തിരുവമ്പാടിക്കെതിരെ കൊച്ചി ദേവസ്വം; ബിജെപിയുമായി ഒത്തുകളിച്ച് പൂരം അലങ്കോലമാക്കി എന്ന് ഗുരുതര ആരോപണം; പോലീസിനും വീഴ്ച
തൃശൂര്‍ പൂരം അലങ്കോലമായതില്‍ പലതലത്തിലുള്ള അന്വേഷണം നടത്തിയ കേരള പോലീസ് കണ്ടെത്താത്ത വിവിരങ്ങളാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നത്. സിപിഎം പ്രതിനിധിയായ കെപി സുധീര്‍ പ്രസിഡന്റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പൂരം അലങ്കോലമായതില്‍ തിരുവമ്പാടിയേയും പോലീസിനേയുമാണ് പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വടക്കുന്നാഥ ക്ഷേത്രത്തിലും ബ്രഹ്‌മസ്വം മഠത്തിലുമായിട്ടാണ് പൂരം നടക്കുന്നത്. പങ്കെടുക്കുന്ന 6 ക്ഷേത്രങ്ങള്‍ ബോര്‍ഡിന്റെ കീഴിലുളളതും, തിരുവമ്പാടി, പാറമേക്കാവ് ഉള്‍പ്പെടെ 4 ക്ഷേത്രങ്ങള്‍ ബോര്‍ഡിന്റെ കണ്‍ട്രോള്‍ ക്ഷേത്രങ്ങളുമാണ്. അതുകൊണ്ട് തന്നെ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഏറെ പ്രസക്തമാണ്. പ്രത്യേകിച്ചും തിരുവമ്പാടി ദേവസ്വം ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്ന് പറയുന്ന പരാമര്‍ശം ഉള്ള സാഹചര്യത്തില്‍.
കൃത്യമായ കൂടിയാലോചനകള്‍ പൂരം നടത്തിപ്പിന്റെ ഭാഗമായി നടന്നിട്ടുണ്ട്. അതിന്റെ ഭാഗമായി നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര നട തള്ളിത്തുറക്കുന്ന ചടങ്ങ് ഭംഗിയായി നടന്നു. എന്നാല്‍ പൂര ദിവസം പോലീസിന്റെ അശാസ്ത്രീയ നിയന്ത്രണങ്ങള്‍ തുടക്കം മുതല്‍ തന്നെ ബുദ്ധിമുട്ടുണ്ടാക്കി എന്നാണ് വിമര്‍ശനം. ആദ്യ ഘടകപൂരമായ കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തിനെ വരെ ഇത് ബാധിച്ചു. പിന്നീട് പോലീസും പൂരം നടത്തിപ്പുകാരും തമ്മില്‍ നിരന്തരം തര്‍ക്കങ്ങളുണ്ടായി. ഇതില്‍ പോലീസിന്റെ ഭാഗത്താണ് വീഴ്ച കൂടുതലും. ആനകളെ പുറത്തേക്ക് ഇറക്കുന്നതിലും ആനക്ക് പട്ട കൊണ്ടു പോകുന്നതിലും തുടങ്ങി കുടമാറ്റത്തിനുള്ള കുട കൊണ്ടുപോകുമ്പോള്‍ വരെ പോലീസ് അനാവശ്യമായി ഇടപെട്ടു. ഇതോടെ കമ്മറ്റിക്കാരും പോലീസും തമ്മില്‍ പലവട്ടം തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
രാത്രി ചെറുപൂരങ്ങളുടെ സമയത്താണ് പോലീസ് നിയന്ത്രണം കടുപ്പിച്ചത്. ഭാരവാഹികളേയും പൂരം കാണാനെത്തിയവരേയും പോലീസ് അനാവശ്യമായി വടം കെട്ടിതടഞ്ഞു. ഇത് പൂരം നടത്തിപ്പിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. തിരുവമ്പാടിയുടെ മഠത്തില്‍വരവിലെ അമിതമായ നിയന്ത്രണങ്ങളോടെ എല്ലാം കൈവിട്ടു പോയി. ഇതോടെ തിരുവമ്പാടി അലങ്കാര പന്തലുകളിലെ ലൈറ്റുകള്‍ അണയ്ക്കുകയും ചെയ്തു. ഇതിനെല്ലാം കാരണം പോലീസ് എന്നാണ് കൊച്ചിന്‍ ദേവ്സം ബോര്‍ഡ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ക്ഷേത്രത്തില്‍ ചെരുപ്പ് ധരിച്ച് കയറരുത് എന്ന് ഹൈക്കോടതി ഉത്തരവ് പോലും പോലീസ് പാലിച്ചില്ല. വടക്കുനാഥ ക്ഷേത്രത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചെരുപ്പ് ധരിച്ച് കയറി എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.
