ക്രിസ്മസ് ദിനത്തിൽ മാത്രം 23 അക്രമങ്ങൾ, ക്രിസ്ത്യാനികൾക്കെതിരെ രാജ്യത്ത് പ്രതിദിനം മൂന്ന് അതിക്രമങ്ങൾ
ഡൽഹി: ക്രിസ്മസ് ദിനത്തിൽ പോലും ക്രൈസ്തവർക്ക് നേരെ രാജ്യത്ത് 23 ആക്രമണങ്ങൾ നടന്നതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യു സി എഫ്). പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ നേതാക്കൾക്ക് ക്രിസ്മസ് ദിനത്തിൽ സ്നേഹവിരുന്ന് ഒരുക്കിയെങ്കിലും ഹിന്ദുത്വശക്തികളുടെ അതിക്രമങ്ങൾക്ക് ഒരു കുറവും ഉണ്ടായിട്ടില്ലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ക്രൈസ്തവർക്കുനേരെ പ്രതിദിനം മൂന്ന് എന്ന കണക്കിൽ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നാണ് യുസിഎഫിൻ്റെ പുതിയ വെളിപ്പെടുത്തൽ. രാജ്യത്തെ വിവിധ ക്രിസ്ത്യൻ സഭാ വിഭാഗങ്ങൾ ചേർന്നുള്ള സംഘടനയാണ് യുസിഎഫ്.
ക്രിസ്മസിന് മുമ്പുള്ള കണക്കുകൾ പ്രകാരം പ്രതിദിനം രണ്ട് അക്രമങ്ങൾ വീതം ക്രിസ്ത്യാനികൾക്ക് നേരെ നടക്കുന്നുണ്ട് എന്നായിരുന്നു യുസിഎഫിൻ്റെ കണക്ക്. കഴിഞ്ഞ വർഷം അവസാനിക്കുന്ന ഏഴ് ദിവസത്തിനിടയിൽ മാത്രം 23 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉത്തർപ്രദേശിൽ 10, ആന്ധ്ര കർണാടക പഞ്ചാബ് എന്നിവിടങ്ങ ളിൽ മൂന്ന് വീതം, മധ്യപ്രദേശ്, ചത്തീസ്ഗഡ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഓരോന്ന് വീതവുമാണ് ഉണ്ടായിട്ടുള്ളത്. 2023 ഡിസംബർ 31 വരെ 720 അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് കണക്ക്.
പ്രധാനമന്ത്രിയുടെ വസതിയിൽ വിരുന്നൊരുക്കിയ ഡിസംബർ 25ന് പാസ്റ്റർമാരായ രാകേഷ്, അരുൺ, റാം, റാംകിഷോർ, അശോക് എന്നിവരെ യു പി പോലീസ് മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തു. രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കിയിട്ടുണ്ട്. മിക്കപ്പോഴും ക്രിസ്ത്യാനികള്‍ക്ക് നേരെ ഈ നിയമപ്രകാരമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേസുകള്‍ ചുമത്തുന്നത്. പൊലീസിനെ സ്വാധീനിച്ചാണ് പലപ്പോഴും ഈ നിയമപ്രകാരം കേസുകളെടുക്കുന്നത്. ഇതിന് പുറമെയാണ് അക്രമങ്ങൾ.
പ്രതിദിനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികള്‍ വര്‍ഗ്ഗീയ ശക്തികളില്‍ നിന്ന് നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ഹെല്‍പ്പ് ലൈനുകള്‍ വഴി അറിയിക്കാറുണ്ട്. ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ശേഷം ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ വന്‍തോതിലുള്ള വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് യുസിഎഫ് നാഷണല്‍ കോഓര്‍ഡിനേറ്റര്‍ എ.സി.മൈക്കിള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. 2014ല്‍ 147 അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2015 (177), 2016 (208), 2017 (240), 2018 (292), 2019 (328), 2020 (270), 2021 (505), 2022 (599) 2023 ഡിസംബര്‍ 31 വരെ 720 എന്നിങ്ങനെയാണ് ക്രൈസ്തവർക്കെതിരെ പീഡനങ്ങള്‍ നടന്നത്.
കഴിഞ്ഞ വര്‍ഷം ചത്തീസ്ഗഡില്‍ ആദിവാസി ക്രിസ്ത്യാനികള്‍ക്ക് നേരെ വര്‍ഗ്ഗീയ ശക്തികളില്‍ നിന്ന് വ്യാപകമായ അക്രമങ്ങളാണുണ്ടായത്. ആയിരത്തോളം ആദിവാസികള്‍ അവരുടെ വീടും ഗ്രാമങ്ങളും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. ഈ വര്‍ഷം മണിപ്പൂരില്‍ രാജ്യം കണ്ട ഏറ്റവും വലിയ വര്‍ഗ്ഗീയ കലാപത്തിനും സാക്ഷ്യം വഹിക്കേണ്ടി വന്നു. 175 പേരാണ് വര്‍ഗ്ഗീയ സംഘട്ടങ്ങളില്‍ കൊല്ലപ്പെട്ടത്. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. കൊള്ളയും കൊളളിവയ്പ്പും നടത്തിയതിന്റെ പേരില്‍ അയ്യായിരത്തിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 254 ക്രൈസ്തവ ദേവാലയങ്ങളാണ് മണിപ്പൂരില്‍ അഗ്നിക്കിരയാക്കിയത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളിലായി മണിപ്പൂരിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെ ഹിന്ദുത്വ ശക്തികള്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്ന് നീതി നടപ്പാക്കാന്‍ യാതൊരു ശ്രമങ്ങളും ഉണ്ടാകുന്നില്ല. മനുഷ്യാവകാശ സംഘടനയായ പിയുസിഎല്‍ പുറത്തു വിട്ട ‘ക്രിമിനലൈസിങ് പ്രാക്ടീസ് ഓഫ് ഫെയ്ത്ത്’ എന്ന റിപ്പോര്‍ട്ടില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ അധികാരിവര്‍ഗം തികഞ്ഞ മൗനം പാലിക്കുകയാണെന്ന് കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും മൈക്കിള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here