എൽഡിഎഫിന് കുരുക്കായി തൃശൂർ മേയറുടെ പ്രസ്താവന; സുരേഷ്‌ഗോപി യോഗ്യനെന്ന് എം.കെ.വർഗീസ്; സിപിഎം-ബിജെപി അന്തർധാര വ്യക്തമായെന്ന് കോൺഗ്രസ്
തൃശൂർ: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എല്‍ഡിഎഫിനെ വെട്ടിലാക്കി തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം.കെ.വര്‍ഗീസ്. തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി എംപിയാകാൻ ഫിറ്റ് ആണെന്നാണ് നടത്തിയ പ്രസ്താവന.
കോര്‍പ്പറേഷന് വാഗ്ദാനം ചെയ്ത പണം സുരേഷ് ഗോപി കൃത്യമായി നല്‍കിയെന്നും സുരേഷ് ഗോപി മിടുക്കനാണെന്നും എം.കെ.വര്‍ഗീസ് പറഞ്ഞു. തൃശൂരിന്റെ വികസനത്തിനായി സുരേഷ് ഗോപി പണം നല്‍കിയിട്ടുണ്ടെന്നും സുരേഷ് ഗോപിയോട് മതിപ്പുണ്ടെന്നും മേയർ നടത്തിയ പ്രസ്താവന സിപിഎമ്മിന് വലിയ തിരിച്ചടിയായി. സുരേഷ് ഗോപി തൃശൂര്‍ കോര്‍പറേഷനില്‍ വോട്ട് തേടിയെത്തിയപ്പോഴായിരുന്നു പ്രതികരണം. ബിജെപി-സിപിഎം അന്തർധാര ഉണ്ടെന്ന് കോൺഗ്രസ് നേരത്തെ പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കെ.മുരളീധരൻ പറഞ്ഞു. കോൺഗ്രസിനെ മാത്രമല്ല എൽഡിഎഫ് സ്ഥാനാർത്ഥിയെയും തോൽപ്പിക്കാനാണ് സിപിഎമ്മും ബിജെപിയും ഒന്നിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാല്‍ പ്രസ്താവന വിവാദമായതോടെ മേയർ ഇത് തിരുത്തി. സുരേഷ് ഗോപി മാത്രമല്ല മൂന്ന് സ്ഥാനാര്‍ത്ഥികളും യോഗ്യരാണെന്ന് പിന്നീട് അദ്ദേഹം വ്യക്തമാക്കി. ഇടത് പിന്തുണയോടെ മേയര്‍ സ്ഥാനത്ത് തുടരുന്ന കോണ്‍ഗ്രസ് വിമത കൗണ്‍സിലറാണ് എം.കെ.വര്‍ഗീസ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here