തൃശൂര്‍ പൂരത്തിന് തടസം നിന്ന സിറ്റി പോലീസ് കമ്മിഷണർക്ക് സ്ഥലംമാറ്റം; നടപടി പോലീസ് വീഴ്ച വ്യക്തമായതിന് പിന്നാലെ; മുഖ്യമന്ത്രി ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

തൃശ്ശൂർ: തൃശൂര്‍ പൂരത്തില്‍ വീഴ്ച വരുത്തിയ പോലീസ് കമ്മിഷണർ അങ്കിത് അശോകനെ സ്ഥലംമാറ്റും. അസിസ്റ്റൻറ് കമ്മീഷണർ സുദർശനെയും സ്ഥലംമാറ്റാൻ നിർദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിവാങ്ങിയ ശേഷമാണ് സ്ഥലംമാറ്റുക.
പൂരവുമായി ബന്ധപ്പെട്ട് പോലീസിന്‍റെ നടപടികളിൽ ഉയർന്നുവന്ന പരാതികൾ വിശദമായി അന്വേഷിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. ഒരാഴ്ചക്കകം അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പൂരത്തിന് ആനകൾക്കായി കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനുള്ള കുടയും കമ്മിഷണർ അങ്കിത് അശോകൻ തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. ‘എടുത്തു കൊണ്ട് പോടാ പട്ട’ എന്ന് കമ്മിഷണര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു.
വെള്ളിയാഴ്ച അർധരാത്രിക്കുശേഷം തിരുവമ്പാടി വിഭാഗത്തിന്റെ എഴുന്നള്ളിപ്പിന് പോലീസ് തടസം സൃഷ്ടിച്ചപ്പോൾ പൂരം ചടങ്ങുമാത്രമാക്കാൻ ദേവസ്വം തീരുമാനിച്ചിരുന്നു. പോലീസ് നടപടിക്കെതിരെ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനെത്തുടർന്നാണ് കടുത്ത തീരുമാനമെടുത്തത്.
കമ്മിഷണറുടെ നേതൃത്വത്തിൽ വെടിക്കെട്ടുസ്ഥലത്തുനിന്ന് ഭൂരിഭാഗം ജീവനക്കാരെയും കമ്മിറ്റി അംഗങ്ങളെയും ഒഴിവാക്കാനുള്ള നീക്കവും തർക്കത്തിനിടയാക്കിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here