എടിഎം കവര്‍ച്ചകളില്‍ പിടിയിലായത് ‘ബാവരിയ സംഘ’മെന്ന് സൂചന; വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് കണ്ടെയ്നര്‍ ഡ്രൈവര്‍
തൃശൂര്‍ എസ്ബിഐ എടിഎമ്മുകളില്‍ നിന്നും പണം കവര്‍ന്നവര്‍ ഹരിയാന കേന്ദ്രമാക്കുന്ന ബാവരിയ സംഘത്തിലുള്ളവര്‍ എന്ന സംശയത്തില്‍ നാമക്കല്‍ പോലീസ്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65 ലക്ഷമാണ് സംഘം കവര്‍ന്നത്. മോഷണത്തിന് ഉപയോഗിച്ച കാര്‍ ഒരു ട്രക്കിനുള്ളില്‍ കയറ്റിയാണ് ഇവര്‍ തൃശൂരില്‍ നിന്നും രക്ഷപ്പെട്ടത്.
തമിഴ്നാട് നാമക്കലില്‍ ഇവരുടെ ട്രക്ക് മറ്റുവാഹനങ്ങളില്‍ ഇടിച്ചതോടെയാണ് കവര്‍ച്ചാസംഘം കുടുങ്ങാന്‍ കാരണമായത്. തുടര്‍ അപകടങ്ങള്‍ വരുത്തിയ ട്രക്ക് നാല് കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പോലീസ് പിടിച്ചത്. ഏറ്റുമുട്ടലില്‍ സംഘത്തിലെ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പോലീസ് സംഘത്തിലെ രണ്ടുപേര്‍ക്ക് പരുക്കേറ്റു.
ആറംഗ സംഘത്തിലെ നാലുപേരാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്. മരിച്ചയാളുടെ മൃതദേഹം പള്ളിപ്പാളയം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ ജമാദീന്‍ (37) കൊല്ലപ്പെട്ടത് എന്നാണ് പുറത്തുവന്ന വിവരം. പിടിയിലായവരെ നാമക്കല്‍ പോലീസ് ചോദ്യം ചെയ്യുകയാണ്. തൃശൂര്‍ പോലീസ് എത്തി ഇവരെ ഏറ്റുവാങ്ങും.
എസ്കെ ലോജിസ്റ്റിക് എന്ന കണ്ടെയ്നറില്‍ ആണ് കവര്‍ച്ചാസംഘം സഞ്ചരിച്ചത്. ഇന്ത്യയിലെ പ്രമുഖ ഷിപ്പിംഗ് കമ്പനിയാണ് എസ്കെ ലോജിസ്റ്റിക്. ഈ കണ്ടെയ്നറിലാണ് കാര്‍ ഒളിപ്പിച്ചത്.
ഹരിയാനയില്‍ നിന്നുള്ള സംഘം നാമക്കലില്‍ ഒളിവില്‍ താമസിച്ചാണ് കവര്‍ച്ച ആസൂത്രണം ചെയ്യുന്നത് എന്ന വിവരമാണ് പോലീസിന് ലഭിച്ചത്. പോലീസുകാരെ ആക്രമിക്കാനും രക്ഷപ്പെടാനും ശ്രമിച്ച രീതിയാണ് ഇവര്‍ ബാവരിയ സംഘത്തില്‍ ഉള്ളവര്‍ എന്ന സംശയം ഉയര്‍ത്തുന്നത്. പിടിക്കപ്പെടും എന്ന് മനസിലായപ്പോള്‍ ട്രക്ക് ഉപേക്ഷിച്ച് കടന്നുകളയാനും പോലീസുകാരെ ആക്രമിക്കാനും ശ്രമിച്ചിരുന്നു. ഇവരുടെ കയ്യില്‍ ആയുധങ്ങളുമുണ്ടായിരുന്നു. വെടിവച്ചാണ് പോലീസ് അക്രമികളെ കീഴടക്കിയത്.
ഒരു ജില്ലയിൽ കുറച്ചുകാലം തങ്ങി കവർച്ചകളും മോഷണങ്ങളും നടത്തുകയും പിന്നീട് അവിടം വിടുകയും ചെയ്യുന്ന രീതിയാണ് കവര്‍ച്ചാ സംഘം സ്വീകരിച്ചത്. ഒരു കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിന് മുന്‍പ് അവർ സമഗ്രമായ പഠിക്കുകയും കവര്‍ച്ചാസമയത്ത് ആർക്കും നേരെയും അക്രമം നടത്തുകയും ചെയ്യും. ഇത് ബാവരിയ കവര്‍ച്ചാസംഘത്തിന്റെ രീതിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.
കൊള്ളയും കൊലയും പതിവാക്കിയപ്പോള്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയളിത അമര്‍ച്ച ചെയ്ത കൊള്ളസംഘമാണിത്. ഈ സംഘം ഇപ്പോഴും പ്രവര്‍ത്തനം തുടരുന്നുവെന്നാണ് തൃശൂരിലെ എസ്ബിഐ എടിഎം കവര്‍ച്ച തെളിയിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here