‘തൃശൂര്‍ ഞാനിങ്ങ് എടുക്കുന്നു’ എന്ന മാസ് ഡയലോഗ് മാത്രം ബാക്കി; തൃശൂരില്‍ ഓഫീസുമില്ല; സുരേഷ് ഗോപിയോട് അതൃപ്തി
തൃശൂരില്‍ ചരിത്രവിജയവുമായി ബിജെപി എംപിയായി സുരേഷ് ഗോപി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിരാശ പടരുന്നതായി സൂചന. എംപിയും കേന്ദ്രമന്ത്രിയുമായി ചുമതലയേറ്റ് മൂന്നുമാസം കഴിഞ്ഞെങ്കിലും ഇതുവരെ കേന്ദ്രമന്ത്രിക്ക് ജില്ലയില്‍ സ്വന്തമായി ഓഫീസ് ഇല്ല. സ്വന്തമായി ഓഫീസ് തുറന്നാകും പ്രവര്‍ത്തനമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഓഫീസ് ഇതുവരെ സജ്ജമായില്ല.
തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ ഒരു മുറിയിലാണ് ഇപ്പോഴും പ്രവര്‍ത്തനം. ഒരു പേഴ്സണല്‍ സ്റ്റാഫ് മാത്രമാണ് ഓഫീസിലുള്ളത്. കേന്ദ്രമന്ത്രി കൂടിയായതോടെ തിരക്കുകാരണം സുരേഷ് ഗോപിയെ മണ്ഡലത്തില്‍ കാണാന്‍ കിട്ടാതെയായി. നേരിട്ട് കാണലും പരാതി പറയലുമൊക്കെ നിലവില്‍ അസാധ്യമായ അവസ്ഥയാണ്. ഇപ്പോള്‍ കേന്ദ്രമന്ത്രിക്ക് എതിരെ തൃശൂരില്‍നിന്നും എതിര്‍സ്വരങ്ങള്‍ ഉയരുകയാണ്.
തൃശൂരിലെ സമഗ്ര വികസനത്തിന് ഒരു കേന്ദ്രമന്ത്രി എന്ന ലക്ഷ്യത്തോടെയാണ് തൃശൂരുകാര്‍ ജയിപ്പിച്ചതെങ്കിലും കേന്ദ്രമന്ത്രി പദവിയേ ആവശ്യമില്ലെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയും ജില്ലയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ‘എനിക്ക് ഈ തൃശ്ശൂർ വേണം, ഈ തൃശ്ശൂർ നിങ്ങള്‍ എനിക്ക് തരണം, ഈ തൃശ്ശൂർ ഞാനിങ്ങ് എടുക്കുകയാണ്’ എന്നൊക്കെയുള്ള മാസ് ഡയലോഗുകള്‍ തുടരെ തുടരെ അടിച്ചാണ് താരത്തിളക്കത്തിന്റെ ബലത്തില്‍ തൃശൂര്‍ സീറ്റ് പിടിച്ചെടുക്കാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞത്. പക്ഷെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുയരാന്‍ സുരേഷ് ഗോപിക്ക് സാധിക്കുന്നില്ല.
നിലവില്‍ കേന്ദ്രമന്ത്രിയും പാര്‍ട്ടിയും രണ്ട് വഴിക്കാണ് നീങ്ങുന്നത്. സ്വന്തമായ അഭിപ്രായങ്ങളും രീതികളുമാണ് സുരേഷ് ഗോപിയുടേത്. പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ ഒതുങ്ങാത്തതാണ് പ്രകൃതവും. ഇത് പാര്‍ട്ടിക്കകത്ത് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ബിജെപി ജില്ലാ നേതൃത്വത്തില്‍ വലിയ വിഭാഗത്തിന് ഇതില്‍ പ്രതിഷേധവുമുണ്ട്. സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവം വലിയ ഘടകമാണെങ്കിലും പാര്‍ട്ടിയും കഠിനപ്രയത്നം നടത്തിയത് നേതാക്കള്‍ വിരല്‍ ചൂണ്ടുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും യോജിച്ചു പോയതുകൊണ്ടാണ് തൃശൂരില്‍ ജയിക്കാന്‍ കഴിഞ്ഞത്. കേന്ദ്രമന്ത്രി പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയരണം എന്നാണ് പാര്‍ട്ടിയില്‍ നിന്നും ഉയരുന്ന ആവശ്യം.
