ജപ്തിചെയ്ത് ലേലത്തിൽവിറ്റ ഭൂമിയുടെ അവകാശത്തിനായി ബാങ്ക് കോടതിയിലേക്ക്; ഒഴിപ്പിക്കാൻ നിർവാഹമില്ലെന്ന് തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്; ‘ലേലത്തില്‍ പിടിച്ചവർക്ക് നീതി ലഭ്യമാക്കാൻ നടപടിയെടുക്കും’

പത്തനംതിട്ട: തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് ഭൂമി ലേലത്തിലെടുത്ത വയോധിക രാധാമണിയുടെ ദുരിതത്തിന് ഉടന്‍ പരിഹാരം കാണുമെന്ന് പ്രസിഡന്റ് ഡോ.ജേക്കബ് ജോര്‍ജ്. ആദ്യയുടമയായ 85കാരനും ഭാര്യയുമാണ് നിലവിൽ താമസിക്കുന്നത് എന്നതിനാലാണ് ഒഴിപ്പിക്കാൻ കഴിയാത്തത്. അവരെ അവിടെ നിന്ന് മാറ്റാന്‍ കോടതിയുടെ ഇടപെടല്‍ തേടും. തിങ്കളാഴ്ച തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും ബാങ്ക് പ്രസിഡന്റ് ജേക്കബ് ജോര്‍ജ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ലേലത്തിൽ പിടിച്ച ഭൂമിയുടെ അവകാശം കൈമാറാതെ ബാങ്ക് കഷ്ടപ്പെടുത്തുന്നുവെന്ന ടി.കെ.രാധാമണിയുടെ പരാതി മാധ്യമ സിൻഡിക്കറ്റ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ബാങ്കിൻ്റെ പ്രതികരണം വന്നത്.

ഭൂമി ഈട് നല്‍കി ബാങ്കില്‍ നിന്നും വായ്പയെടുത്ത വിജയനും ആ ഭൂമി ലേലത്തില്‍ പിടിച്ച രാധാമണിയും ബന്ധുക്കളാണ്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ട്. അതും ഭൂമി കൈമാറുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കി. ഭൂമി രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത് ലേലത്തില്‍ പിടിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. രജിസ്‌ട്രേഷന്‍ ഫീസടക്കം അടയ്‌ക്കേണ്ടതും അവരാണ്. എന്നാല്‍ ഇക്കാര്യങ്ങളിൽ വീഴ്ചയുണ്ടായി. ഇതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് ബാങ്ക് പ്രസിഡന്റ് വിശദീകരിക്കുന്നു.

ജപ്തിചെയ്ത് ലേലത്തിൽവിറ്റ ഭൂമിയിൽ താമസം തുടരുന്ന വിജയനെയും ഭാര്യയെയും അടുത്തുതന്നെ താമസിക്കുന്ന മകൻ്റെ വീട്ടിലേക്ക് മാറ്റിത്താമസിപ്പിക്കാൻ ബാങ്ക് ശ്രമിച്ചതാണ്. പലവട്ടം ചര്‍ച്ചകളും നടത്തി. എന്നാല്‍ വഴങ്ങാന്‍ വിജയന്‍ തയാറായില്ല. അതിനാല്‍ പോലീസിന് രണ്ട് തവണ പരാതി നല്‍കി. എന്നാല്‍ 85 വയസുകാരനെയും ഭാര്യയേയും വീട്ടില്‍ നിന്ന് ഇറക്കി വിട്ടാല്‍ അത് വിവാദമാകുമെന്നാണ് പോലീസിൻ്റെ നിലപാട്. കോടതി നിര്‍ദ്ദേശമുണ്ടായാല്‍ മാത്രമേ ഇടപെടാന്‍ കഴിയൂവെന്നും അവരറിയിച്ചു. അതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. കീഴ്‌ക്കോടതിയെ സമീപിക്കാന്‍ ഉത്തരവുണ്ടായാല്‍, സമയബന്ധിതമായി തീരുമാനം ഉണ്ടാക്കണമെന്ന് ഹൈക്കോടതിയോട് പ്രത്യേകം ആവശ്യപ്പെടുമെന്നും ജേക്കബ് ജോര്‍ജ് വ്യക്തമാക്കുന്നു.

ലേലത്തില്‍ പിടിച്ച എട്ട് സെന്റ് ഭൂമി രജിസ്റ്റര്‍ ചെയ്തുകിട്ടാത്ത ടി.കെ.രാധാമണിയുടെ ദുരിതം കഴിഞ്ഞ ദിവസമാണ് മാധ്യമ സിന്‍ഡിക്കറ്റ് വാര്‍ത്തയാക്കിയത്. 12 ലക്ഷത്തോളം രൂപ മുടക്കി പിടിച്ച ഭൂമിക്കായി ഈ അറുപത്തിയേഴുകാരി മാസങ്ങളായി ബാങ്കിലും കോടതിയിലും കയറിയിറങ്ങുകയാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25നാണ് ലേലം നടന്നത്. ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂലൈയിൽ രാധാമണിയുടെ ഭര്‍ത്താവ് മരിച്ചു. ഇതോടെ ഭാര്‍ത്താവിന്റെ ചികിത്സയ്ക്കും മറ്റുമായി വാങ്ങിയ കടം തീര്‍ക്കാനും വഴിയില്ലാതെ നട്ടംതിരിയുകയാണ് ഈ വിധവ. നട്ടെല്ലിന് തേയ്മാനം മൂലം നടക്കാന്‍ പോലും ബുദ്ധിമുട്ടുന്ന ഈ വയോധിക ഭൂമിക്കായി കയറിയിറങ്ങാത്ത ഓഫീസുകളില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top