കരിങ്കുന്നത്തിറങ്ങിയ പുലി തൊടുപുഴ ടൗൺ പ്രദേശത്തേക്ക് കടന്നു; പിടികൂടാൻ വനംവകുപ്പ് വച്ച കൂട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല; നാടാകെ പുലിപ്പേടിയിൽ

തൊടുപുഴ: പുള്ളിപ്പുലി നാട്ടിലെത്തിയിട്ട് ഒരുമാസമാകുന്നു. വനംവകുപ്പ് കൂടുവച്ചിട്ട് ഒരാഴ്ചയും. പുലിയുടെ ലൊക്കേഷൻ കണ്ടെത്തിയെന്ന് ആദ്യം പറഞ്ഞ ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത് പുലി സ്ഥലംമാറി എന്നാണ്. നഗരപ്രദേശമായ മഞ്ഞുമ്മാവ് വരെ പുലിയെത്തി എന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. മുനിസിപ്പാലിറ്റിയിലെ മുപ്പതാം വാർഡാണ് ഇത്. ഇവിടെ കഴിഞ്ഞ ദിവസം ഒരു കുറുക്കനെ ചത്തനിലയിൽ കണ്ടെത്തിയതാണ് പുലിയെ സംശയിക്കാനിടയായത്. കുറുക്കൻ്റെ കഴുത്തിലേറ്റ കടി പുലിയുടെ ആക്രമണത്തിൻ്റെ സ്വഭാവത്തിലുള്ളത് ആണെന്ന് വനം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതാദ്യമായാണ് ഈ മേഖലയില്‍ പുലിയിറങ്ങുന്നത്. വനംവകുപ്പ് സ്ഥാപിച്ച നാല് ക്യാമറകളില്‍ പുത്തന്‍പ്ലാവിലും കരിങ്കുന്നം ഇല്ലിചാരിയിലും വച്ച ക്യാമറകളിലാണ് പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. കൂടാതെ പുലിയുടെ കാൽപാടുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെയാണ് കരിങ്കുന്നം മേഖലയില്‍ ഭീതി പടര്‍ത്തിയ അജ്ഞാത ജീവി പുലിയാണെന്ന് ഉറപ്പിച്ചത്. വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടുന്നത് പതിവായതോടെയാണ് വനംവകുപ്പ് ഈ പ്രദേശങ്ങളിൽ ക്യാമറ വച്ച് പുലിയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്.

“ഞങ്ങള്‍ കൂട്ടില്‍ മാംസമാണ് വെച്ചിരുന്നത്. ഇപ്പോള്‍ അത് മാറ്റി ഒരു ആടിനെ ഇട്ടിട്ടുണ്ട്. ആടിനെ തേടി പുലി എത്താനാണ് സാധ്യത” -തൊടുപുഴ റേഞ്ച് ഓഫീസര്‍ സിജോ സാമുവല്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “കൂട് മാറ്റിവയ്ക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. കൂട് വച്ചിടത്തുള്ള പാറക്കൂട്ടങ്ങള്‍ക്കിടയില്‍ തന്നെയാണ് പുലി ഉള്ളത്. ഇരതേടി അങ്ങോട്ടും ഇങ്ങോട്ടും മാറുന്നുവെന്നേയുള്ളൂ. 15 ഹെക്ടർ വരുന്ന ഇല്ലിചാരി റിസര്‍വ് ഫോറസ്റ്റ് കരിങ്കുന്നത്തിന് സമീപത്തുണ്ട്. പാറക്കൂട്ടം നിറഞ്ഞ ഈ പ്രദേശത്താണ് പകൽ പുലി തങ്ങുന്നതെന്നാണ് കരുതുന്നത്.” റേഞ്ച് ഓഫീസര്‍ പറഞ്ഞു.

ഇല്ലിചാരി റിസർവ് വനത്തിന് ചുറ്റും ജനവാസമേഖലയാണ്. ഇവിടെയാരും മുൻപ് വന്യജീവികളെ മുൻപ് കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ പുള്ളിപ്പുലി ഇടുക്കി വനമേഖലയിൽ നിന്നെത്തിയതാണ് എന്നാണ് നിഗമനം. ആടുകള്‍, കോഴികള്‍, നായകള്‍ തുടങ്ങി പലതും കൊല്ലപ്പെട്ടു. രാത്രി പുറത്തിറങ്ങാന്‍ കഴിയാത്ത ഭീതിയിലാണ് നാട്ടുകാര്‍. തൊടുപുഴ ടൗണിനോട് ചേർന്ന പ്രദേശമാണ് ഇതെല്ലാം. ഒരുഭാഗത്ത് തൊടുപുഴ-പാലാ റോഡും മറുവശത്ത് തൊടുപുഴ-മൂലമറ്റം റോഡും. വനംവകുപ്പ് പറയുന്നത് പ്രകാരം ഇതിനിടയിൽ വരുന്ന ഏതാനും കിലോമീറ്റർ പ്രദേശത്താണ് ഇപ്പോൾ പുലിയുള്ളത്.

Logo
X
Top