100 കോടി കോഴ ആരോപണത്തിൽ വെളിപ്പെടുത്തൽ നടത്താൻ തോമസ് കെ തോമസ്; തോമസ് ചാണ്ടിയോട് ചെയ്തത് തന്നോടും ചെയ്യുന്നു

തനിക്കെതിരെയുള്ള കൂറുമാറ്റ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് എൻസിപി ( ശരദ് പവാർ വിഭാഗം) എംഎൽഎ തോമസ് കെ തോമസ്. തനിക്ക് മന്ത്രിസ്ഥാനം ഉറപ്പായപ്പോൾ വരുന്ന ആരോപണമാണെന്നും വിശദമായി അന്വേഷിക്കട്ടെയെന്നുമാണ് കുട്ടനാട് എംഎൽഎയുടെ പ്രതികരണം. ഇതു സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങൾ വൈകിട്ട് മൂന്നു മണിക്ക് മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ ബിജെപി പക്ഷത്തേക്ക് കൂറുമാറ്റാൻ ശ്രമിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ആരോപിച്ചത്. 50 കോടി രൂപ വാഗ്ദാനം ചെയ്ത് ഇരുവരെയും എൻഡിഎ ഘടകകക്ഷിയായ എൻസിപിയിലേക്ക് (അജിത് പവാർ വിഭാഗം) കൊണ്ടുപോകാനായിരുന്നു ശ്രമം. തോമസ് കെ. തോമസിന്‍റെ മന്ത്രിസ്ഥാനം നിഷേധിക്കാൻ ഇതാണ് കാരണമെന്ന് മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടേറിയേറ്റിൽ അറിയിച്ചിരുന്നു.
തൻ്റെ ഭാഗം വ്യക്തമാക്കുന്ന ഒൻപത് പേജുള്ള കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സംഭാഷണം നടന്നിട്ടില്ലെന്ന് കോവൂർ കുഞ്ഞുമോൻ പറഞ്ഞിട്ടുണ്ട്. മന്ത്രിസ്ഥാനമാണ് ഇത്തരം ആരോപണത്തിന് പിന്നിൽ. തോമസ് ചാണ്ടിയോടും ഇത് തന്നെയാണ് ചെയ്തത്. ആൻ്റണി രാജുവിൻ്റെ അജണ്ട വെളിച്ചത്ത് വരട്ടെ. താനും കോവൂർ കുഞ്ഞുമോനും ആൻ്റണി രാജുവും ഇങ്ങനെ ഒരു കാര്യം സംസാരിച്ചിട്ടില്ല. കുട്ടനാട്ടിൽ ആൻ്റണി രാജുവിൻ്റെ സ്ഥാനാർത്ഥിയെ തോൽപ്പിച്ചതിൻ്റെ വിഷമം ആയിരിക്കാമെന്നും തോമസ് കെ.തോമസ് പറഞ്ഞു. മഹാരാഷ്ട്രയിൽ പോലും ലക്ഷങ്ങളാണ് കൂറുമാറ്റത്തിന് വാഗ്ദാനം ചെയ്യാറെന്നും ആന്‍റണി രാജു കോടികൾക്കുള്ള അസറ്റില്ലെന്നും കുട്ടനാട് എംഎൽഎ പരിഹസിച്ചു.
അതേ സമയം പണം വാഗ്ദാനം നൽകിയ വിവരം പിണറായി അന്വേഷിച്ചപ്പോൾ ആന്റണി രാജു സ്ഥിരീകരിച്ചു. 250 കോടിയുമായി അജിത് പവാർ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാർട്ടിയുടെ ഭാഗമായാൽ 50 കോടി വീതം കിട്ടുമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു. എൽഡിഎഫിന്റെ ഭാഗമായാണു ജയിച്ചതെന്നും അതുവിട്ടു മറ്റൊന്നിനുമില്ലെന്നും മറുപടി നൽകിയതായും ആൻ്റണി രാജു വ്യക്തമാക്കി.
‘മുഖ്യമന്ത്രി എന്നെ വിളിപ്പിച്ചു. ഞെട്ടിക്കുന്ന ചില വിവരങ്ങൾ അദ്ദേഹത്തിനു കൈമാറിയിട്ടുണ്ട്. തൽക്കാലം കൂടുതൽ പറയാനില്ല’ – ആൻ്റണി രാജു പറഞ്ഞു. എന്നാൽ തോമസ് കെ. തോമസ് ചർച്ച നടത്തുകയോ വാഗ്ദാനം നൽകുകയോ ചെയ്തിട്ടില്ലെന്നാണ് കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ പ്രതികരണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here