നാലാം ദിവസവും തലസ്ഥാനത്ത് കുടിവെള്ളമില്ല; തിങ്കളാഴ്ച സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് കോര്‍പറേഷന്‍
തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ളം മുടങ്ങിയത് പുനസ്ഥാപിക്കാന്‍ കഴിയാത്തതോടെ നഗരപരിധിയിലെ സ്കൂളുകള്‍ക്ക് കോര്‍പറേഷന്‍ അവധി പ്രഖ്യാപിച്ചു. പൈപ്പ് ലൈന്‍ മാറ്റുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് പമ്പിങ് മുടങ്ങിയത്. ജോലികള്‍ തുടരുകയാണ്. പമ്പിങ് തുടങ്ങാൻ സാധിക്കാതെ വന്നതോടെ കുടിവെള്ളമില്ലാതെ നരകിക്കുന്ന അവസ്ഥയാണ് നഗരത്തിലുള്ളത്. നാല് ദിവസമായി കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. 44 വാർഡുകളിലും ഇതാണ് അവസ്ഥ.
ഇന്ന് വൈകീട്ട് കുടിവെള്ളം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രഖ്യാപിച്ചിരുന്നു. ഇതും നടപ്പിലായില്ല. കുടിവെള്ള പ്രശ്നം പരിഹരിക്കാത്തതു കുറ്റകരമായ അനാസ്ഥയാണെന്ന് വി.കെ.പ്രശാന്ത് എംഎൽഎ പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. മന്ത്രി ശിവന്‍കുട്ടിയും ആന്റണി രാജു എംഎല്‍എയും വിമര്‍ശനവുമായി രംഗത്തുണ്ട്.
സമയപരിധിക്കുള്ളിൽ ജലവിതരണം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ പകരം സംവിധാനം ഒരുക്കാതിരുന്നത് എന്തെന്നാണ് ശിവൻകുട്ടി അവലോകന യോഗത്തിൽ ചോദിച്ചത്. ഇതിന് ഉദ്യോഗസ്ഥര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. കുറ്റകരമായ അനാസ്ഥ ജല അതോറിറ്റിയുടെ ഭാഗത്ത് നിന്നും വന്നു എന്നാണ് ആന്റണി രാജു കുറ്റപ്പെടുത്തിയത്.
പൈപ്പുകളുടെ അലൈൻമെന്റ് തെറ്റിയതോടെയാണു പമ്പിങ് മുടങ്ങിയെന്നാണു ജല അതോറിറ്റിയുടെ വിശദീകരണം. വെള്ളം ആവശ്യമുള്ള സ്ഥലങ്ങളിൽ വാർഡ് കൗൺസിലർ മുഖേന അസിസ്റ്റന്റ് എൻജിനീയർമാരെ ബന്ധപ്പെട്ട് ടാങ്കർ വഴി വെള്ളം ആവശ്യപ്പെടാമെന്ന് അതോറിറ്റി അറിയിച്ചു.
റെയിൽവേ ട്രാക്കിന് അടിയിലൂടെ പോകുന്ന 500 എംഎം, 700 എംഎം പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുകയാണ്. അതിനുവേണ്ടി 5, 6 തീയതികളിൽ പമ്പിങ് നിർത്തും എന്നായിരുന്നു അറിയിപ്പ്. എന്നാൽ പറഞ്ഞ സമയത്ത് പണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. കുടിവെള്ളവും മുടങ്ങി. ടാങ്കറിന് 1500 മുതൽ 2000 രൂപ വരെ നല്‍കിയാണ് ആളുകള്‍ വെള്ളം വാങ്ങിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here