തൃശൂരില്‍ സുരേഷ് ഗോപി വരുന്നത് തന്നെ കുറവാണ്. ജനങ്ങള്‍ക്ക് കേന്ദ്രമന്ത്രിയെ കാണാനുള്ള അവസരങ്ങള്‍ കുറവാണ്. മാധ്യമങ്ങളെ വലിയ രീതിയില്‍ എതിരാക്കി കഴിഞ്ഞു. വ്യാപകമായ പരാതിയാണ് കേന്ദ്രമന്ത്രിക്ക് എതിരെയുള്ളത്. ഇതെല്ലാം മുന്നോട്ടുള്ള പ്രയാണത്തില്‍ സുരേഷ് ഗോപിക്ക് ദോഷം ചെയ്യും – മുന്‍ ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “എംപി എന്ന രീതിയിലും കേന്ദ്രമന്ത്രി എന്ന രീതിയിലും സുരേഷ് ഗോപി പരാജയമാണ്.” – ജോസ് വള്ളൂര്‍ പറഞ്ഞു.
ജനങ്ങള്‍ തിരഞ്ഞെടുത്ത എംപിയാണ് സുരേഷ് ഗോപി. പ്രവര്‍ത്തനം ജനങ്ങള്‍ തന്നെ വിലയിരുത്തട്ടെ. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിക്ക് പിന്നില്‍ രണ്ടാമത് എത്തിയ സിപിഐ നേതാവ് വി.എസ്.സുനില്‍കുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “എന്താണ് പൊതുപ്രവര്‍ത്തനം എന്ന് ജനങ്ങള്‍ക്ക് അറിയാം. ജനങ്ങള്‍ക്ക് സുരേഷ് ഗോപിയെ വിലയിരുത്താനുള്ള അവസരമാണ് മുന്നിലുള്ളത്. എംപി എന്ന നിലയിലും കേന്ദ്രമന്ത്രി എന്ന നിലയിലും സ്വന്തമായ ഒരു ഓഫീസ് തുറക്കാന്‍ പോലും സുരേഷ് ഗോപിക്ക് കഴിഞ്ഞിട്ടില്ല. പ്രവര്‍ത്തനത്തിലെ പാളിച്ചയാണ് ഇത് കാണിക്കുന്നത്. കേന്ദ്രമന്ത്രിയെ കാണാന്‍ കിട്ടാത്തതില്‍ ജനങ്ങള്‍ക്ക് വ്യാപക പരാതിയുണ്ട്.” – സുനില്‍ കുമാര്‍ പറഞ്ഞു.
എന്നാല്‍ സുരേഷ് ഗോപിയുടെ പ്രവര്‍ത്തനത്തില്‍ പാളിച്ചയില്ലെന്ന് ബിജെപി മേഖലാ പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു. “സ്വന്തമായി ഓഫീസ് വേണം എന്ന് തീരുമാനിച്ചിട്ടുണ്ട്. പക്ഷെ അതിനുള്ള പ്രവര്‍ത്തനം നടന്നുവരുന്നുണ്ട്. നിലവില്‍ ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് കേന്ദ്രമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. താമസിയാതെ പുതിയ ഓഫീസ് വരും.” – ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കണം എങ്കില്‍ സുരേഷ് ഗോപിയുടെ തൃശൂരിലെ പ്രകടനം തിളക്കമുള്ളതാകണം. ഈ തിളക്കം നിലവിലെ പ്രവര്‍ത്തനത്തില്‍ ഇല്ലെന്ന് ബിജെപി ജില്ലാ നേതൃത്വം തിരിച്ചറിയുന്നുണ്ട്.
തൃശൂര്‍ ലോക്സഭാ സീറ്റിനു കീഴിലുള്ള ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ ഗുരുവായൂര്‍ ഒഴിച്ച് ഇടതുകോട്ടകളായ ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാമത് എത്തിയത് ബിജെപിയാണ്. ഗുരുവായൂര്‍ മണ്ഡലത്തില്‍ കെ.മുരളീധരനാണ് ഭൂരിപക്ഷം ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടം പാര്‍ട്ടിക്ക് ലഭിക്കണമെങ്കില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സീറ്റുകള്‍ കരസ്ഥമാക്കണം. നിലവിലെ അവസ്ഥയില്‍ ഇത് സാധ്യമാകുമോ എന്ന ചോദ്യം ബിജെപി ദേശീയ-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് മുന്നിലുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here