പത്തനംതിട്ട കോൺഗ്രസിലെ അതൃപ്തരെ ലക്ഷ്യമിട്ട് സിപിഎം; ഐസക്കിനെ ഇറക്കുന്നത് ത്രികോണമത്സരം മുന്നിൽകണ്ട്; കോൺഗ്രസ് വോട്ടുകളിൽ ബിജെപി വിള്ളലുണ്ടാക്കുമെന്നും പ്രതീക്ഷ

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മുന്‍ മന്ത്രി തോമസ് ഐസക് സിപിഎം സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി. ഔദ്യോഗിക പ്രഖ്യാപനം വരെ പ്രചാരണം ഔപചാരികമായി തുടങ്ങില്ല എന്നുമാത്രം. ത്രികോണമത്സരത്തിന് തയ്യാറെടുക്കുന്ന മണ്ഡലത്തിൽ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഐസക്കിനെ പാർട്ടി നിയോഗിക്കുന്നത്. കേഡര്‍ വോട്ടുകള്‍ക്കൊപ്പം കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വോട്ടുകളും ജയമൊരുക്കുമെന്നാണ് പ്രതീക്ഷ. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ ഈ മുതിര്‍ന്ന നേതാവിന് യുവതലമുറയെയും ചേർത്ത് നിർത്താൻ കഴിയുമെന്ന പ്രതീക്ഷ പാർട്ടിക്കുണ്ട്. കോൺഗ്രസിലെ അതൃപ്തരുടെ വികാരം വോട്ടാക്കാനുള്ള നീക്കങ്ങൾ മുൻപെ ഐസക് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഡിസിസി മുൻ പ്രസിഡൻ്റ് ബാബു ജോർജ്, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഡോ.സജി ചാക്കോ തുടങ്ങിയവർ കഴിഞ്ഞയാഴ്ച സിപിഎമ്മിലെത്തിയത് യാദൃഛികമല്ല.

സമീപകാലങ്ങളില്‍ തോമസ് ഐസക് ജില്ലയില്‍ സജീവമാണ്. ചെറുതും വലുതുമായ എല്ലാ പരിപാടികളിലും സാന്നിധ്യമുണ്ട്. യുവാക്കളെ ലക്ഷ്യമാക്കിയുള്ള തൊഴില്‍മേളയും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളിലുമാണ് പ്രധാന ഇടപെടൽ. കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് ഐസകിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചു. ഇത് പത്തനംതിട്ട ജില്ലാ കമ്മറ്റിയും അംഗീകരിക്കും. ഇതോടെ പ്രചരണത്തില്‍ ഐസക് സജീവമാകും. സാമൂഹിക മണ്ഡലത്തില്‍ ഐസക്കിനുള്ള പൊതുസമ്മതി ഗുണകരമായി മാറുമെന്നാണ് സിപിഎം പ്രതീക്ഷ. ഐസക്കിലൂടെ പത്തനംതിട്ട മണ്ഡലത്തില്‍ ആദ്യ സിപിഎം എംപി വരുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

പത്തനംതിട്ട മണ്ഡലം അനായാസത്തില്‍ കൈപ്പിടിയില്‍ ഒതുക്കാം എന്ന പ്രതീക്ഷയിലാണ് ഇത്തവണ എല്‍ഡിഎഫ്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 7 നിയമസഭാ മണ്ഡലങ്ങളും സിപിഎമ്മിന് ഒപ്പമാണ്. ഈ മേല്‍ക്കൈ ലോക്സഭയിലും ആവര്‍ത്തിക്കാനാണ് ശ്രമം. കേരളാ കോണ്‍ഗ്രസ് എം ഇടതുപക്ഷത്ത് എത്തിയ ശേഷമുള്ള ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇത്. ഇതിന്റെ ഗുണം ഐസക്കിന് കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം കോണ്‍ഗ്രസിലെ വിഭാഗിയതയും അടിയൊഴുക്കുണ്ടാക്കുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.

