മൂന്നുവയസുകാരിയെ പുലി ആക്രമിച്ച് കൊന്നു; പ്രതിഷേധിച്ച് നാട്ടുകാര്‍, പന്തല്ലൂരില്‍ നാളെ ഹര്‍ത്താല്‍
നീലഗിരി: പുലിയുടെ ആക്രമണത്തില്‍ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. നീലഗിരി ഗൂഡല്ലൂര്‍ തോണ്ടിയാളത്തിലാണ് പുലിയുടെ അക്രമണത്തില്‍ കുട്ടി കൊല്ലപ്പെട്ടത്. ഝാർഖണ്ഡ് സ്വദേശികളുടെ മകളായ നാന്‍സിയാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. അങ്കണവാടിയില്‍ പോയി തിരികെ അമ്മയോടൊപ്പം തോട്ടത്തിലൂടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പുലിയുടെ ആക്രമണത്തില്‍ കുട്ടി മരിച്ചതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നാളെ പന്തല്ലുരില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലുക്കുകളില്‍ വൈകിട്ട് റോഡ് ഉപരോധിച്ചു. ഇതോടെ നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു കുട്ടി ഉള്‍പ്പടെ നാല് പേരാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. മൂന്ന് വയസുകാരി ഉള്‍പ്പടെ രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായി. മൂന്ന് ആഴ്ചയ്ക്കിടെ അഞ്ചിടങ്ങളിലാണ് പന്തല്ലൂരില്‍ പുലിയുടെ ആക്രമണം ഉണ്ടായത്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നത് തുടരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഇല്ലാത്തതിനെ പ്രതിഷേധിച്ചാണ് സമരം. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ തുടങ്ങിയ റോഡ് ഉപരോധം മണിക്കൂറുകളോളം നീണ്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here