കൗമാരക്കാരൻ അടക്കം മൂവർസംഘം പോലീസ് ജീപ്പിൻ്റെ ചില്ലെറിഞ്ഞു തകർത്തു!! കാരണം കേട്ട് അമ്പരന്ന് പോലീസുകാർ…

ബൈക്കിൽ പോലീസ് സ്റ്റേഷന് മുന്നിലെത്തി മുറ്റത്ത് കിടക്കുന്ന ജീപ്പിൻ്റെ ചില്ല് കല്ലെറിഞ്ഞു തകർക്കുക!! സുബോധമുള്ള ആരെങ്കിലും ചെയ്യുന്ന കാര്യമാണോയെന്ന് എല്ലാവരും ഓർക്കും. അല്ലെങ്കിൽ എന്തെങ്കിലും വിരോധം പോലീസിനോട് ഉണ്ടാകണം. അതുമില്ല. പിന്നെന്ത് കാര്യം? അത് തന്നെയാണ് തൃശൂർ വെസ്റ്റ് സ്റ്റേഷനിലെ പോലീസുകാരും ഓർത്തത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒൻപതോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂവർസംഘമാണ് വെസ്റ്റ് പൊലീസ് സ്റ്റേഷന്റെ മുന്നിൽ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന വണ്ടിക്കുനേരെ കല്ലെറിഞ്ഞത്. നിരീക്ഷണ ക്യാമറകൾ പരിശോധിച്ച് പ്രതികളെ കണ്ടെത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്, ഒരാൾക്ക് പ്രായപൂർത്തിയായിട്ടുമില്ല.
ലാലൂർ തോപ്പിൻപറമ്പിൽ പ്രജിത്ത് (19), കരൂർ സന്തോഷ് (18), പ്രായപൂർത്തിയാകാത്ത പതിനേഴുകാരൻ എന്നിവരാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൗമാരക്കാരനെ ഒബ്സർവേഷൻ ഹോമിലാക്കി. ബാക്കി രണ്ടു പ്രതികളെ കോടതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
പ്രത്യേകിച്ചു പ്രകോപനമൊന്നും ഇല്ലാതെയാണ് പ്രതികൾ പോലീസ് സ്റ്റേഷനിലെത്തി ഈ ആക്രമണം നടത്തിയത്. വെറുതെ ചെയ്തു എന്നാണ് ഇവരുടെ മൊഴി. ലഹരിയിലാണോ ചെയ്തതെന്ന് പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. കുപ്രസിദ്ധി നേടാനുള്ള ശ്രമമെന്ന നിഗമനത്തിലാണ് ഒടുവിൽ ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here