റീല്‍സ് താരങ്ങള്‍ക്ക് ആശ്വാസം; നടപടിയില്ലെന്ന് മന്ത്രി; ‘സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ’

പത്തനംതിട്ട: തിരുവല്ല നഗരസഭ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ലെന്ന് തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ്. തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ മേധാവിയില്‍ നിന്നും നഗരസഭാ സെക്രട്ടറിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഞായറാഴ്ച ദിവസത്തിലാണ് റീല്‍സ് എടുത്തത്. കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ വേണ്ടി ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമാണ് അവധിദിനത്തിലും ജീവനക്കാരെത്തിയത്. ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയാണ് റീല്‍സ് ചിത്രീകരിച്ചത് എന്ന്, ലഭിച്ച വിവരങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും എം.ബി. രാജേഷ് അറിയിച്ചു.

ജീവനക്കാരുടെ എല്ലാ സര്‍ഗാത്മക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ട്. പക്ഷേ, ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കാതെയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കാതെയും മാത്രമായിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. ജോലിക്ക് തടസം വരുന്ന രീതിയില്‍ ആഘോഷപരിപാടികളൊന്നും ഓഫീസുകളില്‍ സംഘടിപ്പിക്കരുതെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ നിഷ്‌കര്‍ഷിച്ചിട്ടുള്ളതാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘പൂവെ പൂവെ പാലപ്പൂവെ’ എന്ന പാട്ടിനൊപ്പമായിരുന്നു ജീവനക്കാരുടെ പ്രകടനം. ഇവര്‍ ഓഫീസിനകത്തു വച്ച് പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതാണ് റീലിലുള്ളത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട മുന്‍സിപ്പല്‍ സെക്രട്ടറിയാണ് ജീവനക്കാരോട് വിശദീകരണം തേടിയത്. അതേസമയം, ദേവദൂതന്‍ റീറിലീസിനൊരുങ്ങുമ്പോള്‍ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രമോഷനുകളില്‍ ഒന്നാണിത്. റീലിന് പിന്നിലെ ജീവനക്കാരെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തര്‍ നേരില്‍ കണ്ട് അഭിനന്ദിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

2000ല്‍ പുറത്തിറങ്ങിയ ചിത്രം തിയറ്ററില്‍ പരാജയപ്പെട്ടെങ്കിലും ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം ഈ സിനിമയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കള്‍ട്ട് ക്ലാസിക് എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്തന്. എന്നാല്‍ എന്നാണ് ചിത്രം വീണ്ടും തിയറ്ററില്‍ എത്തുന്നത് എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. വിശാല്‍ കൃഷ്ണമൂര്‍ത്തി എന്ന നാടകപ്രവര്‍ത്തകനായി മോഹന്‍ലാല്‍ എത്തിയ ദേവദൂതന്‍ ഒരു ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ ആയിരുന്നു. ജനാര്‍ദ്ദനന്‍, ജഗതി, ജഗദീഷ്, ജയപ്രദ, വിനീത് കുമാര്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് വിദ്യാസാഗര്‍ ആണ്. അന്നും ഇന്നും ചിത്രത്തിലെ പാട്ടുകള്‍ സംഗീത പ്രേമികളുടെ പ്ലേ ലിസ്റ്റില്‍ മുന്‍പന്തിയിലാണ്. ദേവദൂതന്‍ റി മാസ്റ്റേര്‍ഡ് ഫോര്‍ കെ അറ്റ്മോസ് പതിപ്പ് തയാറാകുന്നതിന്റെ പണിപ്പുരയിലാണ് താനെന്ന് സംവിധായകന്‍ സിബി മലയില്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ദേവദൂതന്റെ തിരക്കഥ രഘുനാഥ് പലേരിയുടെതാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top