വനിതാമന്ത്രി ആര്‍ക്കൊപ്പം? രൂക്ഷ വിമര്‍ശനവുമായി മുഖപ്രസംഗമെഴുതി മൂന്നു പത്രങ്ങള്‍; ‘അതിജീവിതയ്ക്കൊപ്പം നിന്ന നഴ്സിങ്ങ് ഓഫീസറോട് സര്‍ക്കാര്‍ പകപോക്കുന്നു’

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്നതിന് നഴ്സിങ്ങ് ഓഫീസര്‍ പി.ബി.അനിതയോട് സര്‍ക്കാര്‍ പക പോക്കുകയാണെന്ന് കടുത്ത വിമര്‍ശനം ഉന്നയിച്ച് മൂന്നു പത്രങ്ങള്‍ ഒരേദിനം മുഖപ്രസംഗം എഴുതിയത് സര്‍ക്കാരിന് കടുത്ത പ്രഹരമായി. വനിതക്കൊപ്പം, അതിജീവിതക്കൊപ്പം എന്നെല്ലാം ആവര്‍ത്തിച്ച് നിലപാടുകള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാരിലെ വനിതാമന്ത്രിയെ ഉന്നമിട്ടാണ് വിമര്‍ശനം. മലയാള മനോരമ, ദീപിക, കേരള കൗമുദി എന്നീ പത്രങ്ങളാണ് അതിജീവിതക്കൊപ്പം നിലപാടെടുത്ത് രംഗത്തെത്തിയത്.

വനിതാമന്ത്രി ആര്‍ക്കൊപ്പം എന്ന തലക്കെട്ടില്‍ മനോരമ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ അതിജീവിതയും നഴ്സിങ്ങ് ഓഫീസര്‍ പി.ബി.അനിതയും അനുഭവിച്ച ദുരിതങ്ങള്‍ എണ്ണി പറയുകയാണ്. ഒരു കൊടുംക്രൂരതയും അതിന്റെ തുടര്‍ച്ചയായുള്ള പകപോക്കലും അങ്ങേയറ്റം മനുഷ്യത്വരഹിതമായി മാറുകയാണ്. അനിതയുടെ ഭാഗത്തു നിന്നും ജോലിസംബന്ധമായ വീഴ്ചയുണ്ടെന്ന് ആരോഗ്യമന്ത്രി പറയുമ്പോള്‍ തെളിയുന്നത് പകപോക്കലിന്റെ സര്‍ക്കാര്‍ ധാര്‍ഷ്ട്യം തന്നെയാണ്. ഏത് സമയത്തായാലും പ്രതികരിക്കരുത് എന്ന സന്ദേശമാണ് മന്ത്രി നല്‍കുന്നതെന്നും മനോരമ വിമര്‍ശിക്കുന്നു. ഹൈക്കോടതിയുടെ ഉത്തരവ് പോലും പാലിക്കാതെ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന പ്രതികാരനടപടി നിര്‍ഭാഗ്യകരമാണ്. അതിജീവിതയ്ക്കൊപ്പം നിന്നതിന് സമ്മര്‍ദവും അപമാനവും അനുഭവിക്കേണ്ടി വരുന്നതാണോ സ്ത്രീപക്ഷ കേരളത്തിന്റെ മുഖമുദ്രയെന്ന ചോദ്യവും എഡിറ്റോറിയല്‍ ഉയര്‍ത്തുന്നുണ്ട്.

സ്ത്രീസൗഹൃദം പ്രസംഗത്തില്‍ മാത്രമെന്ന വിമര്‍ശനമാണ് കേരള കൗമുദി ഉയര്‍ത്തുന്നത്. സത്യത്തിനും നീതിക്കും വേണ്ടി നിര്‍ഭയമായി നിന്നുവെന്ന ഒരു കുറ്റമേ അനിത ചെയ്തിട്ടുള്ളൂ. അതോടെ അവര്‍ അധികൃതരുടെ കണ്ണിലെ കരടായി. സ്ഥലംമാറ്റത്തിനെതിരെ നിയമപോരാട്ടം നടത്തിയതോടെയാണ് സര്‍ക്കാര്‍ വക പ്രതികാരം തലപൊക്കിയത്. ഇത് നല്‍കുന്ന സന്ദേശം എന്താണ്. മറ്റൊരു മെഡിക്കല്‍ കോളേജില്‍ ഇത്തരം പീഡനമുണ്ടായാല്‍ പുറത്തു പറയരുതെന്നും പറഞ്ഞാല്‍ നടപടിയുണ്ടാകുമെന്നുമാണോ എന്നാണ് കേരള കൗമുദിയുടെ ചോദ്യം. കോടതി ഉത്തരവിട്ടാലും ഞങ്ങള്‍ സര്‍വീസ് സംഘടനകള്‍ക്കൊപ്പമേ നില്‍ക്കൂ എന്നതു കൂടി ബോധ്യപ്പെടുത്തുന്ന സംഭവമണിതെന്നും വിമര്‍ശിക്കുന്നു.

ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുതെന്നാണ് ദീപക ആവശ്യപ്പെടുന്നത്. അനിതയ്ക്കെതിരെ നടക്കുന്നത് ഭരണകൂട അസഹിഷ്ണുതയാണ്. ഇതിന്റെ അടുത്തപടിയാണ് വിമര്‍ശിക്കുന്നവരോടും വിരോധമുളളവരോടും കാണിക്കുന്ന ഭരണകൂട ഭീകരത. വൈരാഗ്യ ബുദ്ധിയോടെയുള്ള സര്‍ക്കാരിന്റെ നടപടികളില്‍ ജനരോഷമുയര്‍ന്നപ്പോഴാണ് ആരോഗ്യമന്ത്രി പുതിയ ന്യായീകരണവുമായി രംഗത്തെത്തിയത്. അതിജീവിതയെ ജീവനക്കാര്‍ ഭീഷണിപ്പെടുത്താന്‍ കാരണം ഭീഷണിക്കാര്‍ക്കെതിരെ മൊഴി നല്‍കിയ അനിതയാണെന്ന വിചിത്രവാദമാണ് മന്ത്രി ഉയര്‍ത്തുന്നത്. യൂണിയനുകളുടെ അപ്രീതിക്ക് പാത്രമായാല്‍ അതിജീവനം ബുദ്ധിമുട്ടാകുമെന്ന സ്ഥിതി ആശാസ്യമല്ല. ഇവരാണ് കേജ്രിവാളിന് നീതി വാങ്ങികൊടുക്കാന്‍ വിമാനം കയറുന്നത്. ഇത്തിരി ഉളുപ്പ് വേണമെന്നും ദീപിക പരിഹസിക്കുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top