എല്‍ഡിഎഫിലും യുഡിഎഫിലും ചക്കളത്തിപ്പോര്; പ്രവര്‍ത്തനം ശക്തമാക്കി ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതു-വലതുമുന്നണികളെ ഞെട്ടിച്ച ജില്ലയാണ് തൃശൂര്‍. സുരേഷ് ഗോപിയിലൂടെ ബിജെപിക്ക് ആദ്യമായി കേരളത്തില്‍ എംപിയെ ലഭിച്ചത് തൃശൂരിലാണ്. കോണ്‍ഗ്രസിലെ കെ.മുരളീധരനും മുന്‍ മന്ത്രികൂടിയായ സിപിഐയുടെ വി.എസ്.സുനില്‍കുമാറുമാണ് അടിയറവ് പറഞ്ഞത്. ഈ തോല്‍വി മുന്നണികളില്‍ സൃഷ്ടിച്ച ആഘാതം ചെറുതല്ല.

തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസ് വെള്ളൂരിനും തൃശൂര്‍ യുഡിഎഫ് ചെയര്‍മാന്‍ എം.പി.വിന്‍സെന്റിനും സ്ഥാനം തെറിച്ചു. മേയര്‍ എം.കെ.വര്‍ഗീസ്‌ പിന്നില്‍ നിന്നും കുത്തിയെന്നും കരുവന്നൂര്‍ തട്ടിപ്പ് ദോഷകരമായി ബാധിച്ചുവെന്നുമാണ് വി.എസ്.സുനില്‍ കുമാര്‍ ആരോപിച്ചത്. മേയറും സുരേഷും ഗോപിയും തമ്മില്‍ ഇപ്പോഴും തുടരുന്ന സൗഹൃദവും സിപിഐ ചൂണ്ടിക്കാട്ടുന്നു. സിപിഎമ്മിന് എതിരെയാണ് സിപിഐ ആഞ്ഞടിക്കുന്നത്. തോല്‍വിയില്‍ നിന്നും പാഠം പഠിക്കാതെ പരസ്പരം ചെളിവാരിയെറിയലിലും ആരോപണങ്ങളിലും എല്‍ഡിഎഫും യുഡിഎഫും മുഴുകുമ്പോള്‍ ബിജെപി തൃശൂരില്‍ അടിത്തറ ശക്തമാക്കുകയാണ്.

ജില്ലയിലെ ഒട്ടുവളരെ പ്രമുഖരാണ് സുരേഷ് ഗോപിയുടെ വിജയശേഷം ബിജെപിയിലേക്ക് എത്തിയത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നേരിട്ട് എത്തിയാണ് അംഗത്വം നല്‍കിയത്. വരുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി ശക്തമാക്കുമ്പോള്‍ മുന്നണികള്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്. മുന്നണിയിലെ തൊഴുത്തില്‍കുത്താണ് പാര്‍ട്ടികള്‍ക്ക് മുന്നിലുള്ള പ്രശ്നം. ഇത് മുതലെടുത്താണ് ബിജെപി നീക്കം ശക്തമാക്കുന്നത്. തൃശൂര്‍ കോര്‍പറേഷനും ജില്ലയിലെ പത്തോളം പഞ്ചായത്തുകളിലെ ഭരണവും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നത്.

വരുന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പറേഷന്‍ പിടിച്ചടക്കുകയാണ് ബിജെപി ലക്ഷ്യം. കോര്‍പറേഷനിലെ 55 സീറ്റില്‍ ആറ് സീറ്റാണ് ബിജെപി നേടിയത്. ഇത് കുത്തനെ കൂട്ടാനും ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളില്‍ അംഗസംഖ്യ വര്‍ധിപ്പിക്കാനുമാണ് ശ്രമം. സ്വതന്ത്രസ്ഥാനാര്‍ത്ഥികളായ എം.കെ.വര്‍ഗീസിനെയും എം.എല്‍.റോസിയേയും മേയര്‍-ഡെപ്യൂട്ടി മേയര്‍മാരാക്കിയാണ് ഇടതുമുന്നണി കോര്‍പറേഷന്‍ ഭരിക്കുന്നത്. ഒട്ടുവളരെ പ്രശ്നങ്ങള്‍ കോര്‍പറേഷനില്‍ നിലനില്‍ക്കുന്നുമുണ്ട്. ഇതെല്ലാം മുതലെടുത്ത്‌, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച മേല്‍ക്കൈ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും നിലനിര്‍ത്താനാണ് ബിജെപി ഒരുങ്ങുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top