പൂര നടത്തിപ്പിന് നിയമം കൊണ്ടുവരണം; പോലീസ് കമ്മിഷണർ ചടങ്ങുകള്‍ അലങ്കോലമാക്കി; മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും തിരുവമ്പാടി ദേവസ്വം
തൃശൂര്‍: പൂര നടത്തിപ്പിന് പ്രത്യേക നിയമം വേണമെന്ന ആവശ്യവുമായി തിരുവമ്പാടി ദേവസ്വം. ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമസഭ നിയമം പാസാക്കണമെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദര്‍ മേനോന്‍ ആവശ്യപ്പെട്ടു. പൂരത്തിന്റെ നല്ല രീതിയിലുള്ള നടത്തിപ്പിന് ഇത് അത്യാവശ്യമാണ്. വിവിധ യോഗങ്ങള്‍ വിളിച്ച് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചാണ് പൂരം നടത്തുന്നത്. ഇതുമൂലം ചിട്ടപ്പെടുത്തിയ പൂരക്രമം മാറ്റാന്‍ നിര്‍ബന്ധിതരാവുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഈ വര്‍ഷത്തിലെ പൂര ചടങ്ങുകള്‍ കമ്മിഷണര്‍ അങ്കിത് അശോകന്‍ അലങ്കോലമാക്കി. ചരിത്രത്തിലാദ്യമായി പകല്‍ വെലിച്ചത്തില്‍ വെടിക്കെട്ട് നടത്തേണ്ടി വന്നു. ഇതില്‍ കമ്മീഷണര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം. ഒരു ഹോം വര്‍ക്കും നടത്താതെ സ്വന്തം നിലയ്ക്ക് കമ്മിഷണര്‍ കാര്യങ്ങള്‍ ചെയ്തു. കമ്മിഷണറുടെ ജീവിതത്തിലെ കറുത്ത അധ്യായമാണിത്. ഗുണ്ടാ, പൊലീസ് രാജായിരുന്നു പൂരപ്പറമ്പില്‍ നടന്നത്. നടുവിലാല്‍ മുതല്‍ ശ്രീമൂലസ്ഥാനം വരെ ചാര്‍ജുള്ള ഒരു ഡിവൈഎസ്പി അപമര്യാദയായി പെരുമാറി. വടക്കുന്നാഥന് മുന്നിലെ ദീപസ്തംഭം കത്തിക്കുന്നത് തടഞ്ഞതായും തിരുവമ്പാടി ദേവസ്വം ആരോപിച്ചു.
ജനങ്ങളെ അകറ്റി നിര്‍ത്തുന്നത് ശരിയല്ല. അതിനാലാണ് പൂരാസ്വാദനത്തിന് അവസരം ഒരുക്കണം എന്ന് ആവശ്യപ്പെട്ട്ത്. എന്നാല്‍ കമ്മിഷണറുടെ നിര്‍ദ്ദേശം പാലിച്ചേ പറ്റൂ എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. അതിനാലാണ് മഠത്തിലെ വരവ് നിര്‍ത്തി പന്തലണച്ച് പ്രതിഷേധിച്ചത്. കുടമാറ്റ സമയത്ത് സ്‌പെഷ്യല്‍ കുടകള്‍ കൊണ്ട് വരാന്‍ അനുവദിക്കാതിരിക്കുക, പട്ട കൊണ്ടുവരാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ നടപടികളുമായി കമ്മിഷണര്‍ തന്നെ രംഗത്തുണ്ടായിരുന്നു. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here