നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരനട തള്ളിത്തുറന്നു; ഇനിയുള്ള 36 മണിക്കൂര്‍ മേള, വര്‍ണ്ണ വിസ്മയം; പൂരപ്രേമികള്‍ തൃശൂരിലേക്ക്

തൃശൂര്‍ : പൂര വിളംബരം നടത്തി നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തള്ളിത്തുറന്നു. ഇനിയുളള മണിക്കൂറുകള്‍ നാദ, വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന ആവേശത്തിന്റേതാണ്. 36 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വിസമയത്തിനാണ് തുടക്കമായിരിക്കുന്നത്.
നെയ്തലക്കാവ് വിഭാഗത്തിന്റെ എഴുന്നള്ളിപ്പോടെയാണ് തൃശൂര്‍ പൂരത്തിന്റെ ആചാരങ്ങള്‍ക്ക് തുടക്കമാകുന്നത്. രാവിലെ ആറാട്ടിന് ശേഷം എറണാകുളം ശിവകുമാറെന്ന കൊമ്പന്റെ ശിരസിലേറിയെത്തിയ നെയ്തലക്കാവ് ഭഗവതി പാറമേക്കാവ് വഴി തേക്കിന്‍കാട്ടിലേക്ക് കയറി മണികണ്ഠനാലിലെത്തി. തുടര്‍ന്ന് പാണ്ടിമേളത്തിന്റെ അകമ്പടിയില്‍ വടക്കുംനാഥനെ വലംവച്ച് തെക്കേനട വഴി പുറത്തേക്കിറങ്ങി. മൂന്ന് തവണ ശംഖ് വിളി നടത്തിയതോടെ പൂര വിളംബര ചടങ്ങുകള്‍ പൂര്‍ത്തിയായി.
നാളെ കണിമംഗലം ശാസ്താവിന്റെ ഘടകപൂരത്തിന്റെ വരവോടെയാണ് തൃശൂര്‍പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമാവുക. പൂരത്തിന് എഴുന്നള്ളിക്കുന്ന 90 ആനകളുടെ ഫിറ്റ്‌നസ് പരിശോധന ആരംഭിച്ചു. ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ചാണ് ആനകളുടെ ഫിറ്റസ് പരിശോധന നടക്കുന്നത്. പൂര എഴുന്നള്ളത്തിനും ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആനകളുടെ ആറ് മീറ്റര്‍ അകലത്തില്‍ ആളുകളെ അനുവദിക്കരുതെന്നാണ് ഉത്തരവ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here