മകളെ ശല്യം ചെയ്യരുതെന്ന് വിലക്കി; കാട്ടാക്കടയില്‍ ഗൃഹനാഥനെ പാമ്പിനെകൊണ്ട് കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഗൃഹനാഥനെ പാമ്പിനെക്കൊണ്ട് കൊലപ്പെടുത്താന്‍ ശ്രമം. അമ്പലത്തിൻകാല സ്വദേശി രാജേന്ദ്രന് നേരെയാണ് വധശ്രമമുണ്ടായത്. സംഭവത്തില്‍ പ്രതിയായ കോടന്നൂർ സ്വദേശി എസ്കെ സദനത്തിൽ കിച്ചു (30) എന്ന ഗുണ്ട് റാവുവിനെ കാട്ടാക്കട പൊലീസ് പിടികൂടി. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. പുലർച്ചെ മൂന്നരയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി രാജേന്ദ്രന്റെ മുറിയിലേക്ക് പാമ്പിനെ ഏറിയുകയായിരുന്നു. ശബ്ദം കേട്ടുണർന്ന വീട്ടുകാർ പാമ്പിനെ തല്ലിക്കൊന്നു. സംഭവസ്ഥലത്ത് നിന്ന് ബെെക്ക് ഉപേക്ഷിച്ച് പോയ പ്രതിയെ ബെെക്കിന്റെ നമ്പറിലൂടെയാണ് കണ്ടെത്തിയത്.
രാജേന്ദ്രന്റെ മകളെ കിച്ചു നിരന്തരം ശല്ല്യപ്പെടുത്തിയിരുന്നു. ഇത് വിലക്കിയതിന് പ്രതികാരമായാണ് പ്രതി കൊലപാതകത്തിന് പദ്ധതിയിട്ടത്. അതേസമയം, ഏത് വിഭാഗത്തില്‍പ്പെട്ട പാമ്പിനെയാണ് പ്രതി ഉപയോഗിച്ചതെന്ന് തിരിച്ചറിയാന്‍ പാലോട് മൃഗാശുപത്രിയിൽ പരിശോധനയ്ക്ക് അയക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here