തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവച്ചു; പൊട്ടിക്കരഞ്ഞ് അണികള്‍; കെ മുരളീധരന് രൂക്ഷവിമര്‍ശനം; കോണ്‍ഗ്രസ് ഓഫീസില്‍ വൈകാരിക രംഗങ്ങള്‍
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും യുഡിഎഫ് കണ്‍വീനര്‍ എംപി വിന്‍സെന്റും രാജിവച്ചു. തോല്‍വിക്ക് പിന്നാലെ ഡിസിസി ഓഫീസില്‍ കൂട്ടത്തല്ല് നടന്നിരുന്നു. ഇതോടെയാണ് എഐസിസി നേതൃത്വം ഇരുവരുടേയും രാജി ആവശ്യപ്പെടുകയായിരുന്നു.
ഡല്‍ഹിയിലായിരുന്ന നേതാക്കള്‍ ഇന്ന് തിരിച്ചെത്തിയ ശേഷം പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് രാജി പ്രഖ്യാപനം നടത്തിയത്. ഇതോടെ വൈകാരികമായ പ്രതികരണം പ്രവര്‍ത്തകരില്‍ നിന്നുമുണ്ടായി. പൊട്ടിക്കരഞ്ഞാണ് പലരും ഇതിനോട് പ്രതികരിച്ചത്. ഒപ്പം തൃശൂരിലെ സ്ഥാനാര്‍ത്ഥിയായ കെ മുരളീധരനെതിരേയും വിമര്‍ശനമുണ്ടായി. അവസാന നിമിഷം സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കുകയായിരുന്നു. മുരളീധരന്‍ വോട്ട് ചോദിച്ച രീതി ശരിയല്ല. കാണിക്കാന്‍ വേണ്ടി വന്ന് നിന്നു എന്ന നിലയാണ് ഉണ്ടായിരുന്നത്. അതിനാലാണ് തോറ്റത്. അതിന് ജോസ് വള്ളൂരിനെ ബലിയാടാക്കുകയാണെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചപ്പോള്‍ സിറ്റിങ് സീറ്റില്‍ കോണ്‍ഗ്രസ് മൂന്നാമതായിരുന്നു. ഇതോടെയാണ് ഡിസിസിയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. നേതാക്കളുടെ പേരെടുത്ത് വിമര്‍ശിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഡിസിസി ഓഫീസില്‍ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here