നാമക്കൽ എസ്പിയുടെ കീഴിൽ നാലുസംഘങ്ങള്‍; തൃശൂര്‍ എടിഎം കവര്‍ച്ചയില്‍ തമിഴ്നാട് പോലീസ് അന്വേഷണം ശക്തമാക്കുന്നു

തൃശൂര്‍ എസ്ബിഐ എടിഎമ്മുകളില്‍ നിന്നും പണം കവര്‍ന്ന് മുങ്ങിയ ശേഷം നാമക്കലില്‍ നിന്നും പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഹരിയാനയിലെ ജമാലുദ്ദീൻ (37), അസർ അലി (30), ഇർഫാൻ (32), സാബിർഖാൻ (26), മുബാറക് (18), എസ്. ഷൗക്കീൻ (21), മുഹമ്മദ് ഇക്രാം (42) എന്നിവരാണ് അറസ്റ്റിലായത്. കുമാരപാളയം കോടതിയിലാണ് ഹാജരാക്കിയത്.

കാലില്‍ വെടിയേറ്റ ഒരു പ്രതി അസർ അലി ചികിത്സയിലാണ്. ലോറി ഡ്രൈവർ ജമാലുദ്ദീൻ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രതികളെ പിടിച്ചെങ്കിലും അന്വേഷണം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ്‌ തമിഴ്നാട് പോലീസിന്റെ തീരുമാനം. നാമക്കൽ എസ്പിയുടെ കീഴിൽ നാലുസംഘങ്ങളെ പോലീസ് നിയോഗിച്ചിട്ടുണ്ട്. എടിഎമ്മില്‍ നിന്നും കവര്‍ന്ന 64 ലക്ഷം രൂപയും കാറും കണ്ടെയ്‌നർ ലോറിയും പോലീസ് കസ്റ്റഡിയിലാണ്.

കാറില്‍ മോഷണം നടത്തുകയും അതേ കാര്‍ കണ്ടെയ്നറില്‍ കടത്തി കേരളത്തില്‍ നിന്നും രക്ഷപ്പെട്ട പ്രതികളുടെ രീതിയാണ് പോലീസിനെ ഇരുത്തി ചിന്തിപ്പിക്കുന്നത്. മോഷ്ടിച്ച കാറുകളും ബൈക്കുകളുമൊക്കെ പ്രതികള്‍ ഈ രീതിയില്‍ കടത്തിയിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് പോലീസ്.

മോഷ്ടിച്ച കാര്‍ കണ്ടെയ്നറില്‍ കടത്തുമ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള അന്വേഷണം ഫലം കാണില്ല. പ്രതികളുടെ കയ്യില്‍ നിന്നും വ്യാജ നമ്പര്‍ പ്ലേറ്റും പിടിച്ചെടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സമഗ്ര അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്. പ്രതികളെ കേരള, തമിഴ്‌നാട്, ആന്ധ്രപ്രദേശ് പോലീസ് സംഘങ്ങൾ ചോദ്യംചെയ്തിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top