സിറ്റിംഗ് എംപി ആന്റോ ആന്റണി തന്നെ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. കോട്ടയത്തുകാരനായ ആന്റോയെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ജില്ലയിലെ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പിന്തുണയിലാണ് കഴിഞ്ഞ തവണ എതിര്‍പ്പുകളെ ആന്റോ അതിജീവിച്ചത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പില്‍ പോലും ആന്റോയ്ക്കെതിരെ വികാരമുണ്ട്. ഇതെല്ലാം ഇടതുപക്ഷത്തിനുള്ള വോട്ടായി മാറാന്‍ അതിശക്തനെ തന്നെ ഇറക്കുകയാണ് സിപിഎം. മണ്ഡലത്തിലെ സമൂദായ സമവാക്യങ്ങളും ഐസക്കിന് വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.

ബിജെപിക്ക് വേണ്ടി പിസി ജോര്‍ജ് മത്സരിക്കുമെന്നാണ് പ്രതീക്ഷ. ഇല്ലെങ്കില്‍ ഉണ്ണി മുകുന്ദന്‍. അതുകൊണ്ട് തന്നെ ശക്തമായ ത്രികോണ മത്സരം സിപിഎം പ്രതീക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകളില്‍ ബിജെപി വിള്ളലുണ്ടാക്കും. ഇത് എൽഡിഎഫിന് നേട്ടമുണ്ടാക്കും. കേഡര്‍ വോട്ടുകളില്‍ മേല്‍കൈയ്യുമായി ജയിച്ചു കയറാന്‍ ഇതും സഹായകമാകുമെന്നാണ് പ്രതീക്ഷ.

2009ല്‍ രൂപീകൃതമായ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ കഴിഞ്ഞ മൂന്ന് തവണയും നടന്ന തെരഞ്ഞെടുപ്പില്‍ വിജയം കോണ്‍ഗ്രസിനൊപ്പമായിരുന്നു. ആന്റോ ആന്റണിയാണ് പത്തനംതിട്ട മണ്ഡലത്തില്‍ ഇക്കാലമത്രയും വിജയിക്കുന്നത്. 2019ലെ മത്സരത്തില്‍ സിറ്റിങ് എംഎല്‍എ വീണാ ജോര്‍ജിനെ സിപിഎം കളത്തിലിറക്കിയെങ്കിലും ഭൂരിപക്ഷം കുറയ്ക്കാനല്ലാതെ വിജയിക്കാന്‍ കഴിഞ്ഞില്ല. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ഇടതിനൊപ്പമെങ്കിലും ലോക്സഭാ വരുമ്പോള്‍ സീറ്റ് കൈമോശം വരും. ഇക്കുറി ഈ പേരുദോഷം ഒഴിവാകുമെന്നാണ് സിപിഎം പ്രതീക്ഷ.

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് 70 ശതമാനം വോട്ടുകളുള്ള മണ്ഡലത്തില്‍ ജനപ്രിയ സ്ഥാനാര്‍ഥി വേണമെന്നായിരുന്നു സിപിഎം അണികളുടെ ആവശ്യം. ആന്റോ ആന്റണി എംപിയുടെ ജനപ്രീതിയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് നിയോഗിച്ച ഏജന്‍സിയുടെ റിപ്പോര്‍ട്ട് . മൂന്നുതവണ ജയിച്ച ആന്റോക്ക് പകരം മറ്റൊരാള്‍ വരട്ടെയെന്ന അഭിപ്രായക്കാരാണ് കോണ്‍ഗ്രസില്‍ നല്ലൊരു വിഭാഗവും. എന്നാല്‍ ആന്റോ തന്നെ സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യത. ഈ ഭിന്നത മുതലെടുക്കാനാണ് സിപിഎം ഐസക്കിലൂടെ ശ്രമിക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top