ഇപ്പോഴും മദ്യലഹരിയില്‍; ലോറി ഓടിച്ച ക്ലീനർ അലക്‌സിന് ലൈസന്‍സുമില്ല; നാട്ടികയിലെ അപകടത്തിൽ പോലീസും മറുപടി പറയണം
തൃശൂര്‍ നാട്ടികയില്‍ ദാരുണമായ അപകടത്തിന് കാരണം മദ്യ ലഹരിയിലുള്ള ഡ്രൈവിങ്. അമിതമായ രീതിയില്‍ മദ്യപിച്ച നിലയിലാണ് ഡ്രൈവറായ കണ്ണൂര്‍ സ്വദേശി ജോസും ക്ലീനര്‍ അലക്‌സും. ഇരുവരും ഇപ്പോഴും മദ്യത്തിന്റെ ലഹരിയിലാണ്. അതുകൊണ്ട് തന്നെ പോലീസിന് ഇവരില്‍ നിന്നും ഇതുവരേയും കൃത്യമായി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ പോലും കഴിഞ്ഞിട്ടില്ല.
മാഹിയില്‍ നിന്നാണ് ഇരുവരും മദ്യം വാങ്ങി കഴിച്ചത്. തുടര്‍ന്നുളള യാത്രയിലെല്ലാം മദ്യപാനം തുടര്‍ന്നു. ഇതോടെ ഡ്രൈവര്‍ ജോസ് വാഹനം ഓടിക്കാന്‍ സാധിക്കാത്ത വിധത്തില്‍ മദ്യലഹരിയിലായി. ഇതോടെയാണ് ക്ലീനര്‍ ജോസ് ലോറി ഓടിക്കാന്‍ തുടങ്ങിയത്. ഹെവി വെഹിക്കിള്‍ ലൈസന്‍സ് പോലും ഇല്ലാത്ത ജോസ് മദ്യ ലഹരിയില്‍ അമിത വേഗത്തിലായിരുന്നു യാത്ര.
ALSO READ : നാടോടി സംഘത്തിന് നേര്‍ക്ക് ലോറി പാഞ്ഞുകയറി; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
KL 59 X 8789 എന്ന രജിസ്റ്റര്‍ നമ്പറിലുള്ള ലോറി വാഹനം കയറാതിരിക്കാന്‍ റോഡില്‍ ഇട്ടിരുന്ന തെങ്ങിന്‍ തടികളും കോണ്‍ക്രീറ്റ് ബാരിക്കേഡുകളും ഇടിച്ച് തെറിപ്പിച്ചു. എന്നിട്ടും നിര്‍ത്താതെ മുന്നോട്ട് പോയാണ് നാടോടി സംഘത്തിന് മുകളിലൂടെ കയറ്റി ഇറക്കിയത്. പിന്നീട് നടന്നത് രക്ഷപ്പെടാനുള്ള നീക്കങ്ങളായിരുന്നു. ഇവിടെ നിന്നും മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് മനസിലായതോടെ സര്‍വ്വീസ് റോഡിലേക്ക് ലോറിയിറക്കി. ഇവിടെ മണ്ണ് കൂട്ടിയിട്ടിരുന്നതിനാല്‍ ലോറി തിരച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് നാട്ടുകാര്‍ ലോറി തടഞ്ഞ് നിര്‍ത്തിയത്.
സുരക്ഷിതമായ സ്ഥലം എന്ന് കതരുതിയാണ് നാടോടി സംഘം അപകടം നടന്ന സ്ഥലത്ത് കിടന്ന് ഉറങ്ങിയത്. മൂന്നു ടണ്‍ ഭാരത്തില്‍ തടിയാണ് ലോറിയില്‍ കയറ്റിയിരുന്നത്. അതുകൊണ്ട് തന്നെ നിരന്ന് കിടന്ന് ഉറങ്ങിവരുടെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങിയപ്പോള്‍ മൃതദേഹങ്ങള്‍ ചതഞ്ഞ് അരഞ്ഞ നിലയിലായിരുന്നു. മണിക്കൂറുകളോളം എടുത്താണ് ഇവിടെ നിന്നും മൃതദേഹങ്ങള്‍ നീക്കാനായത്. പരിക്കേറ്റവരുടെ നിലയും അതീവ ഗുരുതരമാണ്.
ദേശീയപാതയിലൂടെ ഇത്രയും മോശം അവസ്ഥയില്‍ വണ്ടി ഓടിച്ചിട്ടും ഒരു പരിശോധനയില്‍ പോലും ഇവര്‍ പിടിക്കപ്പെട്ടില്ല. ഹൈവേയില്‍ പോലീസും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറും നിരന്തരം പരിശോധന നടത്തുന്നു എന്ന പറയുന്നിടത്താണ് ഈ അപകടം നടന്നത്. പതിവു പോലെ അപകട ശേഷം പരിശോധന കാര്യക്ഷമമാക്കും എന്നുള്ള പ്രഖ്യാപനങ്ങള്‍ മന്ത്രിമാര്‍ നടത്തുന്നുണ്ട്. അതിന് ഒരു അപകടം വരെ കാത്ത് നില്‍ക്കണോ എന്ന ചോദ്യത്തിന് മാത്രം ആരും മറുപടി പറയുന്നില്ല.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here