പിണറായി സര്‍ക്കാരില്‍ മന്ത്രിയാകും; മന്ത്രിയെ തീരുമാനിക്കുന്നതില്‍ റോള്‍ പവാറിന് മാത്രം; ചാക്കോ ‘അവതാരം’; ഇത്തരം അവതാരങ്ങളെ അംഗീകരിക്കില്ലെന്നും തോമസ് കെ തോമസ്‌

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ എന്‍സിപിയില്‍ നിന്നും താന്‍ മന്ത്രിയാകുമെന്ന് കുട്ടനാട് എംഎല്‍എ തോമസ്‌.കെ.തോമസ്‌. മന്ത്രിയായി തീരുമാനിക്കേണ്ടത് എന്‍സിപി ദേശീയ നേതൃത്വമാണ്. ശരദ് പവാറും സുപ്രിയ സുലെയുമാണ്‌. അവര്‍ ഇടപെടാന്‍ സമയമായില്ല. സമയമാകുമ്പോള്‍ പവാര്‍ ഇടപെട്ട് കത്ത് നല്‍കുമെന്ന് തോമസ്‌ കെ.തോമസ്‌ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. രണ്ടര വര്‍ഷം കഴിയുമ്പോള്‍ മന്ത്രി മാറും. ഇത് പീതാംബരന്‍ മാസ്റ്ററും പ്രഫുല്‍പട്ടേലുമൊക്കെയുള്ളപ്പോള്‍ പാര്‍ട്ടിയില്‍ ധാരണയാക്കിയ കാര്യമാണ്.

കേരള നേതൃത്വമല്ല ദേശീയ നേതൃത്വമാണ് മന്ത്രിപദവിയുടെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. സമയമാകുമ്പോള്‍ ശരദ് പവാറും സുപ്രിയ സുലെയും മന്ത്രി സ്ഥാനകാര്യത്തില്‍ തീരുമാനമെടുക്കും. ദേശീയ പ്രവർത്തക സമിതിയിൽനിന്ന് എന്നെ ഒഴിവാക്കിയെന്നു ആരാണ് പറഞ്ഞത്. ഇപ്പോഴും പ്രവര്‍ത്തക സമിതി അംഗമാണ്. എന്നെ ഒഴിവാക്കിയെന്ന ഒരു കത്തും ലഭിച്ചിട്ടില്ല. ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് സുപ്രിയ സുലെ പറഞ്ഞത്. എല്ലാം പാര്‍ട്ടിയിലെ ചിലരുടെ സൃഷ്ടിയാണ്. ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളിയുടെയും തീരുമാനമാണ് ഇടതുമുന്നണി തീരുമാനിക്കുന്നത്. എന്റെ മന്ത്രി സ്ഥാനം എന്‍സിപി ദേശീയ നേതൃത്വം തീരുമാനിക്കേണ്ടതാണ്.

ഇടതുമുന്നണിയില്‍ എന്‍സിപി മന്ത്രി സ്ഥാനം തീരുമാനിക്കുമ്പോള്‍ പി.സി.ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷനല്ല. അന്ന് പീതാംബരന്‍ മാസ്റ്ററാണ് സംസ്ഥാന പ്രസിഡന്റ്. എന്‍സിപിയില്‍ പി.സി.ചാക്കോയ്ക്ക് ഒരു ഔദ്യോഗിക സ്ഥാനങ്ങളുമില്ല. പീതാംബരന്‍ മാസ്റ്റര്‍, പ്രഫുല്‍ പട്ടേല്‍, എ.കെ.ശശീന്ദ്രനും ഞാനും തമ്മിലാണ് ചര്‍ച്ച നടന്നത്. ചാക്കോയ്ക്ക് ഒരു റോളുമില്ല. പി.സി.ചാക്കോയുമായി ഞാന്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. അദ്ദേഹം പാര്‍ട്ടിയില്‍ കയറി വന്നപ്പോള്‍ മുതല്‍ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ തുടങ്ങി. ചാക്കോയ്ക്ക് ഇഷ്ടമില്ലാത്തവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നു. കറ തീര്‍ന്ന എന്‍സിപിക്കാരനെന്ന നിലയില്‍ പാര്‍ട്ടി വിടില്ല.

ഒന്നുമില്ലാത്ത ഒരു ഘട്ടത്തില്‍ പാര്‍ട്ടിയില്‍ കയറി വന്നതാണ് ചാക്കോ. പാര്‍ട്ടിയ്ക്ക് ഒരു കോണ്‍ട്രിബ്യൂഷനും നല്‍കിയിട്ടുമില്ല. ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റായപ്പോള്‍ എല്ലാം ഞാന്‍ പറയുന്നത് കേള്‍ക്കണമെന്നു പറയുമ്പോള്‍ എന്ത് ജനാധിപത്യമാണ്. പാര്‍ട്ടി ചാക്കോയുടെതാണോ? തോമസ്‌ ചാണ്ടി ആയിരുന്നു എന്‍സിപി. അദ്ദേഹം എല്ലാ കാര്യങ്ങളും എന്‍സിപിയ്ക്ക് വേണ്ടി ചെയ്തു. എന്‍സിപിയ്ക്ക് മൂന്നാമതൊരു സീറ്റ് പാലായില്‍ കൊണ്ട് വന്നത് തോമസ്‌ ചാണ്ടിയാണ്.

പിഎസ്സി അംഗത്വത്തിന്റെ പ്രശ്നം അറിയാമല്ലോ? മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിട്ടുണ്ട്. ആ രീതിയില്‍ ബിസിനസ് നടത്തുന്ന ചാക്കോയെപ്പോലുള്ള ഒരാളെ എങ്ങനെയാണ് അംഗീകരിക്കുക. ഞാന്‍ എന്‍സിപി എംഎല്‍എയാണ്. പാര്‍ട്ടിയുടെ പിഎസ്സി അംഗം ആരെന്നു ചോദിച്ചാല്‍ എനിക്ക് അറിയില്ല. ഞാന്‍ ഇന്നുവരെ ആ അംഗത്തെ കണ്ടിട്ടില്ല. ജോയിന്‍ ചെയ്യുകയാണ് എന്ന് പറഞ്ഞു അവര്‍ എന്നെ വിളിച്ചു. അവര്‍ എന്താണ് പറഞ്ഞത് എന്ന് എനിക്ക് തന്നെ മനസിലായില്ല. ഇങ്ങനെ ഓരോ അവതാരങ്ങളെ ഓരോ ദിവസം കൊണ്ട് വന്നു നിര്‍ത്തുകയാണ്. ഇതാണ് പാര്‍ട്ടിയിലെ വിഷയം. ഇങ്ങനെ പാര്‍ട്ടിയില്‍ വന്ന അവതാരമാണ് പി.സി.ചാക്കോയും. ഇത്തരം അവതാരങ്ങളെ ഒരു കാരണവശാലും അംഗീകരിക്കില്ല-തോമസ്‌ കെ തോമസ്‌ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top