പി.സി.ചാക്കോ കോണ്‍ഗ്രസിലേക്ക് മടങ്ങുമോ; തോമസ്‌.കെ.തോമസിന് മന്ത്രിസ്ഥാനം നിഷേധിച്ചതിന് പിന്നിലെന്ത്

എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നിര്‍ദേശിച്ചിട്ടുകൂടി തോമസ്‌.കെ.തോമസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസ്ഥാനം നല്‍കാത്ത പ്രശ്നം എന്‍സിപിയില്‍ പുകയുകയാണ്. സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ചാക്കോയ്ക്ക് കനത്ത തിരിച്ചടിയാണ് മുഖ്യമന്ത്രിയുടെ തീരുമാനം. എന്‍സിപി തീരുമാനം എടുത്താല്‍ മന്ത്രിമാറ്റം ആകാമെന്ന മുന്‍നിലപാടാണ് മുഖ്യമന്ത്രി തിരുത്തിയത്. ഇതോടെ നിലവിലെ മന്ത്രി എ.കെ.ശശീന്ദ്രന് തല്‍ക്കാലം തുടരാമെന്ന അവസ്ഥയായി.

പി.സി.ചാക്കോ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമെന്ന അഭ്യൂഹങ്ങള്‍ എന്‍സിപിയില്‍ നിലനില്‍ക്കുന്നുണ്ട്. രണ്ട് എംഎല്‍എമാരെ ഒപ്പം കൂട്ടുമെന്നും സൂചനയുണ്ടായിരുന്നു. എന്‍സിപിയില്‍ ചാക്കോയ്ക്ക് ഒപ്പമുള്ളത് തോമസ്‌.കെ.തോമസാണ്. ചാക്കോ ലക്ഷ്യമിട്ട മറ്റൊരു എംഎല്‍എ പി.വി.അന്‍വര്‍ ആണെന്നാണ് പുറത്തുവരുന്ന വിവരം. അന്‍വറിനെ പി.സി.ചാക്കോ സന്ദര്‍ശിച്ചിരുന്നു.

അന്‍വറിന്റെ സഹോദരനായ പി.വി. അജ്മല്‍ ആണ് എന്‍സിപിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി. അന്‍വര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയാല്‍ അതു ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് കാസര്‍കോട് ചാക്കോ പറഞ്ഞതും വിവാദമായിരുന്നു. എന്‍സിപിക്ക് ലഭിച്ച പിഎസ്സി അംഗത്വം ചാക്കോ കച്ചവടം ചെയ്തുവെന്ന ആരോപണവും ചാക്കോയ്ക്ക് നേരെ ഉയര്‍ന്നിരുന്നു. തോമസിന് എതിരെ അന്തരിച്ച തോമസ്‌ ചാണ്ടിയുടെ കുടുംബം ഉയര്‍ത്തിയ സാമ്പത്തിക ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി കൂടിക്കാഴ്ചയില്‍ ചോദിക്കുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് മന്ത്രിമാറ്റത്തിന് സമയം വേണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പിന്നില്‍ എന്നാണ് സൂചന.

മുഖ്യമന്ത്രി സമയം ആവശ്യപ്പെട്ടു. അപ്പോള്‍ മറുത്ത് പറയുന്നത് എങ്ങനെ എന്നാണ് തോമസ്‌.കെ.തോമസ്‌ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്. മുഖ്യമന്ത്രിയുടെ മുന്‍ നിലപാട് അങ്ങനെ ആയിരുന്നില്ലോ എന്ന് ചോദിച്ചപ്പോള്‍ അതിന് പിന്നീട് മറുപടി പറയാം എന്നാണ് തോമസ്‌ പ്രതികരിച്ചത്. കുട്ടനാട് എംഎല്‍എ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. പക്ഷെ പന്ത് മുഖ്യമന്ത്രിയുടെ കോര്‍ട്ടിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top