സിപിഎം വിട്ടവര്‍ സിപിഐയില്‍ തന്നെ; നിസ്സഹായരായി ആലപ്പുഴ സിപിഎം നേതൃത്വം

ആലപ്പുഴ: സിപിഐയിലേക്ക് കുടിയേറിയവരെ തിരിച്ചു വിളിക്കാനും കൊഴിഞ്ഞുപോക്കിന് തടയിടാനുമുള്ള ആലപ്പുഴ സിപിഎം ജില്ലാ നേതൃത്വത്തിന്റെ നീക്കം പാളി.

കുട്ടനാട് പാര്‍ട്ടി വിട്ടവരെ തിരിച്ചു വിളിക്കാന്‍ കഴിയാത്ത പ്രശ്നം നിലനില്‍ക്കുമ്പോള്‍ തന്നെ ഈ കൊഴിഞ്ഞു പോക്കിന് തടയിടാന്‍ പോലും കഴിയാത്ത നിസ്സഹായമായ അവസ്ഥയിലാണ് ജില്ലാ നേതൃത്വം.

പ്രാദേശിക പ്രശ്നങ്ങളുടെ പേരിലും പരാതികളിൽ നടപടി എടുക്കാത്തതിനാലും ജില്ലാ-സംസ്ഥാന നേതൃത്വങ്ങളുടെ നിലപാടുകളിലും പ്രതിഷേധിച്ചാണ് പലരും കുട്ടനാട്ടിൽ സിപിഎം വിട്ടത്. പാർട്ടി വിട്ടു വരുന്നവരെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ നിൽക്കുകയാണ് സിപിഐ. കഴിഞ്ഞ ദിവസങ്ങളിലായി 222 പേരാണ് സിപിഐയിലേക്ക് ചേക്കേറിയത്. ഇത് പാർട്ടിക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കിയത്.

നാണക്കേടിൽ നിന്ന് കരകയറാൻ സിപിഎം ജില്ലാ നേതാക്കൾ പോയവരെ കണ്ടു തുടങ്ങിയിട്ടുണ്ട്. എന്നാൽ നേതാക്കൾക്ക് ഇവരിൽ നിന്നും അനുകൂല മറുപടിയല്ല ലഭിച്ചത്. പലരും ഇവരെ കാണാൻ തയ്യാറാകാതെ മാറി നിൽക്കുകയായിരുന്നു.

പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങൾ പാർട്ടിയെ അറിയിച്ചപ്പോൾ അനുകൂല നിലപാട് എടുക്കാതെ പരാതി പറഞ്ഞവർക്കെതിരെ തിരിഞ്ഞ നേതൃത്വത്തെ അനുസരിക്കാൻ തയ്യാറല്ലെന്നാണ് പാർട്ടി വിട്ടവർ പറയുന്നത്. സിപിഎമ്മുകാരുമായി യാതൊരു ഒത്തുതീര്‍പ്പിനും പോകരുതെന്ന് സിപിഐയും നിർദ്ദേശിച്ചിട്ടുണ്ട്.

വലിയ ഓഫറുകൾ നൽകി പോയവരെ മടക്കി കൊണ്ടുവന്ന് മുഖം രക്ഷിക്കാനാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ ശ്രമം. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സിപിഎം വിട്ടുപോകാൻ കൂടുതൽ പേർ തയ്യാറെടുക്കുന്നുണ്ട് എന്നത് സിപിഎമ്മിന് വെല്ലുവിളിയാണ്.

കുട്ടനാട്ടിൽ മാത്രമല്ല മറ്റു സ്ഥലങ്ങളിലും പാർട്ടി വിട്ടു പോകുന്നവർക്ക് സിപിഐ തണൽ ആകുന്നുണ്ട്. ഈ പോക്ക് അത്ര നല്ലതല്ല എന്ന് മനസ്സിലാക്കിയ സിപിഎം ജാഗ്രതയോടെയാണ് കരുക്കൾ നീക്കുന്നത്.
എംഎൽഎമാർ, സിപിഎം ജില്ലാ സെക്രട്ടറി അംഗങ്ങൾ ഉൾപ്പെടെയുള്ളവരാണ് പാർട്ടി വിട്ടവരെ അനുനയിപ്പിക്കാനുള്ള ദൗത്യത്തിലേർപ്പെട്ടിട്ടുള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top