തൃശൂരിലെ കൂട്ടത്തല്ലില്‍ നടപടി; ഡിസിസി പ്രസിഡന്റിനോട് സ്ഥാനം ഒഴിയാന്‍ നിര്‍ദ്ദേശം; കടുത്ത നടപടിക്ക് നിര്‍ദേശം നല്‍കിയത് ഹൈക്കമാന്‍ഡ്

തൃശൂര്‍ ലോക്സഭാ സീറ്റില്‍ കെ.മുരളീധരന് ഏറ്റ തോല്‍വിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ പൊട്ടിത്തെറി തുടരുന്നു. ഡിസിസി ഓഫീസില്‍ നേതാക്കള്‍ തമ്മില്‍ നടന്ന കൂട്ടത്തല്ലിന് ശേഷം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനോട്‌ സ്ഥാനമൊഴിയാന്‍ നിര്‍ദേശം. കേന്ദ്ര നേതൃത്വമാണ് നിര്‍ദേശം നല്‍കിയത്. ഹൈക്കമാന്‍ഡ് നിര്‍ദേശം കെപിസിസിയെ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിക്കും മുന്നണിക്കും ആകെയുണ്ടായ നാണക്കേടിന്റെ പശ്ചാത്തലത്തിലാണ് നടപടി. ജോസ് വള്ളൂരിനും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം.പി.വിന്‍സെന്റിനും എതിരെയും നടപടി വന്നിട്ടുണ്ട്. വിന്‍സെന്റിനോടും രാജി സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തൃശൂരിലെ തോല്‍വിയുമായി ബന്ധപ്പെട്ട് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, ടി.എന്‍. പ്രതാപന്‍ എന്നിവര്‍ക്കെതിരേ ഡിസിസിയുടെ മതിലില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിച്ച പോസ്റ്ററിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം കൈയേറ്റത്തിലെത്തിയത്. പോസ്റ്റര്‍ പതിച്ചത് സജീവന്‍ കുരിയച്ചിറയുടെ അറിവോടെയാണെന്നാരോപിച്ചാണ് ബഹളം തുടങ്ങിയത്. ഡിസിസി സെക്രട്ടറിയും ഏതാനും പ്രവര്‍ത്തകരും ജോസ് വള്ളൂരുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സജീവന്‍ കുരിയച്ചിറയെ മര്‍ദിക്കുകയായിരുന്നുവെന്നാണ് കെ.മുരളീധരന്‍ വിഭാഗത്തിന്റെ ആരോപണം.

തൃശൂരിലെ തോല്‍വിയെക്കുറിച്ച് അന്വേഷണം വേണമെന്ന് കെ.മുരളീധരന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ തൃശൂര്‍, ആലത്തൂര്‍ ലോക്സഭാ സീറ്റിലെ തോല്‍വിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നുള്ള നിര്‍ദേശം നേതൃത്വം നല്‍കിയിട്ടുണ്ട്. ആരോപണവിധേയനായ ടി.എന്‍.പ്രതാപന്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി വന്നിട്ടില്ല. പക്ഷെ കടുത്ത നടപടികള്‍ക്ക് എഐസിസി നേതൃത്വം മുതിര്‍ന്നേക്കും എന്ന് സൂചനയുണ്ട്. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള രണ്ട് സീറ്റും കോണ്‍ഗ്രസിന് നിര്‍ണായകമായിരുന്നു. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്നതും സിറ്റിംഗ് സീറ്റില്‍ കോണ്‍ഗ്രസ് മൂന്നാമത് പോയതും ഗൗരവമായാണ് ഹൈക്കമാന്‍ഡ് കാണുന്നത്. നഷ്ടമായ രണ്ട് സീറ്റും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകള്‍ കൂടിയായിരുന്നു. അതുകൊണ്ട് തന്നെയാണ് കടുത്ത നടപടികള്‍ക്ക് നേതൃത്വം ഒരുങ്ങുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top