റഷ്യൻ സൈന്യത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ച സംഘത്തിൽ മലയാളികളും; സിബിഐയുടെ പ്രതിപ്പട്ടികയിൽ മൂന്നു തിരുവനന്തപുരത്തുകാർ

റഷ്യൻ സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്‌ നടത്തിയെന്ന് ആരോപിച്ച് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് മലയാളികളും പ്രതികൾ. കഴിഞ്ഞയാഴ്ചയാണ് തട്ടിപ്പ് കണ്ടെത്തി സിബിഐ കേസെടുത്തത്. ഡൽഹിയിലെ സ്പെഷ്യൽ ക്രൈം ബ്യുറോ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ ആകെ 14 പ്രതികളാണുള്ളത്. ഇതിലാണ് തിരുവനന്തപുരത്തുകാരായ മൂന്നുപേരും ഉൾപ്പെട്ടിരിക്കുന്നത്.

തുമ്പ മേനംകുളം ഫാത്തിമ ആശുപത്രിക്കു സമീപം ടീന കോട്ടേ ജിൽ ടോമി, കഠിനംകുളം തെരുവിൽ തൈവിളാകത്തു റോബോ, പുതുക്കുറിച്ചി തെരുവിൽ തൈവിളാകത്തു ജോബ് എന്നിവരാണ് പ്രതിപ്പട്ടികയിലുളള മലയാളികൾ. കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ രാജ്യത്ത് ഏഴു കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരത്ത് പ്രതികളുടെ വീടുകളിലും രേഖകൾക്കായി സിബിഐ സംഘം എത്തിയിരുന്നു.

തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പ്രതിപ്പട്ടികയിലുണ്ട്. മനുഷ്യക്കടത്ത്‌, വിശ്വാസ വഞ്ചന ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് എഫ്ഐആറിൽ ചേർത്തിട്ടുള്ളത്. സൈന്യത്തിലേക്ക് മാത്രമല്ല, റഷ്യയിൽ ആരോഗ്യരംഗം അടക്കം വിവിധമേഖലകളിൽ ജോലി വാഗ്ദാനം ചെയ്തും പ്രതികൾ മനുഷ്യക്കടത്തു നടത്തിയതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. വലിയ ശമ്പളമാണ് വാഗ്ദാനം ചെയ്തിരുന്നത്. യുക്രെയിനുമായുള്ള യുദ്ധത്തിൻ്റെ സാഹചര്യവും പരിഗണിക്കാതെ പലരും തട്ടിപ്പിൽ വീണുപോയത് ഇക്കാരണത്താലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top