സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി; ഗോപി മൂന്നാമത്തെ ഇര, ലൈഫ് പദ്ധതിയിലെ വീട് പൂർത്തിയാക്കാൻ പണം ലഭിച്ചില്ല

പാർവതി വിജയൻ
പത്തനംതിട്ട: സർക്കാരിന്റെ ധന പ്രതിസന്ധിയിൽ മറ്റൊരു ഇര കുടി. ലൈഫ് പദ്ധതി പ്രകാരമുള്ള വീട് പൂർത്തിയാക്കാത്തതിൽ മനംനൊന്ത് പത്തനംതിട്ട ഓമല്ലൂരിലെ ഗോപി (70 ) എന്ന ലോട്ടറി കച്ചവടക്കാരൻ ഇക്കഴിഞ്ഞ ദിവസം പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. വീട് പണി എങ്ങും എത്തുന്നില്ലെന്നും ജീവിതത്തിൽ പരാജയപ്പെട്ടെന്നും ആത്മഹത്യാക്കുറുപ്പിൽ പറയുന്നു. മൂന്നാമത്തെ ഗഡു ലഭിക്കാൻ നിരവധി തവണ പഞ്ചായത്ത് ഓഫീസിൽ കയറി ഇറങ്ങിയിരുന്നു. ലൈഫ് പദ്ധതിക്കായുള്ള സർക്കാർ ഫണ്ട് ലഭിക്കാത്തത് കൊണ്ടാണ് പണം നൽകാൻ കഴിയാത്തതെന്ന് ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.
ഓമല്ലൂർ പഞ്ചായത്തിൽ മാത്രം 35 ലൈഫ് ഗുണഭോക്താക്കൾക്ക് പണം ലഭിക്കാനുണ്ട്. എന്ന് പണം ലഭിക്കുമെന്ന് പറയാനും കഴിയുന്നില്ല. ഹഡ്‌കോയിൽ നിന്ന് ലോൺ എടുക്കാൻ അപേക്ഷ നൽകിയിട്ട് അതിലും തീരുമാനമായിട്ടില്ല. സമയത്ത് പണം നൽകാത്തത് കൊണ്ട് ഗുണഭോക്താക്കൾ നിരന്തരം പരാതിയുമായി എത്തുന്നുണ്ടെന്നും ജോൺസൺ വിളവിനാൽ പറഞ്ഞു.
ചോർന്നൊലിക്കുന്ന ഷീറ്റ് ഇട്ട വീട്ടിലാണ് ഗോപി താമസിച്ചിരുന്നത്. പണം ലഭിക്കാത്തത്തിലും വീട് പണി പൂർത്തിയാക്കാൻ സാധിക്കാത്തതിലും കടുത്ത വിഷമം അനുഭവിച്ചിരുന്നതായി മകൾ ബിന്ദു സനൽ മാധ്യമ സിന്ഡിക്കറ്റിനോട് പറഞ്ഞു. വീടിന്റെ സ്ഥിതി മോശമായതിനാൽ സ്ട്രോക്ക് വന്ന് ഒരു വർഷമായി കിടപ്പിലായ ഭാര്യയെ ബിന്ദുവിന്റെ വീട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഭാര്യയെ പുതിയ വീട്ടിലേക്ക് കൊണ്ട് പോകണമെന്ന് അതിയായ ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുനെന്നും മകൾ പറഞ്ഞു.
നെല്ലിന്റെ വില സമയത്ത് തിരിച്ചടക്കുന്നതിൽ സർക്കാർ വരുത്തിയ വീഴ്ച മൂലം ഇന്നലെ ആലപ്പുഴയിൽ കർഷകൻ ആത്മഹത്യ ചെയ്തതിന് തൊട്ട് പിന്നാലെയാണ് ലൈഫ് പദ്ധതിയിലെയും ധന പ്രതിസന്ധി പുറത്തു വരുന്നത്. പണം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ മാസം അമ്പലപ്പുഴയിൽ രാജപ്പൻ എന്ന കർഷകനും ആത്മഹത്യ ചെയ്തിരുന്നു. കുടുംബശ്രീ ജനകീയ ഹോട്ടൽ ജീവനക്കാർക്ക് 41 കോടിയോളം രൂപ കുടിശിക നൽകാത്തതിലും പ്രതിഷേധവും ശക്തമാണ്.
കടുത്ത ധന പ്രതിസന്ധി നേരിടുമ്പോഴും കിട്ടാനുള്ള കോടികൾ പിരിച്ചെടുക്കാൻ സർക്കാർ തയാറാകുന്നുമില്ല. തിരുവനന്തപുരത്ത് നെടുമങ്ങാട് ക്വാറി ഉടമയ്ക്ക് ദേശീയ ഹരിത ട്രൈബ്യുണൽ 41.46 കോടി പിഴ ചുമത്തിയിരുന്നു. അനുവദിച്ചതിൽ കൂടുതൽ പാറ പൊട്ടിച്ചതിന് മൈനിങ് ആൻഡ് ജിയോളജി വിഭാഗം 6.5 കോടി രൂപയും പിഴ ചുമത്തി. എന്നാൽ ഒരു വർഷമായിട്ട് ഇതുവരെ ചില്ലി കാശുപോലും ഈടാക്കിയിട്ടില്ല. ഇതിനെല്ലാം പുറമെയാണ് കോടികൾ ചിലവിട്ട് കേരളീയം നടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here