തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ വലിയ ശക്തി എന്ന് കെ.മുരളീധരന്‍; സത്യം പുറത്തുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം
തൃശൂര്‍ പൂരം കലക്കിയതിന് പിന്നില്‍ ആസൂത്രിത ഗൂഡാലോചന സംശയിക്കുന്നെന്നും പൂരം അലങ്കോലമാക്കിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കെ.മുരളീധരന്‍. പൂരം കലക്കിയതിനു പിന്നില്‍ വലിയ ഒരു ശക്തിയുണ്ട്. അതുകൊണ്ട് തന്നെ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഒരിക്കലും പുറത്തുവിടാന്‍ പോകുന്നില്ലെന്നും മുരളീധരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
പൂരം കലങ്ങിയതില്‍ ഗൂഡാലോചന ആരോപിച്ച് തൃശൂര്‍ ലോക്സഭാ സീറ്റിലെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന വി.എസ്.സുനില്‍ കുമാര്‍ രംഗത്തുവന്നതിനെ തൊട്ടുപിന്നാലെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന മുരളീധരന്റെയും പ്രതികരണം. “തൃശൂര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്റെ തോല്‍വിക്ക് വഴിവച്ചതില്‍ ഒരു വലിയ പങ്ക് പൂരം അട്ടിമറിക്കപ്പെട്ട പ്രശ്നത്തിനുണ്ട്. ഒരു കമ്മിഷണറെക്കൊണ്ട് പൂരം കലക്കാന്‍ കഴിയില്ല. അതിന് പിന്നില്‍ വലിയ ശക്തിയുണ്ട്. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ എഡിജിപി അജിത് കുമാര്‍ ആണെന്ന് പറയുന്നത് ഭരണകക്ഷി എംഎല്‍എയായ പി.വി.അന്‍വറാണ്.”
“സര്‍ക്കാര്‍ അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. ഇതുവരെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. പൂരം കഴിഞ്ഞത് എപ്രിലിലാണ്. ഇപ്പോള്‍ അഞ്ചു മാസമായി. പൂരം കലക്കിയത് ആരെന്ന് ജനം അറിയണം. അതിന് ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണ്. പൂരത്തിലെ പ്രശ്നങ്ങളാണ് സുരേഷ് ഗോപിയുടെ തൃശൂര്‍ വിജയത്തിന് വഴിവച്ചത്. പൂരത്തിനില്ലായിരുന്ന സുരേഷ് ഗോപി രാത്രിയാണ് പെട്ടെന്ന് രംഗത്തുവരുന്നത്. ഇലഞ്ഞിത്തറമേള സമയത്ത് ഞാനും സുനില്‍ കുമാറും അവിടെത്തന്നെയുണ്ട്. അപ്പോള്‍ സുരേഷ് ഗോപിയുടെ പൊടിപോലും ഉണ്ടായിരുന്നില്ല.”
“രാത്രി പ്രശ്നമുണ്ടായപ്പോഴാണ് സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി വന്നിറങ്ങുന്നത്. അതൊരു പ്രീ-പ്ലാന്‍ഡ് പദ്ധതിയായിട്ടാണ് എനിക്ക് തോന്നിയത്. അതുകൊണ്ടാണ് അടുത്ത ദിവസം രാവിലെ തന്നെ അന്വേഷണം വേണം എന്ന് ഞാന്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഇനി പുറത്തുവന്നാല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ ന്യായീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ആകും. യഥാര്‍ത്ഥ സത്യം പുറത്തുവരണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം.” – മുരളീധരന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here