിഎം സഹകരണ ആശുപത്രിക്കെതിരെ പാര്‍ട്ടിയുടെ അധീനതയിലുള്ള സഹകരണ ബാങ്ക് കോടതിയില്‍ എത്തിയ പ്രശ്നം സിപിഎമ്മില്‍ പുകയുന്നു. കാസര്‍കോടാണ് പാര്‍ട്ടി സ്ഥാപനങ്ങള്‍ക്കിടയിലെ തര്‍ക്കം കോടതി കയറിയത്. തേജസ്വിനി സഹകരണ ആശുപത്രിക്ക് തിമിരി സഹകരണബാങ്ക് നല്‍കിയ നിക്ഷേപത്തിന് പലിശ മുടങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ് ചന്ദ്രൻ ചെയർമാനായ ആശുപത്രി ഭരണ സമിതിക്ക് എതിരെ കോടതിയിലെത്തിയത് ബാങ്ക് പ്രസിഡന്റായ വി. രാഘവനാണ്. സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് വി.രാഘവന്‍. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ബാങ്ക് കേസ് നല്‍കിയത്.
അഞ്ച് വര്‍ഷം മുന്‍പ് 2.80 കോടിയാണ് തേജസ്വിനി സഹകരണ ആശുപത്രിക്ക് തിമിരിബാങ്ക് നിക്ഷേപമായി നല്‍കിയത്. സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിക്ഷേപം നല്‍കിയത്. വര്‍ഷാവര്‍ഷം പലിശ നല്‍കേണ്ടതുണ്ട്. ഇക്കഴിഞ്ഞ വർഷങ്ങളിലെല്ലാം ഇത് കൃത്യമായി നൽകിപ്പോന്നു. എന്നാല്‍ ഇത്തവണ നൽകിയ 24,00,600 രൂപയുടെ ചെക്ക് മടങ്ങി. ഇതാണ് നടപടിക്ക് ഇടയാക്കിയത്. ആശുപത്രി നല്‍കിയ ചെക്ക് മൂന്ന് തവണ ക്ലിയറന്‍സിന് നല്‍കിയെങ്കിലും അക്കൗണ്ടില്‍ പണമില്ലാതെ മടങ്ങി. ഇതേതുടർന്നാണ് സെപ്റ്റംബറിൽ ഭരണസമിതി യോഗംചേർന്ന് നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചത്.
പാര്‍ട്ടി വളര്‍ത്തുന്ന ആശുപത്രിയാണ് നീലേശ്വരം തേജസ്വിനി സഹകരണ ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച്. വ്യക്തികളിൽനിന്നും ജില്ലയിലെ സിപിഎം നിയന്ത്രണത്തിലുള്ള ഒട്ടേറെ സഹകരണ സ്ഥാപനങ്ങളിൽനിന്നും ആശുപത്രി സ്ഥിരനിക്ഷേപം വാങ്ങിയിട്ടുണ്ട്. ആശുപത്രി നിലവില്‍ പ്രതിസന്ധിയിലാണെന്നാണ് സൂചന. ആശുപത്രി അക്കൗണ്ടില്‍ പണമില്ലെന്ന സൂചന ബാങ്കിന് കൃത്യമായി ലഭിച്ചിരുന്നു. ഇതോടെയാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.
ബാങ്ക് കോടതിയില്‍ എത്തിയെങ്കിലും ഞങ്ങള്‍ക്ക് സമന്‍സ് ലഭിച്ചിട്ടില്ല- തേജസ്വിനി സഹകരണ ആശുപത്രി ഭരണ സമിതിചെയര്‍മാന്‍ സതീഷ് ചന്ദ്രൻ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “കഴിഞ്ഞ വര്‍ഷത്തെ പലിശ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഒരു വര്‍ഷത്തെ പലിശ കുടിശികയാണ്. നിയമപരമായ നടപടിയാണ് അവര്‍ കൈക്കൊണ്ടത്. പണം നല്‍കി പ്രശ്നം പരിഹരിക്കും”-സതീഷ് ചന്ദ്രന്‍ പറയുന്നു.
ആശുപത്രി പ്രതിസന്ധിയിലായിരിക്കണം. അല്ലെങ്കില്‍ ഞങ്ങളുടെ ചെക്ക് മുടങ്ങില്ലായിരുന്നു -തിമിരി സഹകരണബാങ്ക് പ്രസിഡന്റ് വി.രാഘവന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “പലിശ മുടങ്ങിയാല്‍ ബാങ്കിന് നടപടി സ്വീകരിക്കേണ്ടി വരും. ആ രീതിയിലുള്ള നടപടിയാണ് കൈക്കൊണ്ടത്. എത്രയും പെട്ടെന്ന് പണം നല്‍കാമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. മറ്റുള്ള സഹകരണ സംഘങ്ങള്‍ക്കും അവര്‍ പലിശ നല്‍കാനുണ്ട്. പക്ഷെ ഞങ്ങള്‍ മാത്രമാണ് കോടതിയെ സമീപിച്ചത്” -രാഘവന്‍ പറഞ്ഞു.
ഡിസംബർ 20-നാണ് കോടതി കേസ് പരിഗണിക്കുന്നത്. അതിനിടയില്‍ പ്രശ്നപരിഹാരത്തിനുള്ള ശ്രമമാണ് നടക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here