‘മഞ്ഞുമ്മല്‍ ബോയ്സ്’ ആവേശത്തില്‍ ഗുണ കേവിലേക്ക് അതിക്രമിച്ചു കയറി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ഡിണ്ടിഗല്‍: കൊടൈക്കനാലിലെ ഗുണ കേവിലെ നിരോധിത മേഖലയിലേക്ക് അതിക്രമിച്ച് കയറിയ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. റാണിപേട്ട് സ്വദേശികളായ എസ്.വിജയ്‌ (24), പി.ഭരത് (24), പി.രഞ്ജിത്ത് (24) എന്നിവരെയാണ് പോലീസ് പിടികൂടിയത്. നിരോധിത മേഖലയിലേക്ക് കടന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കേരളത്തിലും തമിഴ്നാട്ടിലും മഞ്ഞുമ്മല്‍ ബോയ്സ് സിനിമ കത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനൊരു സംഭവം.

ഗുണ കേവിലേക്ക് വീണ മഞ്ഞുമ്മല്‍ സ്വദേശിയെ സുഹൃത്തുകള്‍ ചേര്‍ന്ന് രക്ഷിക്കുന്ന യഥാര്‍ത്ഥ സംഭവമാണ് സിനിമയിലൂടെ അവതരിപ്പിക്കുന്നത്. നിലവില്‍ ഓഫ് സീസണ്‍ ആയിട്ടും നൂറ് കണക്കിന് സന്ദര്‍ശകരാണ് വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ സ്ഥലത്തേക്ക് എത്തുന്നത്. സിനിമ ഇറങ്ങിയതോടെ വനം വകുപ്പിന്‍റെയും പ്രദേശത്തെ ചെറുകിട കച്ചവടക്കാരുടെയും വരുമാനത്തില്‍ വലിയ വര്‍ധന ഉണ്ടായതായി വനം വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. ഏഴ് ദിവസത്തിനുള്ളില്‍ 40,000 വിനോദ സഞ്ചാരികള്‍ ഗുണ കേവില്‍ എത്തി. ഫെബ്രുവരിയില്‍ മാത്രം ഒരു ലക്ഷം പേര്‍ സ്ഥലം സന്ദര്‍ശിച്ചതായും പറയുന്നു.

മൂന്ന് വലിയ റോക്ക് പില്ലറുകളാല്‍ രൂപപ്പെട്ട ഗുഹയാണ് ഗുണ കേവ്. ഡെവിള്‍സ് കിച്ചന്‍ എന്നായിരുന്നു പണ്ട് ബ്രിട്ടീഷുകാര്‍ വിളിച്ചിരുന്നത്. കമലഹാസന്‍ ചിത്രം ഗുണ ഇവിടെ ചിത്രീകരിച്ച ശേഷമാണ് ഡെവിള്‍സ് കിച്ചന്‍ ഗുണ കേവ് ആയി മാറിയത്. ഗുണ സിനിമ കണ്ട് പലരും കേവ് സന്ദര്‍ശിക്കാനെത്തി. നിരവധിപ്പേര്‍ ഗുഹയില്‍ വീണു മരിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 13 പേരാണ് ഗുഹയില്‍ വീണ് മരിച്ചത്. മരിച്ചവരില്‍ ആരുടേയും മൃതദേഹം ഗുഹയില്‍ നിന്ന് പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. വായുവോ വെളിച്ചമോ ഇല്ലാത്ത ഗുഹയില്‍ ഇറങ്ങി രക്ഷപെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും ഭയമായിരുന്നു. ഏകദേശം 3000 അടിയാണ് ഗുഹയുടെ താഴ്ച. എന്നാല്‍ ഗുഹയില്‍ വീണ് രക്ഷപെട്ട ഒരേയൊരാള്‍ മഞ്ഞുമ്മല്‍ സ്വദേശി സുഭാഷ് ആണ്. ഇതിനെ ആസ്പദമാക്കിയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് ഒരുങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top