മൂന്ന് ഐപിഎസുകാര്‍ കൂടി കേരളം വിടുന്നു; രാഹുല്‍ ആര്‍ നായര്‍, ഇളങ്കോ, കറുപ്പസാമി എന്നിവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്; ഉത്തരവ് ഉടന്‍

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ടി.കെ.വിനോദ് കുമാര്‍ വിദേശത്തേക്ക് പോകാന്‍ അവധിയ്ക്ക് അപേക്ഷിച്ചതിന് പിന്നാലെ മൂന്ന് ഐപിഎസുകാര്‍ കൂടി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോകുന്നു. അനുമതി ലഭിച്ചാലുടന്‍ തന്നെ ഇവര്‍ പുതിയ ലാവണങ്ങളിലേക്ക് നീങ്ങും. ആംഡ് ബറ്റാലിയന്‍ ഡിഐജി രാഹുല്‍ ആര്‍.നായര്‍, കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കറുപ്പസാമി, എസ്പി ഇന്റലിജന്‍സ് (ടെക്നിക്കല്‍ ) ആര്‍.ഇളങ്കോ എന്നിവരാണ് കേന്ദ്രസര്‍വീസിലേക്ക് പോകുന്നത്. മികച്ച സര്‍വീസ് പശ്ചാത്തലമുള്ളവരാണ് മൂന്ന് പേരും. കറുപ്പസാമി ഇന്റലിജന്‍സ് ബ്യൂറോയിലേക്കും ഇളങ്കോ സിബിഐയിലേക്കും ആണ് പോകുന്നത്. രാഹുല്‍ നായര്‍ക്ക് സിഐഎസ്എഫാണ് സാധ്യത. ഉത്തരവ് ഉടന്‍ ഉണ്ടാകും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളുടെയും സുരക്ഷാ ചുമതല സിഐഎസ്എഫിനാണ്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക റോള്‍ കയ്യാളുന്നത് ഐബിയും ഉന്നത തലങ്ങളിലെ അഴിമതി അന്വേഷിക്കുന്നത് സിബിഐയുമാണ്‌.

വിജിലന്‍സ് ഡയറക്ടര്‍ ടി.കെ.വിനോദ് കുമാറിന്റെ അവധി അപേക്ഷയിന്മേല്‍ ഇതുവരെ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി ഈ കാര്യത്തില്‍ മനസ് തുറന്നിട്ടുമില്ല. പക്ഷെ ജനുവരിയോടെ വിനോദ് കുമാറിന്റെ അപേക്ഷയിന്മേല്‍ തീരുമാനമാവുമെന്നാണ് കരുതപ്പെടുന്നത്.

സസ്പെന്‍ഷനില്‍ കഴിയുന്ന ഐജി പി.വിജയനെ തിരിച്ചെടുത്ത് പോലീസ് വകുപ്പില്‍ തന്നെ നിയമിക്കാനാണ് സാധ്യത. വിജയന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സസ്പെന്‍ഷന്‍ റിവ്യൂ കമ്മറ്റി ശിപാര്‍ശ ചെയ്തിരുന്നു. അതേസമയം ജില്ലാ പോലീസ് മേധാവിമാരുടെ മാറ്റം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമായിരിക്കും ഉണ്ടാവുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top