മാനവീയം വീഥി വീണ്ടും ചോരക്കളം; ഇന്നലെ കുത്തേറ്റത് ചെമ്പഴന്തി സ്വദേശിക്ക്; ആദ്യ നൈറ്റ് ലൈഫ് സെന്‍റര്‍ പോലീസിനും ജനത്തിനും ഒരു പോലെ തലവേദനയാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ നൈറ്റ് ലൈഫ് സെന്‍ററായ മാനവീയം വീഥി നിരന്തര സംഘര്‍ഷത്തിന്റെ വീഥിയാകുന്നു. ഇന്നലെയും മാനവീയം വീഥിയില്‍ ചോര വീണു. രണ്ട് സംഘങ്ങള്‍ തമ്മിലുള്ള പോരാണ് അര്‍ദ്ധരാത്രിയില്‍ കത്തിവീശലില്‍ അവസാനിച്ചത്. ചെമ്പഴന്തി സ്വദേശിയായ ധനു കൃഷ്ണനാണ് കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റത്. ആക്രമണം നടത്തിയ ഷെമീറിനേയും ഒപ്പമുള്ള പെണ്‍കുട്ടിയേയും മ്യൂസിയം പോലീസ് കസ്റ്റഡിയില്‍ എടുത്തു. ധനുകൃഷ്ണന് വെട്ടേറ്റ സംഭവത്തില്‍ ഷമീറിനെ ഒന്നാം പ്രതിയാക്കിയും ഒപ്പമുണ്ടായിരുന്നവരെ രണ്ടും മൂന്നും പ്രതികളാക്കിയും മ്യൂസിയം പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഐപിസി 294 (b), 323, 324, 307, 506, 341 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
സംഭവത്തെക്കുറിച്ച് മ്യൂസിയം പോലീസ് പറഞ്ഞത് ഇങ്ങനെ: വെട്ടേറ്റ ധനു കൃഷ്ണയും കുടുംബവും രാത്രി മാനവീയം വീഥിയില്‍ നില്‍ക്കുമ്പോള്‍ ഇവരുടെ കൂടെയുള്ള പെണ്‍കുട്ടിക്ക് നേരെ ഷമീര്‍ മോശമായ ആംഗ്യം കാട്ടി. ഇത് ഗോകുലും ധനുകൃഷ്ണയും ചോദ്യം ചെയ്തു. ഷമീറും ഒപ്പമുള്ളവരും ഇവരെ പിടിച്ചുതള്ളി. വാക്കേറ്റം മൂത്തപ്പോള്‍ ഷമീര്‍ കത്തിയെടുത്ത് ധനുകൃഷ്ണയുടെ കഴുത്തിന് കുത്തുകയായിരുന്നു.
വെട്ടുകൊണ്ട ധനുകൃഷ്ണയും വെട്ടിയ ഷമീറുമൊക്കെ കേസുകളില്‍ പ്രതിയാണ്. ഷമീര്‍ ഉള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് ഭീഷണിയുണ്ട്. കഴിഞ്ഞയാഴ്ച ഷമീറിന് നേരെ ഭീഷണി വന്നിരുന്നു. അതിനാല്‍ ഷമീര്‍ ഒപ്പം കത്തി കരുതിയിരുന്നു. ഈ കത്തിയാണ് ധനുകൃഷ്ണയ്ക്ക് നേരെ പ്രായോഗിച്ചത്. കുത്തുകൊണ്ട ധനു കൃഷ്ണ ആയുധം കൈവശം വെച്ച കേസില്‍ പ്രതിയാണ്. കഴക്കൂട്ടം പോലീസാണ് ഈ കേസ് എടുത്തത്.
മാനവീയം വീഥിയില്‍ നൈറ്റ് ലൈഫ് തുടങ്ങിയതോടെ ലഹരി സംഘങ്ങള്‍ താവളമാക്കുന്നെന്ന പരാതി നേരത്തെ തന്നെയുണ്ട്. നിരവധി സംഘര്‍ഷങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ പൂന്തുറ സ്വദേശിയായ ഒരു യുവാവിനെ ഒരു സംഘം യുവാക്കൾ ചേർന്ന് നിലത്തിട്ട് മർദിച്ചത് വലിയ വാർത്തയായിരുന്നു. ഡിസംബറിലും ഇവിടെ സംഘർഷം നടന്നു. ക്രിസ്തുമസ് ആഘോഷിക്കാൻ രാത്രി 12 ഓടെ എത്തിയ യുവാക്കളിൽ ചിലർ വാഹനം തടഞ്ഞു. സ്ഥലത്തെത്തിയ പോലീസുകാരെ യുവാക്കൾ കയ്യേറ്റം റ്റം ചെയ്തു. സംഘർഷത്തിൽ എഎസ്ഐ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. അതിന്റെ തുടര്‍ച്ചയായ സംഘര്‍ഷം തന്നെയാണ് ഇപ്പോഴും നടക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ പോലീസുകാര്‍ ഇവിടെ കുറവാണ്. രാത്രി 12 മണിക്കുശേഷം ഇവിടെനിന്നു പിരിഞ്ഞു പോകണമെന്നു നിര്‍ദ്ദേശമുണ്ടെങ്കിലും ഒത്തുകൂടുന്നവര്‍ അതിന് തയ്യാറാകുന്നില്ല. ഇതും പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here