പുരം കലക്കിയതിൽ നിയമോപദേശം തേടി; തുടര്‍നടപടികള്‍ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ നിയമോപദേശം തേടി സർക്കാർ. കേസെടുക്കുന്നത് അടക്കമുള്ള കാര്യങ്ങളിലാണ് അഡ്വക്കേറ്റ് ജനറലിൻ്റെ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. ഇന്നലെ ഡിജിപി മുഖ്യമന്ത്രിക്ക് സമർപ്പിച്ച എഡിജിപി എംആർ അജിത് കുമാറിൻ്റെ അനേഷണ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമാണ് നീക്കം. പൂരം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നെന്നും അതിൽ തുടർ അന്വേഷണം വേണമെന്നുമാണ് എഡിജിപിയുടെ റിപ്പോർട്ട്. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിലും വിഷയം ചർച്ചയാകും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും ഇന്ന് ചേരുന്നുണ്ട്.
ഒരാഴ്ചയ്ക്കകം സമർപ്പിക്കണമെന്ന് നിർദ്ദേശിച്ച അന്വേഷണ റിപ്പോർട്ട് അഞ്ചുമാസം വൈകിയാണ് കൈമാറിയത്. വൈകിപ്പിച്ചതിലെ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടാണ് പോലീസ് മേധാവി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. ഇത് വിശദീകരിക്കുന്ന കത്തും അദ്ദേഹം കൈമാറിയിട്ടുണ്ട്. പൂരം ആസൂത്രണം ചെയ്ത് കലക്കിയതാണ് എന്നാരോപിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളെ തുടർന്നായിരുന്നു അന്വേഷണം. പൂരം അലങ്കോലമാക്കിയത് എംആർ അജിത് കുമാറിൻ്റെ അറിവോടെ പോലീസാണ് എന്ന ഭരണകക്ഷി എംഎൽഎ പിവി അൻവറിൻ്റെ ആരോപണം വൻ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. പ്രതിപക്ഷവും വിഷയം സർക്കാരിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്.
ഭരണമുന്നണിലെ ഘടകകക്ഷിയായ സിപിഐ അടക്കം റിപ്പോർട്ട് പുറത്തു വിടണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. പൂരം കലക്കിയതിൽ പോലീസിനും പങ്കുണ്ടെന്നാണ് അവരുടെ ആരോപണം. ‘ആശയക്കുഴപ്പങ്ങൾക്ക് വഴിവച്ച അന്വേഷണ റിപ്പോർട്ട്’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെ കഴിഞ്ഞ ദിവസം സിപിഐ മുഖപത്രമായ ജനയുഗം രൂക്ഷമായ ഭാഷയിലാണ് എഡിജിപിയെ വിമർശിച്ചത്. റിപ്പോർട്ട് അനിശ്ചിതമായി വൈകിയതിലും, തൃശൂരിലുണ്ടായിട്ടും എഡിജിപി വിഷയത്തിൽ ഇടപെടാതിരുന്നതിലും ദുരൂഹതയുണ്ടെന്നുമാണ് ആരോപണം. റിപ്പോർട്ട് പുറത്തുവരുന്നതോടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകും. അതിനുശേഷം സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള തുടർനടപടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയും ജനയുഗം പങ്കുവച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here