അടുത്തഘട്ടത്തിലാണ് തിരുവമ്പാടി ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള പരാമര്‍ശങ്ങളുണ്ടായത്. മഠത്തില്‍വരവ് സമയത്ത് വെടിക്കെട്ടിനായുള്ള സുരക്ഷാ ബാരിക്കേഡ് സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് 9 ആനകള്‍ക്ക് പകരം ഒരു ആനപ്പുറത്ത് ചടങ്ങുകള്‍ നടത്തി. പന്തലുകളിലെ ലൈറ്റുകള്‍ കൂടി അണച്ചതോടെ പൂരം നിര്‍ത്തിയെന്ന് പ്രചരണമുണ്ടായി. പൂരം നിര്‍ത്തിയെന്ന് തിരുവമ്പാടി തന്നെ സോഷ്യല്‍മീഡിയ വഴി പ്രചാരണവും നടത്തി. പിന്നാലെ ചര്‍ച്ചകളിലൂടെ സമവായം കാണാനുള്ള ശ്രമങ്ങള്‍ക്കും എതിരായാണ് തിരുവമ്പാടി പ്രവര്‍ത്തിച്ചത്. വെടിക്കെട്ട് സമയത്ത് ദേവസ്വം പാസുള്ളവരെ മുഴുവന്‍ കടത്തിവിടണമെന്ന് നിലപാടെടുത്തു. എന്നാല്‍ എത്രപേര്‍ക്ക് പാസ് നല്‍കിയെന്ന് വ്യക്തമാക്കിയതുമില്ല. എന്നാല്‍ പാറമേക്കാവ് 150 പേരുടെ ലിസ്റ്റ് നല്‍കിയപ്പോഴാണ് തിരുവമ്പാടി അനാവശ്യമായ വാശിയില്‍ വെടിക്കെട്ട് വൈകിയത്.
3 മണിക്ക് തന്നെ പാറമേക്കാവ് വെടിക്കെട്ടിന് തയാറായിരുന്നു. എന്നാല്‍ തിരുവമ്പാടി പൂരവുമായി ബന്ധമില്ലാത്തവരെ എത്തിച്ച് ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാനാണ് ശ്രമിച്ചത്. ഇത് ബിജെപിയെ സഹായിക്കാന്‍ വേണ്ടിയായിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാര്‍, ബി ഗോപാലകൃഷ്ണന്‍ എന്നിവരെ കൂടാതെ കണ്ണൂരില്‍ നിന്നുള്ള സംഘപരിവാര്‍ നേതാവ് വല്‍സന്‍ തില്ലങ്കേരി എന്നിവരാണ് ചര്‍ച്ചക്ക് എത്തിയത്. കൂടാതെ തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വാഹന നിയന്ത്രണമുള്ള സ്ഥലത്ത് ആംബുലന്‍സില്‍ നിയമം ലംഘിച്ച് എത്തി തിരഞ്ഞെടുപ്പിന് അനുകൂലമാകുന്ന തരത്തില്‍ ഇടപെടലിന് ശ്രമിച്ചു.
കൂടാതെ ചാനലിലും സോഷ്യല്‍ മീഡിയയിലും പൂരം അലങ്കോലമായതായി പ്രചരിപ്പിക്കുകയും ചെയ്തു. തിരുവമ്പാടി ക്ഷേത്ര ഭാരവാഹികള്‍ ഈ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതെല്ലാം പൂരം അലങ്കോലമാക്കാനുള്ള ഗൂഢാലോചന നടന്നുവെന്ന സംശയം ശരിവയ്ക്കുന്നതാണ്. ഇതുകൊണ്ടാണ് വെടിക്കെട്ട് വൈകിയത്. ഇതെല്ലാം തിരുവമ്പാടിയുടെ അനാശാസ്യമായ സമ്മര്‍ദ്ദതന്ത്രമായി കാണണം എന്ന പ്രയോഗമാണ് കൊച്ചിന്‍ ദേവസ്വം റിപ്പോര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here