‘പൂരം അലങ്കോലമാക്കിയത് ഉദ്യോഗസ്ഥ പിഴവ്’; ഗൂഢാലോചനയെന്ന എഫ്‌ഐആര്‍ തള്ളി ദേവസ്വങ്ങള്‍

തൃശൂര്‍ പൂരം അലങ്കോലമായതിന് പിന്നില്‍ ഗൂഢാലോചനയെന്ന പോലീസ് എഫ്‌ഐആറിനെതിരെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍. ഏപ്രില്‍ 20ന് നടന്ന പൂരത്തിലെ പ്രശ്‌നങ്ങളുടെ പേരില്‍ ശനിയാഴ്ചയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഒരു വിഭാഗത്തിന്റെ മതവികാരങ്ങളും വിശ്വാസങ്ങളും അവഹേളിച്ചും വൃണപ്പെടുത്തിയും സമൂഹത്തില്‍ ലഹളയുണ്ടാക്കാനുള്ള ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നത്. ആരെയും പ്രതി ചേര്‍ത്തിട്ടില്ല.

എന്നാല്‍ ഗൂഢാലോചനയെന്ന എഫ്‌ഐആറിലെ പരാമര്‍ശത്തിനെരെ ദേവസ്വം അധികൃതര്‍ രംഗത്തെത്തിയിട്ടുണ്ട്. പൂരം അലങ്കോലമായതിന് കാരണം ഉദ്യോഗസ്ഥരുടെ പിഴവാണെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാര്‍ പ്രതികരിച്ചു. പൊതുവായി എടുത്ത തീരുമാനത്തില്‍ നിന്ന് എവിടെയോ വ്യതിചലിച്ചിട്ടുണ്ട്. പറ്റിയ തെറ്റ് തിരുത്തി മുന്നോട്ട് പോകുകയാണ് വേണ്ടത്. അന്വേഷണവുമായി ദേവസ്വം സഹകരിക്കും. ദേവസ്വം പൂരം തടയില്ല. പൂരം നടത്തുന്നവരാണ്. അതിനാല്‍ പൊലീസെടുത്ത കേസിന്റെ പ്രതിപ്പട്ടികയില്‍ ദേവസ്വം വരില്ല. പൂരം നടക്കുന്ന സമയത്തെ പോലീസ് കമ്മീഷണര്‍ പൂരത്തിന് തടസ്സങ്ങള്‍ ഉണ്ടാക്കിയെന്നത് യാഥാര്‍ത്ഥ്യമാണെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.

പൂരം അലങ്കോലമായതിന്റെ പേരില്‍ എഫ്‌ഐആര്‍ ഇട്ട് ഉപദ്രവിക്കാനാണെങ്കില്‍ അംഗീകരിക്കില്ലെന്ന് പാറമേക്കാവ് ദേവസ്വം വ്യക്തമാക്കി. മുഖ്യമന്ത്രി തന്നെ ഗൂഢാലോചനയില്ലെന്ന് പറഞ്ഞു. പിന്നെയെന്തിനാണ് എഫ്‌ഐആറിട്ട് അന്വേഷിക്കുന്നത്. ദേവസ്വങ്ങളെയും സംഘാടകരെയും ബുദ്ധിമുട്ടിക്കാനാണ് ശ്രമം.
ആഘോഷങ്ങള്‍ നടക്കരുതെന്ന് കരുതി ചെയ്യുന്നത് പോലെയാണ് നടപടികളെ കുറിച്ച് തോന്നുന്നതെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും. എന്നാല്‍ അന്വേഷണത്തിന്റെ പേരില്‍ ബുദ്ധിമുട്ടിച്ചാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും പാറമേക്കാവ് ദേവസ്വം മുന്നറിയിപ്പ് നല്‍കി.

പൂരം അലങ്കോലമായതില്‍ ത്രിതല അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തിരുവമ്പാടി ദേവസ്വത്തെ സംശയ നിഴലിലാക്കുന്ന റിപ്പോര്‍ട്ടാണ് എഡിജിപി എംആര്‍ അജിത് കുമാര്‍ സര്‍ക്കാരിന് നല്‍കിയിരുന്നത്. അതിനാല്‍ ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുത്താല്‍ ദേവസ്വങ്ങള്‍ പ്രതിപട്ടികയില്‍ വരും. ആ സഹചര്യം ഒഴിവാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ പരാതിയില്‍ പുതിയ എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top