പൂരം കലക്കിയതിൽ എഡിജിപിയെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്തി ജനയുഗം; അജിത് കുമാറിനെ പിടിവിടാതെ സിപിഐ

തൃശൂർ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിനെതിരെ വീണ്ടും സിപിഐ മുഖപത്രം ജനയുഗം. ‘ആശയക്കുഴപ്പങ്ങൾക്ക് വഴിവച്ച അന്വേഷണ റിപ്പോർട്ട്’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് രൂക്ഷവിമർശം. എഡിജിപിയുടെ റിപ്പോർട്ട് വസ്തുതകളെ മറച്ചുവച്ചുകൊണ്ടാണെന്നും ജനയുഗം ചൂണ്ടിക്കാടുന്നു. റിപ്പോർട്ട് അനിശ്ചിതമായി വൈകിയതിലും തൃശൂരിലുണ്ടായിട്ടും എഡിജിപി വിഷയത്തിൽ ഇടപെടാതിരുന്നതിലും ദുരൂഹതയുണ്ടെന്നും സിപിഐ മുഖപത്രം ആരോപിക്കുന്നു.

“വിഷയത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കാതിരിക്കുന്നതിലും അന്വേഷണമേ ഉണ്ടായിട്ടില്ലെന്ന ആഖ്യാനം ചമയ്ക്കുന്നതിലും ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ടെന്ന സംശയം തികച്ചും സ്വാഭാവികമാണ്. സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിൻ്റെ മുഖ്യ ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥനുണ്ടായ ഈ കാലവിളംബം അസ്വാഭാവികവും ആസൂത്രിതവുമാണെന്ന സംശയം, മറിച്ചാണ് വസ്തുതയെന്ന് ബോധ്യപ്പെടും വരെ പ്രസക്തമാണ്. അഭൂതപൂർവമായ ഈ കാലതാമസത്തിൻ്റെ കാര്യകാരണങ്ങൾ സ്വാഭാവികമായും റിപ്പോർട്ടിൻ്റെ ആമുഖത്തിൽ ഉണ്ടാവുമെന്ന് ഇപ്പോൾ പ്രതീക്ഷിക്കാം. റിപ്പോർട്ടിൻ്റെ ഉള്ളടക്കത്തെപ്പറ്റി മാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടുവന്ന വിവരങ്ങൾ പൂരം അലങ്കോലപ്പെടുത്തിയവരെ വെള്ളപൂശാനുള്ള ശ്രമത്തിൻ്റെ ഭാഗമാണെന്ന സംശയം ജനിപ്പിക്കുന്നു” – ജനയുഗം എഡിറ്റോറിയലിൽ പറയുന്നു. 

എഡിജിപിയടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം പൂര ദിവസങ്ങളിൽ തൃശൂരിലുണ്ടായിരുന്നു. തലേ ദിവസം ക്രമസമാധാന സുരക്ഷാ വിഷയങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ എഡിജിപി, ഡിഐജി, കമ്മിഷണർ, എസ്പിമാർ തുടങ്ങിയവർ പങ്കെടുത്തു. യോഗമടക്കം നിയന്ത്രിച്ചതും നിർദേശങ്ങൾ നൽകിയതും അജിത് കുമാറാണ്. ഇത്തരത്തിൽ എഡിജിപിക്ക് പൂരം അലങ്കോലമാക്കിയതുമായി ബന്ധമുണ്ടെന്ന സൂചനകളാണ് ജനയുഗം നൽകുന്നത്.

“പൂരത്തലേന്ന് ക്രമസമാധാന സുരക്ഷാ വിഷയങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ എഡിജിപി, ഡിഐജി, കമ്മിഷണർ, എസ്പിമാർ തുടങ്ങിയവർ പങ്കെടുത്തു. ക്രമസമാധാന ചുമതലയുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനെന്ന നിലയിലും മുൻ മധ്യമേഖലാ ഐജി എന്ന നിലയിലുള്ള അനുഭവസമ്പത്തിൻ്റെ അടിസ്ഥാനത്തിലും യോഗനടപടികൾ നിയന്ത്രിക്കുന്നതിലും നിർദ്ദേശങ്ങൾ നൽകുന്നതിലും അജിത് കുമാർ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് മനസിലാക്കുന്നു. പൂരം അലങ്കോലപ്പെട്ട സമയത്ത് എഡിജിപി നഗരത്തിൽ തന്നെയുള്ള പോലീസ് അക്കാദമിയിൽ തന്നെയുണ്ടായിരുന്നെങ്കിലും ഗുരുതരമായ സംഭവവികാസങ്ങളിൽ ഇടപെട്ടിരുന്നില്ലെന്ന വസ്തുത ദുരൂഹമാണ്”- ജനയുഗത്തിൻ്റെ മുഖപ്രസംഗത്തിൽ പറയുന്നു.

പൂരം കലക്കാൻ ശ്രമം നടന്നതിനെ തുടർന്ന് സ്ഥലത്തെത്താൻ ശ്രമിച്ച റവന്യൂമന്ത്രി കെ രാജൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ യാത്ര തടസപ്പെട്ടപ്പോഴും ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയും സംഘപരിവാർ നേതാക്കളും സേവാഭാരതിയുടെ ആംബുലൻസിലും മറ്റുമായി രംഗത്തെത്തി ചർച്ചകൾ ആരംഭിച്ചത് ആസൂത്രിത നീക്കത്തിൻ്റെ ഭാഗമാണെന്ന സംശയം ബലപ്പെടുത്തുന്നു. റിപ്പോർട്ട് പുറത്തുവരുന്നതോടെ വസ്തുതകൾക്ക് വ്യക്തതയും സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള തുടർനടപടികൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പറഞ്ഞു കൊണ്ടാണ് എഡിറ്റോറിയൽ അവസാനിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top