‘സുരേഷ് ഗോപിയുടെ ആണത്തം’ സഭയുടെ രാഷ്ട്രീയ നിലപാടല്ല; മുഖപത്രത്തിലെ വിമർശനത്തില്‍നിന്നും പിന്‍വലിഞ്ഞ് തൃശൂർ അതിരൂപത

തൃശൂര്‍: ബിജെപിക്കും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുന്ന സുരേഷ് ഗോപിക്കും എതിരായ വിമര്‍ശനം തള്ളി തൃശൂര്‍ അതിരൂപത. മുഖപത്രമായ ‘കത്തോലിക്ക സഭ’യില്‍ വന്ന വിമർശനം സഭയുടെ രാഷ്ട്രീയ നിലപാടല്ലെന്നാണ് സഭാവക്താവ് ഫാദര്‍ സി.എസ്. സിംസണിൻ്റെ വിശദീകരണം.

സഭയുടെ ഔദ്യോഗിക നിലപാട് അറിയിക്കുന്ന മുഖപത്രം അല്ല ‘കത്തോലിക്കാ സഭ’. സഭയുടെ കീഴിലുള്ള ഒരു സംഘടനയുടെ മണിപ്പുര്‍ വിഷയത്തിലുണ്ടായ പ്രതിഷേധസമരത്തിന്റെ റിപ്പോര്‍ട്ടിംഗ് മാത്രമാണ് പത്രത്തിൽ വന്നത്. സഭയുടെ ഔദ്യോഗിക നിലപാട് അറിയിക്കുകയോ പറയുകയോ ചെയ്തതല്ല എന്നാണ് സഭാവക്താവ് പറയുന്നത്.

അങ്ങ് മണിപ്പൂരിലും യുപിയിലും നോക്കിയിരിക്കരുത്. അതൊക്കെ നോക്കാന്‍ ആണുങ്ങളുണ്ട് എന്ന സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ മുമ്പ് സീറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപത രംഗത്ത് വന്നിരുന്നു. മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ട് തേടലിനെതിരെ ജനം ജാഗരൂകരാണ്. തിരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികള്‍ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേര്‍തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ വോട്ടര്‍മാര്‍ കാണിക്കാറുണ്ട്. സുരേഷ് ഗോപിയുടെ മണിപ്പൂർ സംഭവത്തെക്കുറിച്ചുള്ള പ്രസ്താവനയില്‍ സഭ പ്രതിഷേധം രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു രൂക്ഷ വിമർശനവുമായി മുഖപത്രമായ ‘കത്തോലിക്കാ സഭ’ രംഗത്തെത്തിയത്.

മണിപ്പൂര്‍ കലാപം തടയാന്‍ കേന്ദ്രത്തിലെ ‘ആണുങ്ങള്‍ക്ക് ‘ കഴിഞ്ഞില്ലെന്നായിരുന്നു തൃശൂര്‍ അതിരൂപത മുഖപത്രത്തിൻ്റെ വിമർശനം. തൃശൂരില്‍ പാര്‍ട്ടിക്ക് പറ്റിയ ആണുങ്ങള്‍ ഇല്ലാത്തത് കൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ് ഗോപിയോടുള്ള ‘കത്തോലിക്കാ സഭ’യുടെ ചോദ്യം. തിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്നും അതിരൂപതാ മുഖപത്രം തുറന്നടിച്ചിരുന്നു.

മണിപ്പൂരിലെയും കേന്ദ്രത്തിലേയും ഭരണാധികാരികളുടെ നിഷ്‌ക്രിയത്വം തിരഞ്ഞെടുപ്പില്‍ മറച്ചു പിടിക്കാനാവില്ല. ഞങ്ങള്‍ക്ക് വോട്ട് ചെയ്യുക, ഇവിടേയും മണിപ്പൂര്‍ ആവര്‍ത്തിക്കാമെന്നാണ് ആണുങ്ങള്‍ പറയുന്നതെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

തൃശൂര്‍ ഇങ്ങ് എടുക്കുവാണെന്ന സുരേഷ്‌ഗോപിയുടെ ഡയലോഗിനേയും കണക്കറ്റ് മുഖപത്രത്തില്‍ പരിഹസിക്കുന്നുണ്ട്. മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ‘ആണുങ്ങള്‍’ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആണത്തമുണ്ടോയെന്നാണ് മറ്റൊരു ചോദ്യം. മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും ‘കത്തോലിക്കാ സഭ’ വിമര്‍ശിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top