വിപ്പ് ലംഘിച്ച് സിപിഎം അംഗങ്ങള്‍ വോട്ട് ചെയ്തു; സിപിഎം വിമതനായ തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് തെറിച്ചു
പത്തനംതിട്ട തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായി. സിപിഎം വിമതനായ സി.എസ്.ബിനോയി ആണ് പുറത്തായത്. പാര്‍ട്ടി വിപ്പ് ലംഘിച്ച് സിപിഎം അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തതോടെയാണ് ബിനോയി പുറത്തായത്.
ബിജെപിയും പിന്തുണച്ചത് ബിനോയിയെ ആയിരുന്നു. അവിശ്വാസപ്രമേയത്തെ എതിർത്ത് വോട്ടുചെയ്യാൻ സി.പി.എം. അംഗങ്ങൾക്ക് ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നിർദേശം നൽകിയിരുന്നു. ഇത് തള്ളിയാണ് സിപിഎം അംഗങ്ങള്‍ എതിരായി വോട്ട് ചെയ്തത്. ഇതോടെയാണ് അവിശ്വാസം പാസായത്.
മൂന്നു കോണ്‍ഗ്രസ് അംഗങ്ങളും നാല് സിപിഎം അംഗങ്ങളും കൂടിയാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. സിപിഎം പാർലമെന്ററി പാർട്ടി ലീഡർ ആർ. കൃഷ്ണകുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സിസിലി തോമസ്, നെടുംപ്രയാർ ബ്രാഞ്ച് സെക്രട്ടറി കൂടിയായ റെൻസിൻ കെ. രാജൻ, റീനാ തോമസ് എന്നിവരും കോൺഗ്രസ് അംഗങ്ങളായ ജെസി മാത്യു, ലതാ ചന്ദ്രൻ, ടി.കെ. രാമചന്ദ്രൻ നായർ എന്നിവരുമാണ് ഒപ്പിട്ടത്.
13അംഗ പഞ്ചായത്ത് ഭരണസമിതിയിൽ അഞ്ച് അംഗങ്ങള്‍ സിപിഎമ്മിനുണ്ട്. കോണ്‍ഗ്രസിനും ബിജെപിക്കും മൂന്ന് അംഗങ്ങളും രണ്ട് സ്വതന്ത്രരുമുണ്ട്. ബിജെപിയുമായി ബന്ധം വേണ്ട എന്ന നിലപാട് കോണ്‍ഗ്രസ് എടുത്തിരുന്നു. അതിനാലാണ് ബിജെപി പിന്തുണയ്ക്കുന്ന പ്രസിഡന്റിനെതിരെയുള്ള അവിശ്വാസത്തില്‍ കോണ്‍ഗ്രസ് വോട്ട് ചെയ്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here