ഒറ്റക്ക് താമസിക്കുന്ന മുതിർന്നവരെ നിരീക്ഷിക്കാൻ തിരുവനന്തപുരം സിറ്റി പോലീസ്; കണക്കെടുക്കാൻ കമ്മിഷണറുടെ നിർദേശം
എം.മനോജ് കുമാര്‍
തിരുവനന്തപുരം: ഒറ്റക്ക് താമസിക്കുന്നവർക്ക് സുഖമില്ലാതാകുകയും, ആരോരുമറിയാതെ മരണം സംഭവിക്കുകയും, എന്നിട്ടും ദിവസങ്ങളോളം പുറത്തറിയാതെ പോകുകയും ചെയ്യുന്നത് അടിക്കടി റിപ്പോർട്ട് ചെയ്യുന്നതിന് പരിഹാരമാണ് തിരുവനന്തപുരം സിറ്റി പോലീസിൻ്റെ പ്രശാന്തി പദ്ധതി. നഗരത്തിലെ മുതിര്‍ന്ന പൗരന്മാരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയുകയും അവരെ പോലീസിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാക്കുകയും ചെയ്യും. വീടുകളില്‍ ഒറ്റയ്ക്കുള്ള മുതിര്‍ന്നവര്‍ ഇനി അങ്ങനെയല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. എപ്പോഴും ഏറ്റവും മികച്ച ശ്രദ്ധയും സഹായവും ലഭ്യമാകും.
നഗരത്തിലെ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മുതിര്‍ന്നവരുടെ കണക്കെടുക്കാനും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി റിപ്പോര്‍ട്ട് നല്‍കാനും സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു സ്റ്റേഷനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ മാസവും ലിസ്റ്റ് പുതുക്കാനും പുതിയ വിവരങ്ങള്‍ ചേര്‍ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നതിനുമായി ഒരു ടീമിനെ പ്രത്യേകമായി സജ്ജീകരിച്ചിട്ടുമുണ്ട്. ജനമൈത്രി പദ്ധതിയുടെ വിപുലീകരിച്ച രൂപമായാണ് പ്രശാന്തി നടപ്പിലാക്കുന്നത്.
ആരോഗ്യമുള്ള മുതിര്‍ന്നവരെ കണ്ടെത്തി ആദ്യം പദ്ധതിയുടെ വോളണ്ടിയർമാരാക്കും. മുതിര്‍ന്നവരുടെ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ ഇവര്‍ക്കറിയാം. ഇവരെ എ ക്യാറ്റഗറിയിൽ പെടുത്തും. ഇവരിലൂടെ ബി എന്ന ബെഡ്റിഡൻ, അഥവാ കിടപ്പുരോഗികളുടെ ക്യാറ്റഗറിയിൽ പെടുത്തേണ്ടവരെ തിരിച്ചറിയും. അടുത്തത് സി ക്യാറ്റഗറിയാണ്; പ്രായത്തിന്റെ അവശതകള്‍ ഉണ്ടെങ്കിലും സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരാണ് ഇവർ.
‘ജനമൈത്രി ബീറ്റ് ഓഫീസർമാർ അതാത് ഇടങ്ങളിലുള്ള എ ക്യാറ്റഗറിയിലുള്ളവരുമായി ബന്ധപ്പെടും. അവരുമായി ചേര്‍ന്ന് ബി, സി ക്യാറ്റഗറിക്കാരുടെ ക്ഷേമവും നിലവിലെ അവസ്ഥയും തിരക്കും. ഓരോ ആഴ്ചയും പോലീസ് ഇത് സംബന്ധമായി റിപ്പോര്‍ട്ട് അയക്കും. ഇവരുടെ രജിസ്റ്റര്‍ അതാത് പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിക്കും. ഓരോമാസവും പുതിയ വിവരങ്ങള്‍ ഇതില്‍ ചേര്‍ക്കുകയും ചെയ്യും-തിരുവനന്തപുരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നിതിന്‍രാജ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ പദ്ധതി സഹായിക്കും. മുതിര്‍ന്ന പൗരന്മാരെക്കുറിച്ചും നഗരത്തിലെ പ്രശ്നങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചുകൊണ്ടിരിക്കും. പ്രശാന്തി വളന്റിയര്‍മാര്‍ കൂടെക്കൂടെ എത്തുന്നതോടെ ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്നവരില്‍ അവർ ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ടാക്കാന്‍ കഴിയും. ഇത് പ്രശാന്തിയുടെ ഗുണങ്ങളിലൊന്നാണ്-നിതിന്‍രാജ് പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here