കൊടുത്തത് എംപിക്ക്, കൊണ്ടത് ജനങ്ങൾക്ക്; ചാഴികാടൻ്റെയും ശൈലജയുടെയും ‘നവകേരള അനുഭവം’ ചേർത്തുവച്ച് ദീപിക; മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അതിരൂക്ഷമായി വിമര്‍ശിച്ച് ദീപിക പത്രത്തിന്റെ എഡിറ്റോറിയല്‍. ‘കൊടുത്തത് എംപിക്ക്, കൊണ്ടത് ജനങ്ങൾക്ക്’ എന്ന തലക്കെട്ടിലുള്ള ഇന്നത്തെ എഡിറ്റോറിയലിലാണ് വിമര്‍ശനം. നവകേരള സദസില്‍ റബര്‍ പ്രശ്നമുയര്‍ത്തിയ തോമസ് ചാഴികാടന് എംപിയെ മുഖ്യമന്ത്രി ശാസനാ രൂപത്തില്‍ വിമര്‍ശിച്ച സംഭവം ഉയര്‍ത്തിക്കാട്ടിയാണ് ദീപിക മുഖ്യമന്ത്രിക്ക് എതിരെ തിരിഞ്ഞത്. മട്ടന്നൂരിലെ നവകേരള സദസില്‍ മുന്‍മന്ത്രി കെ.കെ.ശൈലജക്ക് നേരെ മുഖ്യമന്ത്രി ഉതിര്‍ത്ത വിമര്‍ശനവും എഡിറ്റോറിയലില്‍ ദീപിക ചേര്‍ത്ത് വെക്കുന്നു.
നവകേരളത്തോടല്ല കാലഹരണപ്പെട്ട നാടുവാഴി സംസ്കാരത്തോടാണ് മുഖ്യമന്ത്രി ചേർന്നു നിൽക്കുന്നത്. ജനങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച തോമസ് ചാഴികാടൻ എംപിയെ, അതൊന്നും പറയേണ്ടത് ഈ വേദിയിലല്ല എന്നു പറഞ്ഞ്, മുഖ്യമന്ത്രി വേദിയിൽവച്ചുതന്നെ പരസ്യമായി അവഹേളിച്ചതു ശരിയായില്ല. നീറുന്ന പ്രശ്നങ്ങളോടു മുഖ്യമന്ത്രി നടത്തിയ പ്രതികരണം ജനങ്ങളുടെ ആത്മാഭിമാനത്തിനേറ്റ മുറിവുതന്നെയാണ്. എഡിറ്റോറിയലില്‍ ദീപിക ചൂണ്ടിക്കാണിക്കുന്നു.
സദസിന്റെ ഉദ്ദേശ്യം ചാഴികാടനു മനസിലായില്ലെന്നും ഇത് പരാതി സ്വീകരിക്കലാണ്, പരാതിപറയൽ ചടങ്ങല്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടാലുടനെ, പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്ന റബർ താങ്ങുവില വർധിപ്പിക്കുമെന്ന അമിതപ്രതീക്ഷയൊന്നും എംപിക്കോ നാട്ടുകാർക്കോ കാണില്ല. പക്ഷേ, അത്തരമൊരു ആവശ്യം ഓർമിപ്പിക്കാൻ പോലും സ്ഥലവും സാഹചര്യവും നോക്കേണ്ടിവരുന്നത് ഗതികേടാണ്. എന്തു പറയുന്നതിനു മുന്‍പും അധികാരിക്ക് ഇഷ്ടമാകുമോയെന്ന് നൂറുവട്ടം ചിന്തിക്കേണ്ടിവരുന്ന ഗതികേട് ഏകാധിപത്യവും, അതു സൃഷ്ടിക്കുന്ന വിധേയത്വവുമല്ലാതെ മറ്റെന്താണ്?
പാലായിലേതുപോലെ രൂക്ഷമല്ലെങ്കിലും കണ്ണൂർ മട്ടന്നൂരിൽ ഇത്തരമൊരു വിമർശനം മുൻ മന്ത്രിയും സിപിഎം നേതാവുമായ കെ.കെ. ശൈലജയ്ക്കും നേരിടേണ്ടിവന്നു. അധ്യക്ഷപ്രസംഗകയായ ശൈലജ കൂടുതൽ സംസാരിച്ചതിനാൽ പരിപാടിയുടെ ക്രമീകരണത്തിൽ മാറ്റമുണ്ടായെന്നും മറ്റുള്ളവർക്കു സംസാരിക്കാൻ സമയം ലഭിച്ചില്ലെന്നുമാണ് അവിടെ മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരസ്യപ്രതികരണം പരസ്പര ബഹുമാനത്തിന്റെ ലംഘനമായി പലർക്കും തോന്നി.
പറയുന്നതു കേട്ടാൽ മതി, ഇങ്ങോട്ടൊന്നും പറയേണ്ടെന്ന നിലപാടുകൊണ്ട് കേഡർ പാർട്ടിക്കല്ലാതെ ജനാധിപത്യത്തിനെന്തു ഗുണം? ജനങ്ങൾക്കുവേണ്ടി ജനങ്ങൾ നടത്തുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്നത്, നൂറുവട്ടം എഴുതിപ്പഠിക്കേണ്ട അവസ്ഥയിലാണ് അധികാരികളിൽ പലരും. അകമ്പടി വാഹനങ്ങളും പരിവാരങ്ങളും അധികാരപ്രമത്തരെ വഴിതെറ്റിക്കുന്നുമുണ്ടാകും-ദീപിക എഴുതുന്നു
ദീപിക പത്രത്തിന്റെ എഡിറ്റോറിയല്‍ ലിങ്ക്
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here