മൊബൈൽ പൊട്ടി മരണമെന്ന കേസ്; തൃശൂർ പോലീസിന് ഗുരുതര വീഴ്ച, നടപടി വന്നേക്കും

തൃശൂർ: എട്ടുവയസുകാരിയുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറി മൊബൈൽ ഫോൺ കാരണമെന്ന് കരുതിയ കേസിൽ സുപ്രധാന വിവരം പോലീസ് അവഗണിച്ചത് ആറു മാസത്തിലെറെ. പോസ്റ്റുമോർട്ടം നടത്തിയ പോലീസ് സർജൻ ആദ്യം തന്നെ നൽകിയ മുന്നറിയിപ്പ് അന്വേഷണസംഘം അവഗണിച്ചു. പൊട്ടിയത് മൊബൈൽ ഫോൺ അല്ലെന്നും സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം ഉണ്ടെന്നും വ്യക്തമാക്കി ഫോറൻസിക് ലാബ് അയച്ച റിപ്പോർട്ടും മൂന്നുമാസം പോലീസ് പരിഗണിച്ചില്ല. ഒടുവിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് സംസ്ഥാന ഇൻ്റലിജൻസ് തലപ്പത്ത് നിന്ന് കിട്ടിയ മുന്നറിയിപ്പ് ആണ് കേസിന് ജീവൻ വയ്പ്പിച്ചത്. ആദിത്യശ്രീയുടെ ജീവനെടുത്തത് മൊബൈൽ ഫോൺ അല്ലെന്നും മറ്റൊരു സ്ഫോടകവസ്തു ആണെന്നുമുള്ള വിവരം മാധ്യമ സിൻഡിക്കറ്റ് ഇന്നലെ പുറത്തുവിടുകയും പിന്നാലെ മറ്റെല്ലാ മാധ്യമങ്ങളും ഏറ്റെടുക്കുകയും ചെയ്ത ശേഷമാണ് കേസിൽ ഗൌരവമുള്ള ഇടപെടൽ ഉണ്ടായത്. ഗുരുതര വീഴ്ചകളുടെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥൻ അടക്കം തൃശൂർ പോലീസിലെ പ്രമുഖർക്കെതിരെ നടപടി വന്നേക്കും.

കയ്യിലിരുന്ന ഫോൺ പൊട്ടിയാൽ ഉണ്ടാകാവുന്ന പരിക്കല്ല എട്ടുവയസുകാരിയുടെ മുഖത്ത് ഉണ്ടായതെന്ന് തൃശൂർ മെഡിക്കൽ കോളജിലെ ഫോറൻസിക് തലവൻ എ കെ ഉന്മേഷ് അടക്കം ഡോക്ടർമാരുടെ സംഘം മൊഴി നൽകിയിരുന്നു. കുട്ടിയുടെ വായിൽ നിന്നെടുത്ത സാംപിളുകളിൽ സംശയകരമായവ പരാമർശിച്ച് റിപ്പോർട്ടും നൽകി. എന്നിട്ടും ഇവയുടെ അടിസ്ഥാനത്തിൽ അന്വേഷിക്കാനോ ഫോറൻസിക് ലാബിലെ പരിശോധന വേഗത്തിലാക്കാനോ പോലീസ് ഇടപെട്ടില്ല. ഒടുവിൽ ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ തിരുവനന്തപുരത്ത് നിന്ന് എഫ്എസ്എൽ റിപ്പോർട്ട് തൃശൂരിൽ അന്വേഷണ സംഘത്തിന് എത്തിയിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയില്ല. സ്ഫോടകവസ്തുക്കളിൽ കാണുന്ന പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവ കുട്ടിയുടെ ശരീരത്തിൽ നിന്നെടുത്ത സാംപിളുകളിൽ കണ്ടെത്തിയെന്ന ഏറ്റവും നിർണായക വിവരം ഈ റിപ്പോർട്ടിലാണ് ഉണ്ടായിരുന്നത്. പൊട്ടിത്തെറിച്ചുവെന്ന് പോലീസ് പറയുന്ന മൊബൈൽ ഫോണിൻ്റെ ബാറ്ററിക്ക് തകരാറില്ല എന്നും കൃത്യമായി പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞയാഴ്ച സംസ്ഥാന ഇൻ്റലിജൻസ് വഴി തൃശൂർ സിറ്റി പോലീസ് കമ്മിഷണർക്ക് വിവരം കിട്ടിയതാണ് നിർണായകമായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് സുപ്രധാന വിവരങ്ങൾ അവഗണിക്കപ്പെട്ടുവെന്ന് കണ്ടെത്തിയത്. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാണ് കുട്ടി മരിച്ചതെന്ന ധാരണയിൽ അന്വേഷണം ഏറെക്കുറെ അവസാനിപ്പിച്ച മട്ടായിരുന്നു. ഫോറൻസിക് റിപ്പോർട്ടിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന് പ്രാഥമിക ധാരണ പോലും ഉണ്ടായിരുന്നില്ല. സ്റ്റേഷൻ ചുമതലയുള്ളവർ അറിയിച്ചിരുന്നില്ല എന്ന് ചുരുക്കം. ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലം മാറിപ്പോയ ശേഷമുണ്ടായ ആശയക്കുഴപ്പമാണ് വീഴ്ചക്ക് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. വാർത്ത പുറത്തുവന്ന ശേഷം മാധ്യമങ്ങളോട്, പൊട്ടിയത് പന്നിപ്പടക്കമാണെന്ന് വിശദീകരിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും അതിനാവശ്യമായ എന്ത് പരിശോധന നടത്തിയെന്ന് ഉന്നതലത്തിൽ നിന്ന് ചോദ്യമുണ്ടായി. കൂടുതൽ വ്യക്തത ഉണ്ടായ ശേഷമല്ലാതെ വിശദീകരണങ്ങൾ നൽകി വിഷയം വഷളാക്കരുതെന്ന നിർദേശവും നൽകി.

റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച ചില ഉന്നതതല കൂടിയാലോചനകൾ നടന്നെങ്കിലും ഇന്നലെ വാർത്ത പുറത്തുവന്ന ശേഷമാണ് ആദിത്യശ്രീയുടെ മാതാപിതാക്കളെ പോലീസ് ധരിപ്പിച്ചത്. മുൻപ് പോലീസ് അറിയിച്ചത് ഇപ്പോൾ മാറ്റിപ്പറയുകയാണെന്നും ഇത് ഉൾക്കൊള്ളാൻ കഴിയില്ല എന്നുമുള്ള അവരുടെ പ്രതികരണം ഇന്നലെ രാത്രിയോടെ പുറത്തുവന്നിരുന്നു. വീട്ടുകാരുടെയും അടുപ്പക്കാരുടെയുമെല്ലാം സഹകരണത്തോടെ അല്ലാതെ തുടരന്വേഷണം എളുപ്പമാകില്ല. കുട്ടിയുടെ കൈവശം എത്തിയ സ്ഫോടകവസ്തു എന്താണ്, എവിടെ നിന്നാണ് എന്നെല്ലാമുള്ള നിർണായക വിവരമാണ് അന്വേഷണ സംഘത്തിന് കണ്ടെത്താനുള്ളത്. സംഭവം നടന്ന് ഏഴുമാസം എത്തിയിരിക്കെ, ഈ കാലതാമസം അന്വേഷണത്തിൽ തിരിച്ചടിയാകും. അതുകൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനുള്ള സാധ്യതയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top