പാര്‍ട്ടിപ്പിരിവ് നല്‍കാത്തതിന് പ്രതികാരം; വ്യാജ പരാതി നല്‍കി കട പൂട്ടിച്ചെന്ന് ഉടമ
തൃശൂര്‍: പാര്‍ട്ടിക്ക് പിരിവ് നല്‍കാത്തത് കൊണ്ട് കച്ചവട സ്ഥാപനം പൂട്ടിച്ചെന്ന് ആരോപണം. തൃശൂര്‍ കുറ്റൂരില്‍ കോഴിക്കട നടത്തുന്ന മണികണ്ഠനാണ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. പലവട്ടം പാര്‍ട്ടി പരിപാടികള്‍ക്ക് പിരിവ് ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാത്തതിന്റെ വൈരാഗ്യത്തിലാണ് വ്യാജ പരാതി നല്‍കി കട പൂട്ടിച്ചതെന്ന് മണികണ്ഠന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
പതിനൊന്നു മാസം മുന്‍പാണ് 30000 രൂപ വാടകയ്ക്ക് കടയെടുത്ത് കോഴിക്കച്ചവടം ആരംഭിച്ചത്. ഇതിനിടയില്‍ ഏഴ് പ്രാവശ്യം കടയുടെ മുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമകള്‍ കടയ്ക്കെതിരെ പരാതി നല്‍കി. ‘ലൈസന്‍സിനായി പലതവണ കോലഴി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിട്ടും അനുമതി നല്‍കിയില്ല. നേരത്തെയും കട പരിശോധിച്ച ശേഷം സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ വ്യക്തമായ കാരണം അറിയിച്ചില്ല. പഴകിയ മാംസം കിട്ടിയെന്ന് ആരോഗ്യ വിഭാഗം പറഞ്ഞെങ്കിലും തെളിവ് ഒന്നും കാണിച്ചില്ല. പാര്‍ട്ടിക്ക് പണം നല്‍കാത്തത് കൊണ്ടുണ്ടാക്കിയ വ്യാജ പരാതിയാണ്. എന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല’ – മണികണ്ഠന്‍ പറഞ്ഞു. നിവര്‍ത്തിയില്ലാതെ മണികണ്ഠനും ഭാര്യയും കഴിഞ്ഞ ദിവസം ആരോഗ്യ കേന്ദ്രത്തിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി.
പഞ്ചായത്തിലെ ഭൂരിഭാഗം കോഴിക്കടകള്‍ക്കും ലൈസന്‍സ് ഇല്ല. എന്നാലും തന്റെ കടയ്ക്ക് മാത്രമാണ് അടച്ചുപൂട്ടാന്‍ ഉത്തരവ് നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച കടപൂട്ടാന്‍ നിര്‍ദേശം കിട്ടി. പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ആരും എത്തിയില്ലെന്നും മണികണ്ഠന്‍ പറയുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഡി വികാസ് രാജാണ് നടപടിക്ക് പിന്നില്ലെന്നാണ് മണികണ്ഠന്റെ ആരോപണം. മുന്‍പ് കട പൂട്ടിയപ്പോള്‍ പഞ്ചായത്തില്‍ പിഴ അടച്ചിരുന്നു. വീണ്ടും തുറന്നപ്പോള്‍ പുതിയ കാരണങ്ങള്‍ പറഞ്ഞ് പൂട്ടിച്ചെന്നാണ് പരാതി. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി പിരിവ് ചോദിച്ചിട്ടില്ലെന്നും പ്രദേശത്തുള്ളവരുടെ നിരന്തരമായ പരാതിയെ തുടര്‍ന്നാണ് കടയില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയതെന്നും കോലഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഡി വികാസ് രാജു മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here