പൂജപ്പുര നിർഭയയിൽ നിന്ന് മുങ്ങിയത് പോക്സോ ഇരകൾ; കാരണം വ്യക്തമാക്കാതെ പെണ്‍കുട്ടികള്‍; സുരക്ഷാവീഴ്ച ഗുരുതരം

പൂജപ്പുര നിര്‍ഭയ ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ ചാടിപ്പോയതില്‍ തികഞ്ഞ ആശയക്കുഴപ്പം. മുങ്ങിയ മൂന്നു കുട്ടികളില്‍ ഒരാളുടെ ബന്ധുവീടായ പാലോട് നിന്നാണ് കുട്ടികളെ പോലീസ് കണ്ടെത്തിയത്. സ്ഥാപനത്തിലെ ഓണാഘോഷത്തിന്റെ മറവിലാണ് കുട്ടികള്‍ മുങ്ങിയത്. ആരും കാണാതെ ഗേറ്റ് കടന്നു പോകാനും പാലോട് വരെ എത്താനുമൊക്കെ കുട്ടികള്‍ക്ക് കഴിഞ്ഞത് നിര്‍ഭയ നടത്തിപ്പിലെ ഗുരുതര സുരക്ഷാ വീഴ്ചകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുങ്ങിയ കുട്ടികളില്‍ രണ്ടുപേരും പോക്സോ കേസിലെ അതിജീവിതകളാണ്. ഇതും ഈ ഒളിച്ചോടലിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

എന്തുകൊണ്ടാണ് നിര്‍ഭയയില്‍ നിന്നും ഓടിപ്പോയത് എന്നത് കുട്ടികള്‍ പൂജപ്പുര പോലീസിനോട് വെളിപ്പെടുത്തിയില്ല. വിവരങ്ങള്‍ അന്വേഷിച്ച ശേഷം നിര്‍ഭയ അധികൃതര്‍ക്ക് കുട്ടികളെ കൈമാറുകയാണ് പൂജപ്പുര പോലീസ് ചെയ്തത്. പാലോട്, നഗരൂര്‍, ആലപ്പുഴ സ്വദേശികളായ മൂന്ന് പെണ്‍കുട്ടികളെയാണ് ഞായര്‍ പുലര്‍ച്ചെ കാണാതായത്. പോക്സോ കേസിലെ അതിജീവിതകളേയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്ന മറ്റൊരു കുട്ടിയേയുമാണ്‌ കാണാതായത്.

പൂജപ്പുര പോലീസ് സത്വര അന്വേഷണവുമായി ഇറങ്ങിയതോടെ കുട്ടികളെ ഉടന്‍ തന്നെ കണ്ടെത്തി. ഇവരിൽ ഒരാളുടെ പാലോടുള്ള ബന്ധുവീട്ടിലേക്കാണ് കുട്ടികള്‍ പോയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ നടന്നും ഓട്ടോ പിടിച്ചുമാണ് കുട്ടികള്‍ പാലോട് എത്തിയത്. കുട്ടികളെ കണ്ട് അമ്പരന്ന വീട്ടുകാര്‍ അവരെ വീട്ടില്‍ ഇരുത്തുകയും ഓട്ടോയ്ക്ക് പണം നല്‍കുകയും ചെയ്തു. പാലോടുള്ള വാര്‍ഡ്‌ കൗണ്‍സിലറാണ് പോലീസില്‍ വിവരം അറിയിച്ചത്. ഇതോടെ പൂജപ്പുര പോലീസ് എത്തിയാണ് ഇവരെ തിരികെ എത്തിച്ചത്.

കുട്ടികള്‍ നിര്‍ഭയ ഹോമില്‍ നിന്നും ഒളിച്ചോടുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്താണ് കാരണം എന്ന് അന്വേഷിക്കുന്നുണ്ട്. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയിട്ടുണ്ട്. – നിര്‍ഭയ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ശ്രീല മേനോന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “കുട്ടികളെ വീട്ടില്‍ എത്തിക്കാന്‍ തന്നെയാണ് താത്പര്യം. പക്ഷെ അതിനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നില്ല. അതുകൊണ്ടാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടികളെ നിര്‍ഭയയിലേക്ക് മാറ്റുന്നത്.” – ശ്രീല മേനോന്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോകുമ്പോള്‍ അവിടെ സുരക്ഷാ ജീവനക്കാരന്‍ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് ഓടിപ്പോയതെന്ന് കുട്ടികള്‍ പറഞ്ഞിട്ടില്ല. പൂജപ്പുര പോലീസ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “സെക്യൂരിറ്റി ആ സമയത്ത് ഉണ്ടായിരുന്നില്ല. അതിനാല്‍ കുട്ടികള്‍ക്ക് ഇറങ്ങിപ്പോകാന്‍ കഴിഞ്ഞു. ഞങ്ങള്‍ ഇവരുടെ ബന്ധുവീട് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. ഇത്തരം സംഭവങ്ങള്‍ പൂജപ്പുര നിര്‍ഭയയില്‍ ആവര്‍ത്തിക്കുന്നുണ്ട്.” – പോലീസ് പറഞ്ഞു.

നിര്‍ഭയ എന്‍ട്രി ഹോമുകള്‍ ആയി മാറുകയും ഇവയുടെ ചുമതല സര്‍ക്കാരിനു കീഴിലുള്ള മഹിളാ സമഖ്യ സൊസൈറ്റികളില്‍ നിന്നും മാറ്റി എന്‍ജിഒകള്‍ക്ക് കൈമാറുകയും ചെയ്തതോടെയാണ് നിര്‍ഭയ ഹോമുകളില്‍ താളപ്പിഴകള്‍ തുടങ്ങിയത്. നമസ്തെ വിങ്ങ്സ് ടു ഫ്ലൈ എന്ന എന്‍ജിഒയാണ് പൂജപ്പുര നിര്‍ഭയ ഹോമിന്റെ ചുമതല.

2021 മുതല്‍ ഒരൊറ്റ സെക്യൂരിറ്റി ജീവനക്കാരനാണ് നിര്‍ഭയകളില്‍ ഉള്ളത്. ആ സെക്യൂരിറ്റി പകല്‍ വേണോ രാത്രി വേണോ എന്ന് അതാത് നിര്‍ഭയ ഹോമുകള്‍ക്ക് തീരുമാനിക്കാം എന്നതാണ് നിലവിലെ അവസ്ഥ. ഇത് തന്നെ കുട്ടികള്‍ക്ക് ഒളിച്ചോടാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ്. പോക്സോ കേസിലെ അതിജീവിതകളാണ് ഇവിടുത്തെ അന്തേവാസികളില്‍ മിക്കവരും എന്ന് വരുമ്പോള്‍ നടത്തിപ്പിലെ ഗുരുതര പാകപ്പിഴകളാണ് പുറത്തുവരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top