പുതുപ്പള്ളിയിൽ പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി മൂന്ന് നാൾ; ഹൈവോൾട്ടേജ് പ്രചാരണം

പുതുപ്പള്ളി: പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി മൂന്നു ദിവസം മാത്രം ബാക്കിനിൽക്കെ താരപ്രചാരകരെ മുഴുവൻ കളത്തിലിറക്കി പ്രചാരണം കൊഴിപ്പിക്കാനുള്ള ശ്രമത്തിലാണ് മൂന്നു മുന്നണികളും. മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗം എ.കെ.ആന്റണി, കേന്ദ്ര മന്ത്രിമാർ അടക്കമുള്ള ഉന്നത നേതാക്കൾ അവസാനവട്ട പ്രചാരണത്തിനായി പുതുപ്പള്ളിയിൽ വരുന്നുണ്ട്. ഈ മാസം അഞ്ചിനാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക. 53 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്.

പ്രാദേശിക വിഷയങ്ങൾ മുതൽ ദേശീയ രാഷ്ട്രീയം വരെ സജീവ ചർച്ചയാകുന്ന പുതുപ്പള്ളിയിലെ പോരാട്ടച്ചൂടിന് ഹൈവോൾട്ടേജാണ്. ഇടതു മുന്നണി സ്ഥാനാർത്ഥിയുടെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മണ്ഡലത്തിലെത്തും. മൂന്ന് പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി പ്രസംഗിക്കും. വൈകിട്ട് 4ന് മറ്റക്കര മണൽ ജംഗ്ഷനിലും 5ന് പാമ്പാടിയിലും 6ന് വാകത്താനത്തും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലാണ് മുഖ്യമന്ത്രി പ്രസംഗിക്കുക.

കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രമേശ് ചെന്നിത്തല എന്നിവടരടക്കമുള്ള നേതാക്കൾ യുഡിഎഫിനായി കളത്തിൽ സജീവമാണ്. ശശി തരൂരും എ.കെ.ആന്റണിയും അവസാന ഘട്ടത്തിൽ പ്രചാരണത്തിനെത്തും. ദേശീയ നേതാക്കളെ രംഗത്തിറക്കി ബിജെപിയും പ്രചാരണം കൊഴുപ്പിക്കുകയാണ്. ഓണം പ്രമാണിച്ച് നിർത്തിവച്ച വാഹന പര്യടനമാണ് ഇന്ന് പുനരാരംഭിക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top