പോലീസ് മാത്രമല്ല മറ്റ് പലരും… പൂരം കലക്കിയതിൽ തിരുവമ്പാടി ദേവസ്വത്തിൻ്റെ പ്രതികരണം

തൃശൂർ പൂരത്തിനിടയിൽ അരങ്ങേറിയ അനിഷ്ട സംഭവങ്ങൾക്ക് പിന്നിൽ പോലീസ് മാത്രമല്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറികെ. ഗിരീഷ്കുമാർ. വിവാദമുണ്ടാക്കിയതിന് പിന്നിൽ മറ്റുചിലരുണ്ടെന്നു പറഞ്ഞ അദ്ദേഹം പേരുകൾ വെളിപ്പെടുത്താൻ തയ്യാറായില്ല. വിവിധ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ആളുകൾ ദേവസ്വങ്ങളിൽ ഉണ്ട്. പൂരത്തിനെയും ദേവസ്വങ്ങളെയും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് അനുവദിക്കാനാവില്ല എന്നും ഗിരീഷ്‌കുമാർ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് നടന്ന തൃശൂര്‍ പൂരം പോലീസ് കലക്കിയത് ബിജെപി സ്ഥാനാർത്ഥി സുരേഷ്ഗോപിയെ വിജയിപ്പിക്കാൻ വേണ്ടിയാണെന്ന് കഴിഞ്ഞ ദിവസം നിലമ്പൂർ എംഎൽഎ പി.വി.അൻവർ ആരോപിച്ചിരുന്നു. എഡിജിപി എം.ആർ.അജിത് മാറാണ് പിന്നിലെന്നും ഇടത് എംഎൽഎ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പൂരം കലക്കിയതിനു പിന്നില്‍ പോലീസിന് പങ്കുണ്ടെന്നും രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും സിപിഐ നേതാവ് വി.എസ്. സുനില്‍കുമാർ പ്രതികരിച്ചിരുന്നു. എന്നാല്‍ എഡിജിപി അജിത് കുമാറിന് ഇതില്‍ പങ്കുണ്ടോയെന്ന് അറിയില്ല. പൂരത്തിന്റെ നടത്തിപ്പുകാർക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പകൽ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. രാത്രി പൂരമാണ് നിർത്തിയത്. ലൈറ്റ് ഓഫ് ചെയ്യാൻ തീരുമാനിച്ചത് ആരാണ്. അന്ന് നടത്തിയ അന്വേഷണത്തിൻ്റെ റിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു.

വെളിപ്പെടുത്തലിന് പിന്നാലെ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരനും രംഗത്തെത്തി. ഒരു കമ്മിഷണർ വിചാരിച്ചാൽ മാത്രം ഇക്കാര്യം ചെയ്യാനാവില്ല. അതിന്​ പിന്നിൽ എഡിജിപിയുടെ വ്യക്​തമായ കൈകളുണ്ട്​. ചത്തത്​ കീചകനെങ്കിൽ കൊന്നത്​ ഭീമൻ എന്നതുപോലെ എഡിജിപി അത്​ ചെയ്​തെങ്കിൽ പിണറായി വിജയനും അതിൽ പങ്കുണ്ട്​. സുരേഷ്​ ഗോപിയെ വിജയിപ്പിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമായാണ്​ പൂരം കലക്കിയത്​. പൂരം നടന്ന ഒറ്റ രാത്രികൊണ്ടാണ്​ തിരഞ്ഞെടുപ്പ്​ അട്ടിമറിക്കപ്പെട്ടത്. അതുവരെ താനും സിപിഐയിലെ സുനിൽകുമാറും തമ്മിലായിരുന്നു മത്സരം. പൂരം കലക്കിയതോടെ അതുവരെ മത്സരചിത്രത്തില്‍​ ഇല്ലായിരുന്ന സുരേഷ്ഗോപി മേൽക്കൈ നേടുകയാണുണ്ടായതെന്നും മുരളീധരൻ പറഞ്ഞു.

അതേസമയം പോലീസുമായുള്ള തർക്കത്തെ തുടർന്നായിരുന്നു തിരുവമ്പാടി ദേവസ്വം തൃശൂർ പൂരം നിർത്തിവച്ചത്. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധവും അറിയിച്ചിരുന്നു. വെടിക്കെട്ടിനോട് അനുബന്ധിച്ച്‌ പോലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് തർക്കത്തിന് ഇടയാക്കിയത്. വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പേ ആളുകളെ ബാരിക്കേഡ് വെച്ച് പോലീസ് തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. ഇതോടെ രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കാന്‍ തീരൂമാനിക്കുകയായിരുന്നു. ഇത് ബിജെപി രാഷ്ട്രീയമായി ഉപയോഗിച്ചെന്ന ആരോപണം അന്നേ ഉയർന്നിരുന്നു. അൻവറിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ അത് ശരിയെന്ന് ഉറപ്പിച്ച് പറയുകയാണ് സ്ഥാനാർത്ഥികളായിരുന്ന കെ മുരളീധരനും വിഎസ് സുനിൽകുമാറും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top