ബാറില്‍ അക്രമം നടത്തിയപ്പോള്‍ തടഞ്ഞുവെച്ച് പോലീസിനു കൈമാറി; ഞൊടിയിട പുറത്തിറങ്ങിയ ഗുണ്ടകളുടെ ആക്രമത്തില്‍ ബാര്‍ മാനേജര്‍ക്ക് ഗുരുതര പരുക്ക്

കൊല്ലം: ബാറിൽ അക്രമം നടത്തിയപ്പോള്‍ തടഞ്ഞുവെച്ച് പൊലീസിന് കൈമാറിയതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ജാമ്യത്തിലിറങ്ങിയ പ്രതികൾ ബാർ മാനേജറെ ആക്രമിച്ചു. കൊല്ലം അഞ്ചാലുംമൂട് സ്റ്റാർ ഹോട്ടൽ മാനേജർ ഷിബു കുര്യാക്കോസിനാണ് ഗുരുതരമായി പരുക്കേറ്റത്. നിരവധി കേസുകളിൽ പ്രതിയായ ചെമ്മക്കാട് സ്വദേശി പ്രതീഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് അക്രമിച്ചത്.
ഇന്നലെ രാത്രി ബാറിൽ മദ്യപിക്കാൻ എത്തിയ പ്രതീഷും സംഘവും മറ്റ് രണ്ട് യുവാക്കളുമായി തർക്കമുണ്ടാക്കിയിരുന്നു. തുടർന്ന് ഇവർ ബാറിലെ ഫ്രീസറുകളും മറ്റും അടിച്ചു തകർത്തു. കടന്നു കളയാൻ ശ്രമിച്ച ഇവരെ തടഞ്ഞു നിർത്തി പൊലീസിന് ഏൽപ്പിച്ചിരുന്നു. ഞൊടിയിടയിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പുറത്തിറങ്ങിയ ഇവർ ബാറിൽ തിരിച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. അപ്പോൾ അവിടേക്ക് വന്ന ബാർ മാനേജറെ വാഹനത്തിൽനിന്നും ചവിട്ടി നിലത്തിട്ട് വളഞ്ഞിട്ട് ആക്രമിക്കുകയും കയ്യിൽ കരുതിയ മാരകായുധങ്ങൾ കൊണ്ട് മർദിക്കുകയും ചെയ്തു. വാളുകൊണ്ട് വെട്ടാൻ ശ്രമിച്ചപ്പോൾ ബാറിലെ ജീവനക്കാർ തടഞ്ഞതുകൊണ്ടാണ് മാനേജർ രക്ഷപ്പെട്ടത്. രാഷ്ട്രീയ സമ്മർദ്ദം മൂലം തിടുക്കത്തിൽ പ്രതികൾക്കു ജാമ്യം നൽകി വിട്ട പോലീസിന്റെ വീഴ്ചയാണ് വീണ്ടും അക്രമ സംഭവങ്ങൾക്കിടയാക്കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here