മുഖ്യമന്ത്രി വാക്കുമാറ്റിയത് എന്തുകൊണ്ട് ? പൂരവിവാദം വീണ്ടും ഉയര്‍ത്തിവിട്ടതിന് പിന്നില്‍ ബിജെപി ഡീലെന്ന് ആരോപണം
നിയസഭക്ക് അകത്തും പുറത്തും തൃശൂര്‍ പൂരം അലങ്കോലമായെന്ന് ആവര്‍ത്തിച്ച് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊടുന്നനെയുള്ള നിലപാട് മാറ്റത്തിന്റെ കാരണമാണ് രാഷ്ട്രീയ കേരളം ഇപ്പോള്‍ ചികയുന്നത്. പൂരം അലങ്കോലമായതിൽ ഡിജിപി, എഡിജിപി തലത്തിലുള്ള മൂന്ന് പോലീസ് ഉന്നതരെ അണിനിരത്തി ത്രിതല അന്വേഷണം പ്രഖ്യാപിച്ച അതേ മുഖ്യമന്ത്രിയാണ് ഏതാനും ദിവസം കൊണ്ട് പൊടുന്നനെ നിലപാട് മാറ്റിയത്. മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐയുടെ വാദങ്ങളെയെല്ലാം പാടെ തളളിയിരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്.
വെടിക്കെട്ട് വൈകിയതാണോ പൂരം അലങ്കോലമായി എന്ന് പറയുന്നതെന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. തൃശൂര്‍ പൂരം സംബന്ധിച്ച് ഒരു പരാമര്‍ശം പോലും ആവശ്യമില്ലാത്ത പി ജയരാജന്റെ പുസ്തക പ്രകാശന ചടങ്ങിലാണ് മുഖ്യമന്ത്രി ഈ പ്രസംഗം നടത്തിയത്. എഴുതി തയാറാക്കി വായിച്ച പ്രസംഗമായിരുന്നു എന്നതിൽ നിന്നുതന്നെ, ഇത് മുൻകൂട്ടി ആലോചിച്ച് ഉറപ്പിച്ച് നടത്തിയ പ്രസ്താവനയാണെന്ന് ഉറപ്പിക്കാം. ഇതോടെ ഉന്നതതല അന്വേഷണങ്ങളുടെ ഭാവിയില്‍ വ്യക്തത വന്നു. ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി തന്നെ കൃത്യവും വ്യക്തവുമായി ഈ നിലപാട് പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന് കീഴിലെ ഉദ്യോഗസ്ഥർ ഇനിയെന്ത് അന്വേഷിക്കാൻ എന്നതാണ് ഉയരുന്ന ചോദ്യം.
തൃശൂര്‍ പൂരം അലങ്കോലമാക്കി ബിജെപി ജയിക്കാനുളള സാഹചര്യം ഉണ്ടാക്കിയെന്ന് നാട് മുഴുവന്‍ നടന്ന് പറഞ്ഞ സിപിഐയാണ് ഇതോടെ വിഷമത്തിലാത്. മുഖ്യമന്ത്രിയുടെ നിലപാട് മാറ്റത്തോടെ നാട്ടുകാരോടും പാർട്ടിക്കാരോടും ഇനിയെന്ത് പറയുമെന്ന ആശയക്കുഴപ്പത്തിലാണ് സിപിഐ. പൂരം വെടിക്കെട്ടിന്റെ ആസ്വാദ്യത നഷ്ടപ്പെട്ടു. നടക്കേണ്ട പോലെ നടന്നില്ല എന്ന് പറഞ്ഞ് ഒഴിയുകയാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉള്ളിലുള്ളത് തുറന്നുപറഞ്ഞ് മുഖ്യമന്ത്രിയെ നേരിട്ട് എതിർക്കാനും വയ്യാത്ത അവസ്ഥയിലാണ് മന്ത്രിസഭയിലെ രണ്ടാമനായ കെ.രാജൻ അടക്കമുള്ളവർ.
അതേസമയം മുഖ്യമന്ത്രി പറഞ്ഞതിന് നേരെ വിരുദ്ധമായാണ് പൂരം അലങ്കോലമാക്കിയതിലെ ഗൂഡാലോചന അന്വേഷിക്കാൻ പോലീസ് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമൂഹത്തില്‍ ലഹളയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നും മതസ്പർധ വളർത്താൻ ശ്രമിച്ചു എന്നുമുള്ള കുറ്റങ്ങളാണ് തൃശൂർ ഈസ്റ്റ് പോലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ചേർത്തിരിക്കുന്നത്. എഫ്‌ഐആര്‍ ഇതാണെങ്കിലും അന്വേഷണത്തിന്റെ അവസാനം മുഖ്യമന്ത്രി പറഞ്ഞത് തന്നെ നടക്കുമെന്നാണ് പ്രതിപക്ഷം പറയുന്നത്.
മുഖ്യമന്ത്രിയുടെ ഈ നിലപാട് മാറ്റം ബിജെപിയുമായുള്ള ഡീലിന്റെ ഭാഗമെന്ന ആരോപണവും പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. ബിജെപിയെ പാലക്കാട്ട് സിപിഎം സഹായിക്കും, ചേലക്കരയില്‍ ബിജെപി തിരിച്ചും, ഇതാണ് ഡീല്‍ എന്നാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ആരോപിക്കുന്നത്. അടുത്ത പൂരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ മുഖ്യമന്ത്രി ഈ വിഷയം ചര്‍ച്ചയാക്കിയത് ആരെ സഹായിക്കാന്‍ എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. അതും തൃശൂരിന് തൊട്ടടുത്തുള്ള ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോള്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here