മൂന്ന് ലക്ഷം അടയ്ക്കാതെ വൈദ്യുതി പുനസ്ഥാപിക്കില്ലെന്ന് കെഎസ്ഇബി; തിരുവമ്പാടി പ്രശ്നം പുകയുന്നു
കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ഇബി ഓഫീസ് ആക്രമിച്ച സംഭവത്തില്‍ വീട്ടിലെ വൈദ്യുതി ബന്ധം കെഎസ്ഇബി പുനസ്ഥാപിച്ചില്ല. മൂന്നു ലക്ഷം രൂപ നഷ്ടം വന്നതിനാല്‍ ഈ തുക അടച്ചശേഷം മാത്രമേ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുകയുള്ളൂ എന്നാണ് കെഎസ്ഇബി നിലപാട്. എന്നാല്‍ ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
കുടിശിക അടയ്ക്കാത്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് കെഎസ്ഇബി അജ്മലിന്റെ വീട്ടിലെ കണക്ഷന്‍ കട്ട് ചെയ്തു. പണം അടച്ചിട്ടും കണക്ഷന്‍ പുന:സ്ഥാപിച്ചില്ലെന്ന് വീട്ടുകാര്‍ ആരോപിച്ചു. തുടര്‍ന്ന് ഇവര്‍ കെഎസ്ഇബി ഓഫീസിലെത്തി തര്‍ക്കിച്ചപ്പോഴാണ് സംഘര്‍ഷമുണ്ടായത്.
യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം മുന്‍ പ്രസിഡന്റ് അജ്മലും സഹോദരന്‍ ഷഹദാദുമാണ് കെഎസ്ഇബി ഓഫീസിലെത്തി കമ്പ്യൂട്ടര്‍ ഉള്‍പ്പെടെ തല്ലി തകര്‍ത്തത്. ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതില്‍ മൂന്നു ലക്ഷം നഷ്ടം വന്നു എന്നാണ് കെഎസ്ഇബി നിലപാട്. ഇത് നികത്തിയാല്‍ വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കുന്നത് പരിഗണിക്കാമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇന്നലെയാണ് അതിക്രമമുണ്ടായത്.മര്‍ദ്ദനമേറ്റ അസിസ്റ്റന്റ് എഞ്ചിനീയറും നാല് ജീവനക്കാരും മുക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
വൈദ്യുതി കണക്‌ഷൻ വിച്ഛേദിച്ചതിൽ പ്രതിഷേധവുമായി പ്രതികളുടെ മാതാപിതാക്കൾ രാത്രി വൈദ്യുതിഓഫീസ് പടിക്കൽ കുത്തിയിരിപ്പുസമരം നടത്തി. ഉള്ളാട്ടിൽ അബ്ദുൽ റസാഖ് (62), മറിയം (55) എന്നിവരാണ് സമരം നടത്തിയത്. മണിക്കൂറുകളോളം സമരം തുടർന്നു. ഒടുവിൽ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞുവീണ റസാഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here