ഉപതിരഞ്ഞെടുപ്പുകളുടെ അജണ്ട മാറ്റി ‘പൂരംകലക്കൽ’; സിപിഐക്ക് കടുത്ത എതിർപ്പ്; നിലപാട് കടുപ്പിക്കാൻ പാർട്ടി യോഗം വിളിച്ചേക്കും
പാലക്കാട് ഉൾപ്പെടെ മൂന്നിടത്തേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൻ്റെ അജണ്ടകളെയാകെ മാറ്റിമറിച്ചിരിക്കുകയാണ് ‘പൂരം കലങ്ങിയിട്ടില്ല’ എന്ന പിണറായി വിജയൻ്റെ പ്രസ്താവന. ശനിയാഴ്ചത്തെ നിലപാട് കൂടുതൽ വിശദീകരിച്ച് തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവന ഇറക്കിയെങ്കിലും ഉണ്ടായ ഡാമേജ് പരിഹരിക്കാൻ അത് പോരെന്ന സ്ഥിതിയെത്തി എന്നതാണ് യാഥാർത്ഥ്യം. പൂരം കലങ്ങിയില്ലെങ്കിൽ പിന്നെയെന്തിന് ത്രിതല അന്വേഷണമെന്ന ചോദ്യവുമായി പ്രതിപക്ഷം ഇറങ്ങിയപ്പോൾ, അതിലും വീറോടെ സംസ്ഥാന സെക്രട്ടറിയും മന്ത്രിമാരും അടക്കം സിപിഐ നേതൃനിര മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞു. അടിയന്തിരമായി വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യം ഉയർന്നതോടെ ഉടൻ നേതൃയോഗം വിളിച്ച് ഇക്കാര്യത്തിൽ സിപിഐ നിലപാട് പ്രഖ്യാപിച്ചേക്കും.
മുഖ്യമന്ത്രി ഉഭയകക്ഷി ചർച്ചയിൽ നൽകിയ ഉറപ്പ് ചൂണ്ടിക്കാട്ടിയാണ് തൃശൂർ പൂരം, പോലീസിൻ്റെ ആർഎസ്എസ് അനുകൂല നിലപാടുകൾ എന്നീ വിഷയങ്ങളിൽ പിണറായിക്ക് ബിനോയ് വിശ്വം പരിച തീർത്തത്. പാർട്ടി യോഗങ്ങളിൽ ഈ നിലപാടെടുത്താണ്, പിണറായി വിജയനെതിരെ ശക്തമായ നിലപാടുള്ള പഴയ കാനംവിരുദ്ധ ചേരിയെയും ബിനോയ് വിശ്വം മെരുക്കിയത്. അതിനെയെല്ലാം അപ്രസക്തമാക്കി കൊണ്ട് പരസ്യ നിലപാട് പ്രഖ്യാപിച്ച പിണറായി ഇപ്പോൾ ബിനോയ് വിശ്വത്തെയാണ് അക്ഷരാർത്ഥത്തിൽ വെട്ടിലാക്കിയത്. ഇതിൽ തനിക്കുള്ള രാഷ്ട്രീയ അപകടം മനസിലാക്കിയതുകൊണ്ടാണ് കയ്യോടെ പിണറായിയെ തള്ളിപ്പറഞ്ഞ് രംഗത്തെത്താൻ ബിനോയ് വിശ്വം നിർബന്ധിതനായത്.
