മാലിന്യ സംഭരണിയില്‍ ഇറങ്ങിയ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; അപകടം തൃശൂര്‍ മാളയില്‍
തൃശൂര്‍ മാളയില്‍ ബേക്കറിയുടെ നിർമാണ യൂണിറ്റിലെ മാലിന്യ സംഭരണിയില്‍ ഇറങ്ങിയ രണ്ട് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. ജിതേഷ്(45), ചൂരിക്കാടന്‍ സുനില്‍(55) എന്നിവരാണ് മരിച്ചത്. ഉച്ചയോടെയാണ് അപകടം.
കോണി വഴി മാന്‍ഹോളിലേക്ക് ജിതേഷാണ് ആദ്യം ഇറങ്ങിയത്. ശ്വാസതടസ്സം നേരിട്ടപ്പോള്‍ കുഴഞ്ഞുവീണു. ജിതേഷിനെ രക്ഷിക്കാനാണ് സുനില്‍ ഇറങ്ങിയത്. മാലിന്യത്തില്‍ അകപ്പെട്ടതോടെ രണ്ടുപേരും മരിക്കുകയായിരുന്നു.
സ്ഥാപന ഉടമ ജോഫ്രിന്‍ ആ സമയത്ത് അവിടെയുണ്ടായിരുന്നു. ഇയാളും ഇറങ്ങിയെങ്കിലും ശ്വാസതടസം നേരിട്ടതോടെ തിരികെ കയറി. ചാലക്കുടി അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ഓക്സിജന്‍ സിലിണ്ടറുമായി ഇറങ്ങിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ഏകദേശം ഏഴടി ആഴമുള്ള ടാങ്കില്‍ മൂന്നടിയോളം ചെളി നിറഞ്ഞിരുന്നു. ഒരാള്‍ക്ക് കഷ്ടിച്ച് കടക്കാന്‍ കഴിയുന്ന മാന്‍ഹോളില്‍ ഓക്സിജന്‍ സാന്നിധ്യം പേരിനുപോലും ഇല്ലായിരുന്നുവെന്ന് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here