ഇതിനൊപ്പം ഉപതെരഞ്ഞെടുപ്പിനെയും മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാധീനിക്കുമെന്ന് സിപിഐ കണക്കുകൂട്ടുന്നു. സിപിഎമ്മിനും പിണറായി വിജയനും ബിജെപി ബാന്ധവമെന്ന ആരോപണം മുൻനിർത്തിയുള്ള ചർച്ചകൾ ഒരിടവേളക്കുശേഷം കോൺഗ്രസും യുഡിഎഫും സജീവ ചർച്ചയാക്കിയിരിക്കുകയാണ്. കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ ഉപതെരഞ്ഞെടുപ്പിനിടെ സജീവ ചർച്ചയാക്കി കളം പിടിക്കാനാണ് സിപിഎം ശ്രമിച്ചിരുന്നത്. പി സരിനെ ഇടതു സ്വതന്ത്രനാക്കിയത് പോലും ഇത് ലക്ഷ്യമിട്ടായിരുന്നു. ഇതെല്ലാമാണ് പിണറായി വിജയൻ്റെ പ്രസ്താവനയോടെ താളം തെറ്റിയതെന്ന കടുത്ത നിരാശ സിപിഐക്കുണ്ട്.
സമയ ക്ലിപ്തതയോടെ അളന്നുമുറിച്ച് വിഷയങ്ങളെ സമീപിക്കാറുള്ള പിണറായി വിജയൻ്റെ പ്രസംഗങ്ങളുടെ മൂർച്ച കുറഞ്ഞുവെന്ന വികാരം സമീപകാലത്ത് പല ഇടതു നേതാക്കളും പങ്കുവച്ചിരുന്നു. അതിനുള്ള പുതിയ തെളിവായി, പ്രതിപക്ഷത്തിന് ആയുധം നൽകിയ ഈ നടപടിയെയും പിണറായിയുടെ വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രസംഗത്തിൻ്റെ ഈ ഭാഗം എഴുതി തയ്യാറാക്കി കൊണ്ടുവന്നത് നോക്കി വായിക്കുകയായിരുന്നു എന്ന വസ്തുത മുന്നിലുണ്ട്. എന്നാൽ നോക്കിവായിക്കുമ്പോഴും തനിക്ക് പ്രത്യേകമായി എടുത്തുപറയാനുള്ള നിലപാടുകൾ സ്വന്തം നിലയ്ക്ക് പറയാൻ പിണറായി മടിക്കാറില്ലായിരുന്നു. പി ജയരാജൻ്റെ പുസ്തകത്തെക്കുറിച്ചുള്ള നിലപാട് ഇതേ പ്രസംഗത്തിൻ്റെ ആദ്യഭാഗത്ത് വ്യക്തമാക്കിയത് അങ്ങനെയാണ് താനും.
എന്നാൽ പ്രസംഗത്തിൻ്റെ അവസാനഭാഗത്ത് പൂരം വിഷയത്തിൽ പറഞ്ഞത് തിരിച്ചടിച്ചു എന്ന തിരിച്ചറിവിലാണ് രണ്ടു ദിവസത്തിന് ശേഷം പുതിയ വിശദീകരണക്കുറിപ്പ് ഓഫീസിൽ നിന്നിറക്കേണ്ടി വന്നത്. സമീപകാലത്ത് ഇതുപോലെ പ്രസ്താവനയിറക്കി മുഖ്യമന്ത്രിക്ക് വിശദീകരിക്കേണ്ടി വന്ന മറ്റൊരു വിഷയം ‘ദ ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖത്തിലെ ‘മലപ്പുറം പരാമർശം’ ആയിരുന്നു. വെടിക്കെട്ട് അൽപം വൈകി, അത്രയല്ലേയുള്ളൂ, എന്ന ശനിയാഴ്ചത്തെ ലാഘവത്തോടെയുള്ള പ്രസ്താവനക്ക് പകരം, പൂരം അലങ്കോലമാക്കാൻ ശ്രമം നടന്നുവെന്നും, മുൻപും ഇപ്പോഴും അത് തന്നെയാണ് പറയുന്നതെന്നും, ഉത്തരവാദികളായ ഉദ്യോഗസ്ഥരെ നിമയത്തിന് മുന്നിൽ കൊണ്ടുവരും എന്നുമെല്ലാമാണ് പുതിയ വിശദീകരണത്തിൽ പറയുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here